കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി കശുവണ്ടി വ്യവസായികള്‍ക്കായി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജില്‍ ഒളിഞ്ഞിരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കൊടിയ വഞ്ചന. കശുവണ്ടി മേഖല നേരിടുന്ന ഗുരുതര പ്രതിസന്ധികള്‍ക്ക് പിന്നാലെ കൊവിഡും പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതോടെ വ്യവസായികള്‍ വലിയ കടക്കെണിയിലാണ്.
ബാങ്കുകളില്‍ നിന്ന് ജപ്തി നടപടികളും മറ്റും ആരംഭിച്ചതോടെ, വ്യവസായ മേഖലയില്‍ നിന്നുള്ള നിരന്തര ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ പുനരുദ്ധാരണ പാക്കേജ് കൊണ്ടുവന്നത്. ഇതില്‍ പ്രധാനം ബാങ്ക് വായ്പകളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഫോര്‍മുലയായിരുന്നു. ഇതിനായി സര്‍ക്കാര്‍ മൂന്നംഗ കമ്മറ്റി രൂപീകരിച്ചു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലയളവില്‍ മുഖ്യമന്ത്രി, കശുവണ്ടി വ്യവസായ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ എന്നിവരുടെ സാന്നിധ്യത്തില്‍ 2020 ഡിസംബര്‍ 12ന് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതി, കശുവണ്ടി വ്യവസായികളുടെ പ്രതിനിധി എന്നിവരുമായുള്ള യോഗത്തിലാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഫോര്‍മുലയ്‌ക്കായി മൂന്നംഗ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചത്.
സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി കണ്‍വീനര്‍, വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറി, വ്യവസായികളുടെ പ്രതിനിധി എന്നിവരായിരുന്നു മൂന്നംഗ കമ്മറ്റിയംഗങ്ങള്‍.
ഇവര്‍ നിരവധി തവണ യോഗങ്ങള്‍ ചേര്‍ന്നെങ്കിലും ബാങ്കുകളും വ്യവസായികളുമായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ സമവായത്തിലെത്താന്‍ സാധിച്ചില്ല. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലയളവില്‍ വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തില്‍ നാലു തവണ യോഗം ചേര്‍ന്നു. 2021 ഡിസംബര്‍ 30നു ചേര്‍ന്ന യോഗത്തില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഫോര്‍മുലയ്‌ക്ക് രൂപം നല്കി.
2020 മാര്‍ച്ച് 31വരെ എന്‍പിഎ ആയ അക്കൗണ്ടുകള്‍ ഈ പാക്കേജിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും, രണ്ടുകോടിവരെയുള്ള അക്കൗണ്ടുകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി തുകയുടെ 50 ശതമാനം അംഗീകരിച്ച് ഒറ്റത്തവണ തീര്‍പ്പാക്കല്‍ അനുവദിക്കും, രണ്ടു കോടിക്ക് മുകളില്‍ 10 കോടിവരെയുള്ള എന്‍പി അക്കൗണ്ടുകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുകയുടെ 60 ശതമാനം അംഗീകരിച്ച് ഒറ്റത്തവണ തീര്‍പ്പാക്കല്‍ അനുവദിക്കും എന്നതായിരുന്ന പ്രധാന തീരുമാനങ്ങള്‍.
2021 ഡിസംബര്‍ വരെയുള്ള അക്കൗണ്ടുകള്‍ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന വ്യവസായികളുടെ ആവശ്യം തള്ളിയാണ് 2020 മാര്‍ച്ച് 31വരെ എന്ന ബാങ്കുകളുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിച്ചത്. കൊവിഡ് കാലത്താണ് കശുവണ്ടി വ്യവസായികള്‍ കൂടുതല്‍ പ്രതിസന്ധിയിലായത്. ഈ കാലയളവ് ഒഴിവാക്കിയാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഫോര്‍മുല രൂപീകരിച്ചത്.
രണ്ടര മാസം വൈകി ഉത്തരവ്
ഒറ്റത്തവണ തീര്‍പ്പാക്കല്‍ സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവിലാണ് സര്‍ക്കാരിന്റെ കൊടിയ വഞ്ചന ഒളിച്ചിരുന്നത്. 2021 ഡിസംബര്‍ 31ലെ തീരുമാനങ്ങള്‍ ഉത്തരവായി ഇറങ്ങിയത് 2022 മാര്‍ച്ച് 14ന്. കോപ്പി വ്യവസായികള്‍ക്ക് ലഭിച്ചത് മാര്‍ച്ച് 20നു ശേഷം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ സ്വീകരിക്കുന്ന ഉടമ ബാങ്കുമായി കരാറില്‍ ഏര്‍പ്പെടേണ്ടതിന്റെ അവസാന തീയതി മാര്‍ച്ച് 31.
പത്തില്‍ താഴെ ദിവസങ്ങള്‍ക്കുള്ളില്‍ ആവശ്യമായ രേഖകളും തീര്‍പ്പാക്കാനുള്ള തുകയുടെ പത്തു ശതമാനവും ബാങ്കില്‍ സമര്‍പ്പിക്കുക എന്നത് വ്യവസായികളെ സംബന്ധിച്ചിടത്തോളം അപ്രാപ്യമായിരുന്നു. മാര്‍ച്ച് 31നു ശേഷം പലരും രേഖകളുമായി ബാങ്കില്‍ എത്തിയെങ്കിലും അപേക്ഷ സമര്‍പ്പിക്കാനുള്ള സമയ പരിധി കഴിഞ്ഞെന്ന മറുപടിയാണ് ബാങ്കുകളില്‍ നിന്ന് ലഭിച്ചത്.
വ്യവസായികള്‍ വീണ്ടും സര്‍ക്കാരിനെ സമീപിച്ചെങ്കിലും ബാങ്കുകളെ സമീപിക്കാന്‍ പറഞ്ഞ് കൈയൊഴിഞ്ഞു. പുനരുദ്ധാരണ പാക്കേജിനായി സര്‍ക്കാര്‍ രൂപീകരിച്ച മൂന്നംഗ കമ്മറ്റി പിരിച്ചുവിട്ടതായും മാര്‍ച്ച് 14ലെ ഉത്തരവിലുണ്ടായിരുന്നു.
പദ്ധതിയുടെ ഗുണ, ദോഷ വശങ്ങള്‍ വിലയിരുത്താന്‍ പോലും സാധിച്ചില്ല. അതിനാല്‍ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പുനരുദ്ധാരണ പാക്കേജ് ഫലത്തില്‍ വഞ്ചനയായിരുന്നെന്ന് കശുവണ്ടി വ്യവസായികള്‍ ആരോപിച്ചു.
Â
സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ല:ലഘുഉദ്യോഗ് ഭാരതി
വലിയ കടക്കെണിയിലായി ആത്മഹത്യയുടെ മുനമ്പില്‍ നില്‍ക്കുന്ന കശുവണ്ടി തൊഴിലാളികളെ സര്‍ക്കാര്‍ കൈയൊഴിയുന്നത് നീതീകരിക്കാനാകില്ലെന്ന് ചെറുകിട വ്യവസായികളുടെ സംഘടനയായ ലഘുഉദ്യോഗ് ഭാരതി ആരോപിച്ചു. ഉത്തരവ് വൈകിപ്പിച്ച് വ്യവസായികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ് ചെയ്തത്. പിണറായി സര്‍ക്കാരിന്റെ ആത്മാര്‍ഥതയില്ലായ്മയാണ് ഇതു തെളിയിക്കുന്നത്. ഇതിനെതിരെ ലഘുഉദ്യോഗ് ഭാരതി ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് സംഘടനാ സെക്രട്ടറി എന്‍.കെ വിനോദ് പറഞ്ഞു.
Â
സര്‍ക്കാരുകളുടെ വീഴ്ച: വ്യവസായികള്‍
കേരളം ഒഴിച്ചുള്ള മറ്റു സംസ്ഥാനങ്ങളിലെല്ലാം കശുവണ്ടി വ്യവസായ മേഖല പുഷ്ടിപ്പെടുമ്പോള്‍, കേരളത്തില്‍ മാത്രമാണ് കടക്കെണിയിലേക്ക് പോകുന്നതെന്ന് യോഗങ്ങളില്‍ ബാങ്ക് പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു. കേരളം മാറിമാറി ഭരിച്ച സര്‍ക്കാരുകളുടെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് ഇതിനു കാരണമെന്ന് വ്യവസായികള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: