കൊളംബോ : ശ്രീലങ്കന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച മഹിന്ദ രജപക്സെ രാജ്യം വിട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മകനും മുന്‍മന്ത്രിയുമായ നമല്‍ രജപക്സെ. ജനരോഷം ശക്തമായതിന് പിന്നാലെ മഹിന്ദയും കുടുംബവും ഇന്ത്യയിലേക്ക് കടന്നെന്ന അഭ്യൂഹം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി നമല്‍ രംഗത്ത് എത്തിയത്.
സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ജനങ്ങളില്‍ നിന്നുള്ള രോക്ഷം ശക്തമായതോടെയാണ് പ്രധാനമന്ത്രി മഹീന്ദ രാജപക്സെ രാജിവെച്ചൊഴിഞ്ഞശേഷം ഇന്ത്യയിലേക്ക് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ലങ്ക വിട്ടുപോകുമെന്ന് ധാരാളം കിംവദന്തികള്‍ ഉണ്ട്. ഞങ്ങള്‍ രാജ്യം വിടില്ല. പ്രധാനമന്ത്രി സ്ഥാനം രാജിവച്ചെങ്കിലും മഹിന്ദ ഇപ്പോഴും ദേശീയ നിയമനിര്‍മ്മാണ സഭയില്‍ അംഗമാണ്. അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ സ്വന്തം പങ്കുവഹിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നും നമല്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടാണ് നമലിന്റെ ഈ വെളിപ്പെടുത്തല്‍.
തന്റെ പിതാവിപ്പോള്‍ സുരക്ഷിതനാണ്. അദ്ദേഹം കുടുംബവുമായി കൃത്യമായി ആശയ വിനിമയം നടത്തുന്നുണ്ടെന്നും നമല്‍ പറഞ്ഞു. കഴിഞ്ഞ മാസം വരെ ശ്രീലങ്കയുടെ യുവജന- കായിക മന്ത്രിയായിരുന്നു നമല്‍. അതേസമയം മഹീന്ദ രാജപക്സെ ഉള്‍പ്പടെയുള്ള ശ്രീലങ്കന്‍ നേതാക്കള്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തെന്ന റിപ്പോര്‍ട്ടുകളെ ഇന്ത്യന്‍ ഹൈക്കമ്മിഷന് നിഷേധിച്ചിട്ടുണ്ട്.
പ്രതിസന്ധികളെ തുടര്‍ന്ന് ശ്രീലങ്കയിലെ ചില രാഷ്ട്രീയ നേതാക്കളും അവരുടെ കുടുംബവും ഇന്ത്യയിലേക്ക് പലായനം ചെയ്തതായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് വസ്തുതാ വിരുദ്ധമാണ്. ഇത്തരം വാര്‍ത്തകളെ ശക്തമായി നിഷേധിക്കുന്നുവെന്നും ഇന്ത്യന്‍ ഹൈക്കമ്മിഷന് ട്വിറ്ററിലൂടെ അറിയിച്ചു.
രാജ്യത്ത് പ്രതിഷേധം ശക്തമായവുകയും പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ കുടുംബാംഗങ്ങളുടെയും വീടുകള്‍ കത്തിക്കുന്നതുള്‍പ്പടെയുള്ള ആക്രമങ്ങള്‍ വര്‍ധിച്ചതോടെ വ്യാഴാഴ്ച വരെ കര്‍ഫ്യൂ നീട്ടിയിരിക്കുകയാണ്. പ്രതിഷേധക്കാരെ അമര്‍ച്ച ചെയ്യാന്‍ കൊളംബോ നഗരത്തില്‍ സൈന്യത്തെ വിന്യസിച്ചു. അക്രമസംഭവങ്ങളില്‍ 8 പേര് മരിച്ചതോടെ പട്ടാളത്തിനും പൊലീസിനും പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അടിയന്തരാവസ്ഥകാല അധികാരം നല്കി.
പൊതുമുതല്‍ നശിപ്പിക്കുന്നവരെയും വ്യക്തികളെ ആക്രമിക്കുന്നവരെയും വെടിവയ്ക്കാന്‍ പ്രതിരോധമന്ത്രാലയം സേനകള്‍ക്ക് ഉത്തരവു നല്കി. വ്യക്തികളെ ആക്രമിക്കുന്നവരെയും പൊതുമുതല്‍ നശിപ്പിക്കുന്നവരെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം.അക്രമികളെ പിടികൂടി പൊലീസിനു കൈമാറും മുന്‍പ് 24 മണിക്കൂര്‍ പട്ടാളത്തിനു കൈവശം വയ്ക്കാം, ചോദ്യം ചെയ്യാം. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കാനും സേനയ്ക്ക് അധികാരം നല്‍കിയിരിക്കുകയാണ്.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: