തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജില്‍ എല്‍എല്‍ബി പരീക്ഷ എഴുതുന്നതിനിടെ കോപ്പയടിച്ചതിന് പോലീസ് സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെ 4 പേരെ സർവകലാശാലാ സ്ക്വാഡ് പിടികൂടി. പോലീസ് ട്രെയിനിങ് കോളജ് സീനിയര്‍ ലോ ഇന്‍സ്‌പെക്ടര്‍ ആദര്‍ശ് ആണ് പിടിയിലായ പോലീസ് ഉദ്യോഗസ്ഥന്‍. മറ്റ് മൂന്നു പേരുടെ വിവരങ്ങൾ സർവകലാശാലയോ കോളേജ് അധികൃതരോ പുറത്തുവിട്ടിട്ടില്ല.
ലോ കോളേജില്‍ ഈവനിംഗ് കോഴ്‌സ് വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്. പബ്ലിക് ഇന്റർനാഷനൽ എന്ന പേപ്പറിന്റെ പരീക്ഷയ്‌ക്കിയിടെയായിരുന്നു സ്ക്വാഡിന്റെ അപ്രതീക്ഷിത സന്ദർശനം. പരീക്ഷ ആരംഭിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ നാല് പേരെയും പിടികൂടി. കോപ്പിയടി ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ തടയുന്നതിനായി കോളേജ് അധികൃതര്‍ നിയോഗിച്ച ഇന്‍വിജിലേറ്റര്‍മാര്‍ നില്‍ക്കെയാണ് കോപ്പിയടി നടന്നത്. ഹാൾ ടിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ കസ്റ്റഡിയിലെടുത്ത പരിശോധക സംഘം പരീക്ഷാർഥികളിൽ നിന്നു സത്യവാങ്മൂലവും എഴുതിവാങ്ങി.
പിടിയിലായ നാല് പേര്‍ക്കും എതിരെ സര്‍വ്വകലാശാലയുടെ നടപടി ഉണ്ടാകും. ആദര്‍ശിനെതിരെ ഇതിന് പുറമെ വകുപ്പ് തല നടപടിയും ഉണ്ടാകും. ആദര്‍ശ് കോപ്പിയടിക്കുന്നതിനായി ഉപയോഗിച്ച ബുക്ക് തൊണ്ടിയായി പിടിച്ചെടുത്തിട്ടുണ്ട്. പഠനാവശ്യത്തിനെന്ന പേരില്‍ രണ്ട് മാസമായി ഇയാള്‍ അവധിയിലായിരുന്നുവെന്ന് ട്രെയിനിങ് കോളേജ് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: