പി.ഐ. ശങ്കരനാരായണന്
മാസപ്പടി മാതുപ്പിള്ള, ഏഷണി കുട്ടപ്പന്, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചില കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്ന ഒരു പേരല്ല രാഷ്ട്രീയം കുഞ്ഞുണ്ണി.
‘രാഷ്ട്രീയം’ എന്ന ഒരു പുസ്തകത്തില്‍ പേരും എഴുത്തുകാരന്റെ പേരും കൂട്ടിച്ചേര്‍ത്തു പറഞ്ഞുവെന്നേയുള്ളൂ. ഡിസി ബുക്സ് പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തിന്റെ പേരാണ് ‘രാഷ്ട്രീയം.’
മുകളില്‍ വലിയ അക്ഷരങ്ങളില്‍ കുഞ്ഞുണ്ണി എന്നും താഴെ ചുവന്ന ചെറിയ അക്ഷരങ്ങളില്‍ രാഷ്ട്രീയം എന്നുമാണ് അച്ചടിച്ചിരിക്കുന്നത്. അതിനാല്‍ കുഞ്ഞുണ്ണി രാഷ്ട്രീയം എന്നു വായിച്ചാല്‍ തെറ്റുപറയാനാവില്ല; രാഷ്ട്രീയം കുഞ്ഞുണ്ണി എന്നു മുകളിലോട്ടും വായിക്കാം!
കുഞ്ഞുണ്ണി മാഷിന്റെ രാഷ്ട്രീയം 1984 ല്‍ ഡിസി കിഴക്കേമുറിയാണ് കണ്ടുപിടിച്ചത്. ഉടനെ അത് 36 പേജുള്ള ഒരു പുസ്തകമാക്കി മാര്‍ക്കറ്റില്‍ എത്തിച്ചു. നാലു രൂപയേ വിലയുള്ളൂ. യാദൃച്ഛികമായി ഒരു വായനശാലയില്‍ അതുകണ്ടപ്പോള്‍ ഞാന്‍ ശ്രദ്ധയോടെ വായിച്ചു. 131 കവിതകളാണുണ്ടായിരുന്നത്. കുഞ്ഞുണ്ണി മാഷിന് രാഷ്ട്രീയമുണ്ടായിരുന്നോ എന്ന് അത്ഭുതപ്പെടുന്നവരുണ്ടാകും. ഉണ്ടായിരുന്നു എന്നാണ് ഉത്തരം. അതിനു പക്ഷേ ചുവപ്പോ പച്ചയോ മറ്റു നിറങ്ങളോ അടയാളങ്ങളോ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നതു രാഷ്ടത്തിന്റെ സര്‍വ്വതോമുഖമായ നന്മയെ ലക്ഷ്യം വച്ചുള്ള മനസ്സും വാക്കും പ്രവര്‍ത്തനങ്ങളുമാണ്. നമുക്കുണ്ടാവേണ്ടതും അതെ. പക്ഷേ, കൊടിനിറങ്ങളും ചിഹ്നങ്ങളും കാണിച്ചുള്ള അധര്‍മങ്ങളും സ്വാര്‍ത്ഥ ലക്ഷ്യങ്ങളും മുന്നിട്ടുനില്ക്കുന്ന, പാര്‍ട്ടി രാഷ്ട്രീയമാണല്ലോ എങ്ങും തകര്‍ത്താടുന്നത്!
‘എന്റെ രാഷ്ട്രമെന് സങ്കല്‍പ്പം’ എന്ന ഒറ്റവരിയാണ് സമാഹാരത്തിലെ ആദ്യത്തെ കവിത. ഒടുവില്‍ ഒരു കുറിപ്പും ഉണ്ട്. ‘എന്റെ വരികളില്‍ രാഷ്ട്രീയ സംബന്ധികളായവ മുഴുവന്‍ സമാഹരിച്ചിരിക്കയാണിതില്‍’ എന്ന്.
‘എന്റെ വരികളില്‍’ എന്നേ കുഞ്ഞുണ്ണി പറയുന്നുള്ളൂ. കവിതകളില്‍ എന്നല്ല. എല്ലാ വരികളിലും കവിതയുണ്ടാവുക പ്രയാസമാണല്ലോ. മാത്രമല്ല രാഷ്ട്രീയ സംബന്ധികളായവ മുഴുവന്‍ സമാഹരിച്ചതായി പറയാന്‍ വയ്യ. 1984നു ശേഷവും 22 വര്‍ഷം മാഷ് ജീവിച്ചിരുന്നു; രാഷ്ട്രീയ സംബന്ധിയായ കവിതകള്‍ എഴുതുകയും ചെയ്തിരുന്നു.
അതിരിക്കട്ടെ. കുറിയ ശരീരത്തില്‍ കുറുമുണ്ടുടുത്തു, കുട്ടിക്കുപ്പായമിട്ടു നടന്ന വലിയ മനുഷ്യനായിരുന്നു കുഞ്ഞുണ്ണി. വൈദ്യ കുടുംബത്തിലായിരുന്നു ജനനം. അതിനാല്‍ പ്രത്യേകമായ ഒരു ചികിത്സാ രീതി അദ്ദേഹം രൂപപ്പെടുത്തി. വിശേഷപ്പെട്ട ചിന്തകള്‍ അച്ചുരുട്ടിയും തിളപ്പിച്ചു വറ്റിച്ചും ഗുളിക പ്രായത്തിലാക്കിയാണു അദ്ദേഹം നാട്ടുകാര്‍ക്കു നല്‍കിയിരുന്നത്. മരുന്നും ചികിത്സാവിധിയും നല്ലതായിരുന്നു. പക്ഷേ, വേണ്ടത്ര ഫലം ചെയ്തില്ല! രോഗികളുടെ ശീലക്കേടും പൊതുവേയുള്ള കാലക്കേടുമായിരുന്നു പ്രശ്നം.
‘യഥാ നാട്ടാര്, തഥാ സര്‍ക്കാര്‍’ എന്നതാണ് അടുത്ത കവിത സംസ്കൃതത്തിലെ ‘യഥാ രാജാ തഥാ പ്രജാ’ എന്ന ചൊല്ലിനെ കാലോചിതമായി മറിച്ചിട്ടു ചുട്ടതാണത്.
‘ഇന്ത്യക്കാരില്ലാത്തൊരു രാജ്യമുണ്ടുലകത്തില്‍; ഇന്ത്യയെന്നൊരു രാജ്യം!’ എന്ന കവിത 2022 ലെ റഷ്യ-ഉക്രൈന് യുദ്ധവേളയിലും മനസ്സില്‍ നോവുണര്‍ത്തി. ജീവരക്ഷാപരമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കുന്ന തീവ്രപ്രയത്നം നടക്കുമ്പോഴാണത്- ‘ഞങ്ങളെല്ലാം ഇന്ത്യാക്കാര്‍’ എന്നു എല്ലാവരും പറയുന്നതിനിടയില്‍ ഒരു പെണ്‍കുട്ടി ധാര്‍ഷ്ട്യത്തോടെ പറയുന്നു- ‘ഇന്ത്യനല്ല, ഞാന്‍ മലയാളിയാണ്’ എന്ന്! Â ഭാഷയും ദേശവും ജാതിയും മതവുമൊക്കെ പറഞ്ഞു ഭിന്നിപ്പു വളര്‍ത്തുമ്പോള്‍ എവിടെ രാഷ്ട്രസ്നേഹം? എവിടെ രാജ്യഭക്തി? ‘ഇന്ത്യയിലുള്ളതു രാഷ്ട്രീയക്കാര്‍, ഇന്ത്യയിലില്ലാത്തത് രാഷ്ട്രീയം’ എന്നും കക്ഷി രാഷ്ട്രീയത്തിനു നേരെ മാഷ് കൂരമ്പു തൊടുത്തിട്ടുണ്ട്.
കേരളത്തിനെ പ്രത്യേകമായി പരിഗണിച്ചുകൊണ്ടു കുഞ്ഞുണ്ണി മാഷ് പറഞ്ഞതു, ‘രാഷ്ട്രീയമില്ലിന്നു കാഷ്ടീയമേയുള്ളൂ കേരളത്തില്‍’ എന്നാണ്.
‘അനുകൂലിയാകാ ഞാന്‍,
പ്രതികൂലിയാകാ ഞാന്‍
രണ്ടും വെറും കൂലിയാണിക്കാലം’ എന്ന സത്യം കുഞ്ഞുണ്ണി മാഷ് കണ്ടെത്തിയിരിക്കുന്നു. ഇത് അദ്ദേഹം എഴുതുന്ന കാലത്ത് നോക്കുകൂലി എന്ന ഭീകരന് രംഗത്തുണ്ടായിരുന്നില്ല- കേരളത്തിന്റെ പുരോഗതി!
‘പട്ടി പെറും, പാര്‍ട്ടി പിളരും’
‘പണ്ടത്തെയാള്‍ക്കാര്‍ കുടക്കീഴില്
ഇന്നത്തെയാള്‍ക്കാര്‍ കൊടിക്കീഴില്‍’
”പ്ലേഗ് പരന്നാലുണ്ട് നിവൃത്തി
ഫ്ളാഗ് പരന്നാലില്ല നിവൃത്തി’
പ്ലേഗ് രോഗത്തെക്കാള്‍ ഭീകരമായ കൊവിഡ് രോഗവ്യാപനത്തിനിടയിലും കൊടിതോരണങ്ങള്‍ കൊണ്ടുള്ള പൊതുജന ശല്യത്തിനെതിരെ ഹൈക്കോടതിക്കുപോലും ഇടപെടേണ്ടിവന്നു ഇപ്പോള്‍! Â രാഷ്ട്രീയക്കാര്‍ക്ക് അവരുടെ സ്വാര്‍ത്ഥ താത്പര്യങ്ങളാണ് പ്രധാനം; ജനങ്ങളല്ല!
‘കാശുണ്ടായാല് കമ്യൂണിസം പോകും’ എന്നു പറഞ്ഞ കുഞ്ഞുണ്ണി മാസ്റ്റര്‍ ഇന്നത്തെ കോടീശ്വരന്മാരായ കമ്യൂണിസ്റ്റു ക്രൂരന്മാരെ കാണാന്‍ കാത്തുനിന്നില്ല.
‘മരണഭയത്തെക്കാള്‍ ഭരണഭയം ഘോരം” എന്നുകൂടി കുഞ്ഞുണ്ണി മാസ്റ്റര്‍ എഴുതിവച്ചിട്ടുണ്ട്. അതിന്റെ അനുഭവച്ചൂടിലാണ് പ്രത്യേകിച്ചും കേരളീയരായ നമ്മള്. വികസനമെന്ന പേര് പറഞ്ഞുള്ള കെ റെയില്‍ പദ്ധതിയിലൂടെ കേരളത്തെ പിളര്‍ക്കുന്ന, സാധാരണക്കാരായ ജനസഹസ്രങ്ങളുടെ നെഞ്ചുപിളര്‍ക്കുന്ന നിലവിളികളാണല്ലോ നാം കേള്‍ക്കുന്നത്!
ഈ വൃത്തികെട്ട രാഷ്ട്രീയം ഇനി ശുദ്ധീകരിക്കപ്പെടുമോ? ആ വിധത്തില്‍ ജനമനസ്സുണരുമോ ആവോ! Â അതിനായി നമുക്കു പ്രാര്‍ത്ഥിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: