ഗുവാഹതി: ‘വീരാംഗന’കളുടെ ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആസാം പോലീസിന് രാഷ്ട്രപതിയുടെ ബഹുമതി കൈമാറിയ പരിപാടികളുടെ ഭാഗമായാണ് ആസാമിലെ വനിതാ കമാന്‍ഡോ ഗ്രൂപ്പായ ‘വീരാംഗന’ യുടെ ഗാര്‍ഡ് ഓഫ് ഹോണര്‍ അമിത്ഷാ സ്വീകരിച്ചത്. ആസാം മുഖ്യമന്ത്രി ഡോ. ഹിമന്തബിശ്വ ശര്‍മ്മ, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, ബിഎസ്എഫ്, ഐടിബിപി, സൈനികോദ്യോഗസ്ഥര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രസിഡന്റിന്റെ പ്രത്യേക ബഹുമതിക്ക് അര്‍ഹമാകുന്ന രണ്ടാമത്തെ പോലീസ് സേനയാണ് ആസാമിന്റേത്. ത്രിപുര പോലീസിനാണ് നേരത്തെ ഈ ബഹുമതി ലഭിച്ചത്. തീവ്രവാദത്തെ വലിച്ചെറിഞ്ഞ് രാഷ്ട്രത്തിന്റെ ശക്തിയായി മാറിയ ആസാം യുവതയ്ക്ക് വികസനത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിക്കാന്‍ കേന്ദസര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആസാമിലെ ചെറുപ്പക്കാരില്‍ വിശ്വാസമുണ്ട്. അഫ്സ്പ നിയമം ഭാഗികമായി മാറ്റിയത് അതിന്റെ ഭാഗമാണ്. അത് പൂര്‍ണമായും ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 1990ല്‍ അഫ്സ്പ നടപ്പാക്കിയതിന് ശേഷം ഏഴ് തവണ അത് നീട്ടി. മോദി സര്‍ക്കാര്‍ വന്നതിന് ശേഷമാണ് നിയമത്തില്‍ ഇളവുകളുണ്ടായതും ആസാമില്‍ തീവ്രവാദം കുറഞ്ഞതും.
കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ 23 ജില്ലകളില്‍ നിന്ന് അഫ്സ്പ പിന്‍വലിച്ചു. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ കുറ്റകൃത്യവിമുക്തമായ സംസ്ഥാനമായി ആസാമിനെ മാറ്റുക എന്ന ദൗത്യം പോലീസ് സേന ഏറ്റെടുക്കണമെന്ന് അമിത് ഷാ പറഞ്ഞു. സമാധാനനിലയിലേക്ക് സംസ്ഥാനം മടങ്ങി വരുകയാണ്. ഏതാണ്ടെല്ലാ തീവ്രവാദ സംഘടനകളും മുഖ്യധാരയിലേക്ക് എത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ അഫ്സ്പ നിയമം പൂര്‍ണമായി പിന്‍വലിക്കുന്നതിനെക്കുറിച്ച് അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലഹരിക്കും കാലിക്കടത്തിനും അനധികൃതകുടിയേറ്റത്തിനുമെതിരായ ആസാം പോലീസിന്റെ തുടര്‍ച്ചയായ പോരാട്ടത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു. ഇതിനകം 4800 മയക്കുമരുന്നുവാഹകരെയും 992 കാലിക്കടത്തുസംഘത്തെയും അറസ്റ്റ് ചെയ്യാനായത് മികച്ച നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: