കൊല്‍ക്കൊത്ത: വക്കീല്‍ ഫീസ് കിട്ടിയാല്‍ ഏത് ശത്രുവിന് വേണ്ടിപ്പോലും കേസ് വാദിക്കുന്ന കോണ്‍ഗ്രസ് വക്കീലന്മാര്‍ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അമര്‍ഷം ഉയരുന്നു. കഴിഞ്ഞ ദിവസം ബംഗാളില്‍ കോണ്‍ഗ്രസ് നേതാവായ പി. ചിദംബരം തന്നെ വക്കീല്‍വേഷത്തില്‍ കോടതിയിലെത്തി. പക്ഷെ കോണ്‍ഗ്രസിന് വേണ്ടി വാദിക്കാനല്ല. എതിരാളികളായ തൃണമൂല്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനാണ്.
എന്നാല്‍ ഇക്കുറി ഈ വക്കീലിനെ ബംഗാളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ചോദ്യം ചെയ്ത് ബുദ്ധിമുട്ടിച്ചത്. ബംഗാളിലെ സര്‍ക്കാര്‍ സ്ഥാപനമായ മെട്രോ ഡയറിയുടെ ഓഹരി വിറ്റഴിക്കല്‍ കേസില്‍ ഒരു സ്വകാര്യ കമ്പനിയ്‌ക്ക് വേണ്ടിയാണ് പി. ചിദംബരം കോടതിയില്‍ ഹാജരാകാനെത്തിയത്. ഈ കേസില്‍ പരാതിക്കാരനാകട്ടെ ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് ആധിര്‍ രഞ്ജന്‍ ചൗധരിയായിരുന്നു.
തൃണമൂല്‍ സര്‍ക്കാര്‍ മെട്രോ ഡയറിയിലെ 47 ശതമാനം ഓഹരികള്‍ 2017ല്‍ കെവന്‍റര്‍ അഗ്രൊ ലിമിറ്റഡ് എന്ന കമ്പനിയ്‌ക്ക് കൈമാറിയതില്‍ സുതാര്യതയില്ലെന്നായിരുന്നു ആദിര്‍ രഞ്ജന്‍ ചൗധരി പരാതിപ്പെട്ടത്.ഈ കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ തൃണമൂല്‍ സര്‍ക്കാരിന്റെ നടപടി ശരിയാണെന്ന് വാദിച്ച് ഇറങ്ങിവരുമ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസുകാരായ അഭിഭാഷകരും ചേര്‍ന്ന് പി. ചിദംബരത്തെ വളഞ്ഞത്. സ്വന്തം പാര്‍ട്ടിയുടെ താല്‍പര്യത്തിന് എതിരെ വാദിച്ചതിന് ചിദംബരത്തിനെതിരെ പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
“ഇത് പ്രൊഫഷണലിസമാണെന്നാണ് ചിദംബരം പറയുന്നത്. എന്നാല്‍ ഇവിടെ പരാതിക്കാരന്‍ കോണ്‍ഗ്രസ് നേതാവായ ആദിര്‍ രഞ്ജന്‍ ചൗധരിയാണ്. ഈ കേസില്‍ തൃണമൂല്‍ സര്‍ക്കാരിന്റെ അനുമതിയോടെ ജനങ്ങളുടെ കോടിക്കണക്കിന് പണം തട്ടിയെന്നതാണ് ആരോപണം…”- ചിദംബരത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വികാരാധീനരായി പറയുന്നു. തൃണമൂല്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ എത്തിയെന്നതായിരുന്നു ചിദംബരത്തിനെതിരെ ചിലരുടെ കുറ്റപ്പെടുത്തല്‍. Â
“ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനാല്‍ ആക്രമിക്കപ്പെടുന്നത്. അങ്ങിനെയിരിക്കെയാണ് ആ തൃണമൂല്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവ് എത്തിയത്”- കോണ്‍ഗ്രസിന്റെ ബാഗ് ചി ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: