ന്യൂദല്‍ഹി : അപ്പര്‍ ഡിവിഷന് ക്ലര്‍ക്കിന് സീനിയോറിട്ടി നല്‍കിയതിനെ ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. നിസ്സാര ഹര്‍ജികളുമായി വരാതെ പോയി സ്കൂളും റോഡും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നല്‍കാനായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം. ഡി.വൈ.ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
താമരശേരി ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ട് എന്‍.എസ്. സുബീറിനു സീനിയോറിറ്റി അനുവദിച്ചതിനെതിരെയാണ് ഹര്‍ജി നല്‍കിയത്. എല്‍ഡി ക്ലാര്‍ക്കായി കയറിയ സുബീറിന്റെ സീനിയോറിറ്റി ശരിവച്ചു കൊണ്ടായിരുന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി. ഹൈക്കോടതിയും ഇതു ശരിവച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ ഒരു അപ്പര്‍ ഡിവിഷന് ക്ലാര്‍ക്കിന് സീനിയോറിറ്റി കിട്ടി. അതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വന്നിരിക്കുന്നു. കുറച്ച് നല്ല കാര്യങ്ങള്‍ എന്തെങ്കിലും ചെയ്തുകൂടേ? എന്ന് പരിണിക്കവേ കോടതി ചോദിച്ചു. സ്ഥാനക്കയറ്റ സമയത്തു ഉദ്യോഗസ്ഥന് വേതനമില്ലാത്ത അവധിയിലായിരുന്നെന്നും സീനിയോറിറ്റി തിരികെ ജോലിയില്‍ പ്രവേശിച്ച സമയം മുതല്‍ ആക്കുകയാണ് ചെയ്തതെന്നും സര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ഹര്‍ഷദ് അമീദ് വാദിച്ചു. അദ്ദേഹം ജോലിക്ക് ഹാജരാകാതിരുന്നതല്ലെന്നും അവധിയിലായിരുന്നെന്നും ജസ്റ്റിസ് സൂര്യകാന്ത് ഓര്‍മിപ്പിച്ചു.
ഇത്തരത്തില്‍ നിസാര കാര്യങ്ങളില്‍ കോടതിയെ സമീപിക്കാതെ സംസ്ഥാനത്ത് ആവശ്യസേവനങ്ങളായ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും റോഡ് നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. തങ്ങള്‍ നിയമക്കോടതി മാത്രമല്ല നീതിന്യായക്കോടതി കൂടിയാണെന്നു പറഞ്ഞ രണ്ടംഗ ബെഞ്ച് ഹര്‍ജി ഉടന്‍ തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: