ഭരണത്തില്‍ ആറുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ സംസ്ഥാനത്തെ കരകയറാനാവാത്ത സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. കടമെടുക്കാതെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളമോ പെന്‍ഷനോ നല്കാനാവാത്ത സ്ഥിതി സംജാതമായിരിക്കുന്നു. ഇരുപത്തിയഞ്ച് ലക്ഷത്തില്‍ കൂടുതലുള്ള ബില്ലുകള്‍ മാറിനല്‍കേണ്ടതില്ലെന്ന് കഴിഞ്ഞ മാസംതന്നെ ട്രഷറികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിട്ടും ശമ്പളം നല്‍കാനുള്ള തുക അനുവദിക്കാതിരുന്നത് സര്‍ക്കാര്‍ ഖജനാവ് കാലിയാണെന്ന നഗ്നസത്യം വെളിപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്ത് രൂക്ഷമായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയാണ്. സാമ്പത്തികശാസ്ത്രജ്ഞനെന്ന മേനിനടിച്ച് പൊള്ളയായ അവകാശവാദങ്ങളുന്നയിച്ചും സിഎജിയോട് യുദ്ധം ചെയ്തും കേന്ദ്രസര്‍ക്കാരിനെ പഴിപറഞ്ഞും കാലം കഴിക്കുകയാണ് ഒന്നാം പിണറായി സര്‍ക്കാരിലെ ധനമന്ത്രി തോമസ് ഐസക് ചെയ്തത്. നികുതിവരുമാനം വര്‍ധിപ്പിച്ചും ചെലവു ചുരുക്കിയും സാമ്പത്തികസ്ഥിതി നേരെയാക്കാനുള്ള ആത്മാര്‍ത്ഥമായ യാതൊരു ശ്രമവും ഐസക്കിന്റെ ഭാഗത്തുനിന്നുണ്ടായില്ല. കേന്ദ്രം നല്കുന്ന വിഹിതത്തിനു പുറമെ കിഫ്ബിയുടെ മഹത്വം വാഴ്ത്തിയും കിട്ടാവുന്നിടത്തുനിന്നെല്ലാം കടമെടുത്തും കാര്യങ്ങള്‍ തട്ടിയുരുട്ടി കൊണ്ടുപോകുന്നതില്‍ മാത്രമായിരുന്നു ഐസക്കിന് താല്പര്യം. സംസ്ഥാനത്തിന്റെ സാമ്പത്തികനില നേരെയാകേണ്ട, അങ്ങനെ സംഭവിച്ചാല്‍ താന്‍ അനിവാര്യനല്ലാതാവും, പകരക്കാരന് വരും എന്നൊരു ചിന്ത പോലും ഐസക്കിനുണ്ടായിരുന്നതായി കരുതേണ്ടിയിരിക്കുന്നു.
തോമസ് ഐസക്കിന്റെ പിന്‍ഗാമിയായി രണ്ടാം പിണറായിസര്‍ക്കാരില്‍ ധനമന്ത്രിയായ കെ.എന്‍. ബാലഗോപാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ്ബുക്കില്‍ നിലനില്ക്കാന് മാത്രമാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി കണ്ണുരുട്ടിയാല്‍ ധനമന്ത്രിക്ക് കണക്കുകള്‍ തെറ്റും. കേന്ദ്രം ഇന്ധനനികുതി കുറച്ചതനുസരിച്ച് സംസ്ഥാനവും നികുതി കുറയ്ക്കുമെന്നു പറഞ്ഞ ധനമന്ത്രി മണിക്കൂറുകള്‍ക്കകം മലക്കം മറിഞ്ഞത് ജനങ്ങള്‍ കണ്ടതാണല്ലോ. പ്രതിപക്ഷം ഭരിക്കുന്നതുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ഇന്ധനനികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്കിയപ്പോള് അങ്ങനെ ചെയ്യാതിരുന്നത് കേരള ധനമന്ത്രി മാത്രമാണ്. സാമ്പത്തിക കാര്യത്തില്‍ വലിയ പിടിപാടൊന്നുമില്ലാതെ കിഫ്ബിയുടെ പേരില്‍ ആണയിട്ട് ഐസക്കിനെ ദുര്‍ബലമായി അനുകരിക്കുക മാത്രമാണ് ബാലഗോപാല്‍ ചെയ്യുന്നത്. രാഷ്ട്രീയമായ വാചകക്കസര്‍ത്തുകള്‍ നടത്തിയും കേന്ദ്രത്തെ കുറ്റം പറഞ്ഞും പരിഹരിക്കാവുന്നതല്ല സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍. അതിന് ഭാവനാപൂര്‍ണമായ കാഴ്ചപ്പാടുകള്‍ വേണം. വരുമാനം വര്‍ധിപ്പിക്കാനും ചെലവു ചുരുക്കാനുമുള്ള വഴികള്‍ കണ്ടുപിടിക്കണം. സാധാരണ ജനങ്ങളെ പിഴിയാതെ സമ്പന്നവിഭാഗങ്ങളില്‍നിന്ന് നികുതി പിരിക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കണം. ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കുകപോലും ചെയ്യാതെ മദ്യവില്‍പ്പനയില്‍നിന്നും ലോട്ടറികളില്‍നിന്നും കിട്ടുന്ന നികുതി വരുമാനത്തില്‍ മാത്രമാണ് സര്‍ക്കാരിന്റെ കണ്ണ്. വാഹനനികുതിയിനത്തില്‍ ലഭിക്കുന്നത് കടമെടുത്തതിന്റെ പലിശയടയ്ക്കാനാണ് ഉപയോഗിക്കുന്നതത്രെ. വര്‍ഷങ്ങളായി തുടരുന്ന ഈ രീതിയാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്.
ഓരോ ദിവസം ചെല്ലുന്തോറും കടം കേറി മുടിയുകയാണ് കേരളം. ആളോഹരി കടം ആരെയും അമ്പരപ്പിക്കുന്നതാണ്. എന്നിട്ടും കടമെടുത്തുതന്നെ മുന്നോട്ടുപോകുകയെന്നതാണ് പിണറായി സര്‍ക്കാരിന്റെ സാമ്പത്തിക നയം. ഇതിനുവേണ്ടി നടത്തുന്ന കള്ളക്കളികള്‍ക്ക് കണക്കില്ല. കടമെടുപ്പിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. അതിന് പരിധിയുമുണ്ട്. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കടമെടുത്തതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട വിശദീകരണം നല്‍കിയിട്ടുമില്ല. ക്രമക്കേടുകള്‍ വെളിപ്പെടുമെന്നതിനാലാണിത്. കിഫ്ബി വഴിയും പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴിയും എടുക്കുന്ന കടങ്ങള്‍ സര്‍ക്കാരിന്റെ കടമായി കാണണമെന്നത് അംഗീകരിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഇത് അംഗീകരിച്ചാല്‍ കടമെടുക്കാനുള്ള പരിധി കുറയും. അതേസമയം എടുക്കുന്ന കടം സര്‍ക്കാര്‍തന്നെ തിരിച്ചടയ്ക്കണമെന്ന കാര്യം സൗകര്യപൂര്‍വ്വം വിസ്മരിക്കുകയും ചെയ്യുന്നു. ബജറ്റിന് പുറത്ത് കിഫ്ബി വഴി എടുക്കുന്ന കടത്തിന്റെയും സ്ഥിതി ഇതാണ്. ഭരിക്കാന്‍ വേണ്ടി മാത്രം അധികാരത്തില്‍ തുടരുകയാണ് പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ സാമ്പത്തികനില ഭദ്രമാക്കണമെന്ന യാതൊരു താല്പര്യവുമില്ല. വികസനത്തിന്റെ വായ്ത്താരി മുഴക്കി അഴിമതിക്ക് വഴി തേടുകയാണ് ചെയ്യുന്നത്. ഇതിന്റെ ‘മഹാമാതൃക’യാണ് സില്‍വര്‍ലൈന്‍ പദ്ധതി. സ്വയം വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ കേന്ദ്രത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കലായിരിക്കും അടുത്ത് നടക്കാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: