മുണ്ടമറ്റം രാധാകൃഷ്ണന്
മരണത്തെ മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞാല്‍ മനുഷ്യന് എന്തൊക്കെ ചെയ്യുമെന്നു പ്രവചിക്കാനാവില്ല. വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമുണ്ടാവില്ല. തനി ഉന്മാദാവസ്ഥ. അങ്ങനെയുള്ള ഗതികേടിലാണ് അധ്വാനിക്കുന്നവന്റേയും ഭാരം ചുമക്കുന്നവന്റെയും വിയര്പ്പുകുടിച്ചു വീര്‍ത്ത പാര്‍ട്ടി. മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന് കുറച്ചു ദിവസം മുന്‍പ്, ശിവഗിരി മഠത്തിലെ സംന്യാസിമാരേയും പാണര്‍ വിഭാഗത്തെയും പുച്ഛിച്ചുകൊണ്ട് കുറേപ്പറഞ്ഞു. അങ്ങനെയൊക്കെതന്നെ കോടിയേരി ബാലകൃഷ്ണനും പുലമ്പി.
ഹിരണ്യകശിപു എന്നൊരു അസുര ചക്രവര്ത്തിയുണ്ടായിരുന്നു. തന്നെക്കാള്‍ വലിയവനായി ആരുമില്ലായെന്ന അഹങ്കാരത്തിനുടമ. ഹിരണ്യായ നമഃ എന്നല്ലാതെ മറ്റൊന്നും ഉരിയാടാന്‍ പാടില്ല എന്നായിരുന്നു ചക്രവര്‍ത്തിയുടെ ഉത്തരവ്. സ്വന്തം മകന് പ്രഹ്ലാദന് ഇതനുസരിച്ചില്ല. അവനെപ്പോഴും നാരായണ നമഃ എന്നു ജപിച്ചു. പിതാവിന്റെ സമനില തെറ്റി. (ഇന്നു നരേന്ദ്ര മോദി എന്നു കേള്‍ക്കുമ്പോള്‍ കമ്മ്യൂണിസ്റ്റു പാര്ട്ടിക്കാര്ക്കുണ്ടാകുന്ന അതേ അവസ്ഥ). ഹിരണ്യകശിപു അലറി ചോദിച്ചു, ”എവിടെയാ നിന്റെ നാരായണന്?” ഒടുവില്‍ നാരായണന് വന്നു. ചക്രവര്‍ത്തിയുടെ കഥയും കഴിച്ചു. ഈ കഥ സകലരാജ്യദ്രോഹികളെയും ഭയപ്പെടുത്തുന്നു.
അഴിമതി, കൊള്ള, കൊല, മാന്യമല്ലാത്ത സംസാരം, സ്ത്രീപീഡനം എന്നീ കൊള്ളരുതായ്മകള്‍ ഇല്ലാത്ത ഒരു പാര്‍ട്ടി കേരളാവില് മട്ടുംതാനിരിക്കും. സംസാരത്തില്‍നിന്ന് ഒരു വ്യക്തിയുടെ സ്വഭാവം, കുലമഹിമ എല്ലാം മനസ്സിലാക്കാമെന്നൊരു നേതാവു പറഞ്ഞു. അത് മറ്റൊരു നേതാവിന്റെ നെഞ്ചില്‍ തറച്ചു. ആ വ്യക്തി പ്രതികരിച്ചു, ‘വണ്‍, ടൂ, ത്രീ എന്ന് പറയാന്‍ പേടിയില്ലെന്ന് പറഞ്ഞ നേതാവ്.
അര്‍ഹതയില്ലാത്തത് ഒന്നും ആഗ്രഹിക്കരുത്, സ്വീകരിക്കരുത് എന്നതാണവരുടെ ആപ്തവാക്യം. എങ്കിലും സമ്പത്തുകാലത്തു തൈ പത്തു വച്ചാല്‍, ആപത്തുകാലത്തു കാ പത്തു തിന്നാം എന്നൊരു ചൊല്ലുണ്ടല്ലൊ. അതനുസരിച്ച് ഭരണം കിട്ടിയാല്‍ കയ്യിട്ടുവാരും. തെരഞ്ഞെടുപ്പില്‍ മാറ്റിക്കുത്ത്, കള്ളക്കുത്ത് ഒക്കെ നടത്തണമെങ്കില്‍ പണം വേണം. അതിനിതേ വഴിയുള്ളൂ.
അധികാരം നിലനിര്‍ത്താന്‍ എന്തും ചെയ്യും. ഒരിക്കല്‍ പഴയകാലിച്ചാക്കു മൊത്തത്തില്‍ ലേലം പിടിച്ചു. അതില്‍ അവിഞ്ഞ കുറേ സാധനങ്ങള്‍ കുത്തിനിറച്ചു. അതിന് ‘കിറ്റ്’ എന്നു പേരിട്ടു. ആ കിറ്റില്‍ മുഴുവന്‍ ചീഞ്ഞ സാധനങ്ങളാണെന്ന് ആരോ പറഞ്ഞു പരത്തി. ഒരു മഹാ സമ്മേളനത്തില്‍ മന്ത്രി ഇതിനെതിരെ തുറന്നടിച്ചു.
ഒരു സഖാവിന്റെ പേരില്‍ സഹപാര്ട്ടിക്കാരിയായ Â സഖി ആരോപണമുന്നയിച്ചു. വിഷയം പീഡനം തന്നെ. Â പാര്‍ട്ടി അന്വേഷിച്ചു. മൃദുപീഡനമായിരുന്നതിനാല് നടപടി വേണ്ടെന്നു വച്ചു. കേസ് കോടതിയിലെത്തി. കേസന്വേഷണം നടത്താന്‍ കോടതി മൃദുവായി ഉത്തരവിട്ടു. ഒരു നേതാവു പറഞ്ഞു ശുംഭന്മാര് ജഡ്ജിയായാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്. ആളും തരവും നോക്കാതെ എടോ, നികൃഷ്ട ജീവി, Â എന്നെല്ലാം ഈ നേതാവ് വിളിക്കും. വിദ്യാഭ്യാസ മന്ത്രിയുടെ ശൈലിയില്‍ അതെല്ലാം നാക്കുപിഴ മാത്രം.
ശിവഗിരി മഠത്തിലെ ഏതാനും സംന്യാസിമാര്‍ ദല്‍ഹിയില്‍ പോയി നരേന്ദ്ര മോദിയെ കണ്ടു. തിരിച്ചുവന്ന സ്വാമിമാര്‍ പറഞ്ഞു, ”പ്രധാനമന്ത്രി ഗുരുസ്വാമിയോടു ഭക്തിയും ശിവഗിരി മഠത്തോട് ആദരവുമുള്ള വ്യക്തിയാണ്. ശ്രീനാരായണ പ്രസ്ഥാനത്തിനുവേണ്ടി എന്തു സഹായം ചെയ്യാനും
സദാ സന്നദ്ധനാണ്” കടകംപള്ളി സുരേന്ദ്രന് ദുഃസ്വപ്നം കണ്ടപോലെ ഞെട്ടിയുണര്‍ന്നു. വര്‍ഗീയത വളര്‍ത്താനും മതന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനും നടക്കുന്നവരുടെ പാണന്മാരായി സംന്യാസിമാര്‍ അധപ്പതിച്ചതില്‍ അദ്ദേഹം വികാരതരളിതനായി. പാണര്‍ വിഭാഗത്തെയും സ്വാമിമാരെയും അയാള്‍ ആക്ഷേപിച്ചു. സ്വാമിയുടെ അഭിപ്രായം കേട്ടപ്പോള്‍ കരയണോ ചിരിക്കണോ എന്നറിയാതെ കുഴങ്ങിയെന്നും പറഞ്ഞു.
പാണന് പാടി സ്തുതിക്കുന്നത് ദൈവത്തെയാണ്. ഓണക്കാലത്ത് വീടുകള്‍ തോറും കയറി അതിന്റെ ഐതിഹ്യം പാടും. അവര്‍ ആരുടേയും ഒന്നും മോഷ്ടിക്കുന്നവരല്ല. സുരേന്ദ്രന്റെ സഖാക്കളെപ്പോലെ രാഷ്ട്രദ്രോഹികളെയും ഭീകരവാദികളെയും സ്തുതിക്കാറുമില്ല.
ഗുരുദേവനെ കുരിശില്‍ തറച്ചതും കയര്‍ കെട്ടി വലിച്ചതും നിങ്ങളാണ്. ശിവഗിരിയെ ശവഗിരിയെന്നു വിശേഷിപ്പിച്ചത് നിങ്ങളാണ്. നിങ്ങളുടെ നേതാവായിരുന്ന നമ്പൂതിരിപ്പാട് ഗുരു എന്ന് ഒരിക്കല്‍പ്പോലും പറഞ്ഞിട്ടില്ല. ശബരിമലയില്‍ പോയ സഖാവിനെതിരെ നടപടിയെടുത്തു. പാര്‍ട്ടി സമ്മേളനം നടന്നുകൊണ്ടിരുന്നപ്പോള്‍ മുസ്ലിം സഖാക്കള്‍ക്കു നിസ്കരിക്കാന്‍ പാര്‍ട്ടി പതാക വിരിച്ചുകൊടുത്ത ഭൃത്യന്മാരാണു നിങ്ങള്‍. കടകംപള്ളി ആക്ഷേപിച്ച പാണന്മാര് ഇത്തരം അന്തസ്സില്ലായ്മ കാണിക്കുന്നവരല്ല.
ആര്എസ്എസ്സുകാരെപ്പറ്റി കുറ്റമല്ലാതെ മറ്റൊന്നും പറയാനില്ലാത്ത നിങ്ങള്‍ കാവി പതാകയോടവര്ക്കുള്ള ആരാധന കണ്ടു പഠിക്കണം. സ്വര്‍ഗ്ഗം കൊടുക്കാമെന്നു പറഞ്ഞാലും അതിലിരിക്കാന്‍ അവര്‍ ആരേയും അനുവദിക്കില്ല. ചെങ്കൊടിക്കു നിങ്ങള്‍ കൊടുക്കുന്ന വില ആ ദാസ്യപ്പണിയിലൂടെ ജനം മനസ്സിലാക്കി.
ശിവഗിരിക്കും ശ്രീനാരായണീയര്‍ക്കും വേണ്ടി ഇടതുസര്‍ക്കാര്‍ കൊടുത്ത വാഗ്ദാനങ്ങളുടെ നീണ്ട നിര തന്നെ അദ്ദേഹം അവതരിപ്പിച്ചു. അതിലേതെങ്കിലും നടപ്പിലാക്കിയിട്ടുണ്ടോ? എലിവാണം കത്തിച്ചുവിടുന്നപോലെ വാഗ്ദാനങ്ങള്‍ വാരി വിതറാന്‍ ആര്‍ക്കും കഴിയും.
എഴുന്നള്ളത്തിന് അണിയിച്ചൊരുക്കിയ ആന ദേവന്റെ തിടമ്പു ശിരസ്സിലേറ്റി രാജപ്രൗഢിയോടെ നടക്കുന്നതു കാണാത്തവരുണ്ടാവില്ല. ഭാരതാംബയുടെ തിടമ്പു ഹൃദയത്തില്‍ വഹിച്ചുകൊണ്ടു ലോകം മുഴുവന്‍ പ്രദക്ഷിണം ചെയ്യുന്ന ദാമോദര്‍ ദാസ് മോദിയെന്ന പ്രധാനമന്ത്രി നിങ്ങളെപ്പോലുള്ളവരുടെ ഉറക്കം കെടുത്തുന്നുണ്ട്. ഇങ്ങനെ പോയാല്‍ അതു നിത്യനിദ്രയിലേക്കാണ് എന്ന തിരിച്ചറിവു നിങ്ങള്‍ക്കുണ്ട്. മരണം മുന്നില്‍ കാണുന്നവന്റെ വെപ്രാളമാണീ ജല്പ്പനമെന്നത് ബുദ്ധിയും ബോധവുമുള്ള മലയാളിയ്ക്കു മനസ്സിലാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: