ന്യൂദല്‍ഹി : ബിജെപി യുവജന സംഘടനയായ യുവമോര്‍ച്ചയുടെ പരിപാടിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രാഹുല്‍ ദ്രാവിഡും പങ്കുകൊള്ളും. ഹിമാചല്‍ ധര്‍മ്മശാലയില്‍ നടക്കുന്ന യുവമോര്‍ച്ച ദേശീയ പ്രവര്‍ത്തക സമിതി യോഗത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയിലാണ് രാഹുല്‍ ദ്രാവിഡ് പങ്കെടുക്കുന്നത്. ബിജെപി ധരംശാല എംഎല്‍എ വിശാല്‍ നെഹ്റിയയാണ് ഇക്കാര്യം അറിയിച്ചത്.
മെയ് 12 മുതല്‍ 15 വരെയാണ് ദേശീയ പ്രവര്‍ത്തക സമിതി നടക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെല്ലാം പ്രവര്‍ത്തക സമിതിയില്‍ പങ്കെടുക്കും. വ്യത്യസ്ത മേഖലകളില്‍ വിജയിക്കാനാവണം എന്ന സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ് രാഹുല്‍ ദ്രാവിഡിനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത്. ദ്രാവിഡിന്റെ വിജയങ്ങള്‍ യുവാക്കള്‍ക്കു മികച്ച സന്ദേശം തന്നെ നല്‍കും. രാഷ്ട്രീയത്തില്‍ മാത്രമല്ല, യുവാക്കള്‍ക്ക് മറ്റു മേഖലകളില്‍ മുന്നേറാന്‍ ദ്രാവിഡിന്റെ സാന്നിധ്യം യുവാക്കള്‍ക്ക് പ്രചോദനമാകുമെന്നും വിശാല്‍ നെഹ്രിയ പറഞ്ഞു.
മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട 139 പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ഈ വര്‍ഷം അവസാനത്തോടെ ഹിമാചലില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് യുവമോര്‍ച്ച ദേശീയ പ്രവര്‍ത്തക സമിതി സംഘടിപ്പിടിച്ചിരിക്കുന്നത്. 2017ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 44 സീറ്റുകളിലാണ് വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: