ഡോ. പ്രമീളാദേവി. ജെ
സകല ജീവരാശികളുടെയും നിലനില്‍പ്പിന് ആധാരമായ മാതൃത്വം, പ്രകൃതിയുടെ ഏറ്റവും മനോഹരമായ ഭാവമാണ്. അമ്മയും കുഞ്ഞുമെന്ന പാരസ്പര്യം ഏതൊരു ജന്തുവിലും അതീവ ഹൃദ്യമായ ബന്ധമാണ്. ആലോചനാശേഷിയും ഭാവനാവൈഭവവുമുള്ള മനുഷ്യരുടെ കാര്യത്തില്‍, ആത്മസമര്‍പ്പണത്തിന്റെ പ്രത്യക്ഷോദാഹരണമായ മാതൃത്വവും, അമ്മ പ്രപഞ്ചമായി കണ്ണില്‍ നിറയുന്ന ശൈശവവും ഭൂമിയുടെതന്നെ സൗഭാഗ്യമാണ്. പരകോടി രചനകളാണ് മാതൃത്വത്തെക്കുറിച്ച് ഉണ്ടായിട്ടുള്ളത്. മനുഷ്യപ്രകൃതിയിലെ ഉത്കൃഷ്ടഭാവങ്ങളൊക്കെയും ഏറ്റവുമധികം പൂജിക്കപ്പെടുന്ന ഭാരതിയ പാരമ്പര്യത്തില്‍, മാതൃത്വം അങ്ങേയറ്റം ആദരണീയമായി മാനിക്കപ്പെടുന്നു പെറ്റമ്മയെ മാത്രമല്ല, എല്ലാ സ്ത്രീകളേയും അമ്മയായി കണ്ടു വന്ദിക്കാനാണ് നമ്മുടെ സംസ്‌കാരം പഠിപ്പിക്കുന്നത്. ത്യാഗത്തിന്റെ പരമാവസ്ഥയായാണ് ഭാരതീയ മാതൃത്വം പുരാണേതിഹാസങ്ങളില്‍ പ്രകാശിതമാവുന്നതും. ചരിത്രത്താളുകളിലൂടെ കണ്ണോടിക്കുമ്പോഴും നിസ്വാര്‍ത്ഥ സ്നേഹമൂര്‍ത്തിയായ അമ്മമാരെയാണ് കാണാന്‍ കഴിയുന്നത്. രാഷ്‌ട്രത്തെ പെറ്റമ്മയായി കണ്ട്, രാഷ്‌ട്രമാതാവിന്റെ പാദസേവയാണ് പരമപദത്തിലേക്കുള്ള സുവര്‍ണ്ണ പന്ഥാവെന്നു വിശ്വസിച്ച്, മഹത്തായ ആ പാഠം വരുംതലമുറകള്‍ക്ക് പകര്‍ന്നുനല്‍കിക്കൊണ്ടേയിരിക്കുന്ന നമ്മുടെ സംസ്‌കാരം, ലോകത്തു മറ്റെവിടെയും കാണാന്‍ കഴിയാത്തത്ര വിശുദ്ധമായ ചിന്താപദ്ധതിയാണെന്നു നിസ്സംശയം പറയാം.
എന്നാല്‍ മാറ്റമില്ലാത്തതായി ഈ ലോകത്തുള്ളത് മാറ്റമൊന്നു മാത്രമാണല്ലോ. എല്ലാ മാനുഷികാവസ്ഥകളും ഭാവങ്ങളും കാലപ്രവാഹത്തില്‍ പരിണാമവിധേയമായിത്തീരുന്നത് പ്രകൃതിനിയമത്തിന്റെ ഭാഗമാണ്; മാതൃത്വത്തെ സംബന്ധിച്ച സങ്കല്‍പ്പങ്ങളും അങ്ങനെതന്നെ. ആധുനിക കാലത്തെ അമ്മയും കുഞ്ഞും തീര്‍ച്ചയായും ഇതിഹാസ കാലഘട്ടങ്ങളിലെ അമ്മ-കുഞ്ഞ് ബന്ധത്തില്‍നിന്നു വ്യത്യസ്തരായിരിക്കും. ജീവിതസാഹചര്യങ്ങളും സാധ്യതകളും അനുഭവങ്ങളുമൊക്കെ ആശ്ചര്യജനകമാംവിധം മാറിക്കഴിഞ്ഞുവെന്നതിനാല്‍ മാതൃത്വവും പുതിയ കാലത്തിനൊപ്പം പുനഃസൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ക്രിയാത്മകമായും നിഷേധാത്മകമായുമുള്ള മാറ്റങ്ങള്‍ കാഴ്ചപ്പാടിലും ബന്ധങ്ങളിലും സംഭവിച്ചിരിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തില്‍ എന്താണു മാതൃത്വം? അമ്മമാരും മക്കളും എങ്ങനെയാണ് പരസ്പരം നോക്കിക്കാണുന്നത്? ആ വഴിക്കുള്ള ഒരു ചെറുചിന്താശകലമാണ് ഈ കുറിപ്പിന്റെ ഉള്ളടക്കം.
അന്നത്തില്‍നിന്നുതന്നെയാരംഭിക്കാം. ‘അന്നാദ് ഭവതി ഭൂതാനി’ എന്നതാണല്ലോ ചിരന്തനസത്യം. മക്കളെയൂട്ടുന്നതിലായിരുന്നു എക്കാലത്തും അമ്മമാരുടെ ആനന്ദം. ഭാരതത്തിലെ അമ്മമാര്‍ ‘അടുക്കളക്കാരി’കളായിരുന്നുവല്ലോ. ഭര്‍ത്താവിനും മക്കള്‍ക്കും പ്രായമായ മാതാപിതാക്കള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കുമൊക്കെയായി ഭക്ഷണമുണ്ടാക്കലായിരുന്നു മിക്കപ്പോഴും ഭാരതീയ വനിതകളുടെ ഓരോ ദിവസത്തെയും പ്രധാന ജോലി. ഒരു കടമ എന്നതിനപ്പുറം, തനിക്ക് ആനന്ദോപാധി എന്ന നിലയില്‍ക്കൂടിയാണ് അവരീ കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ടിരുന്നത്. താനുണ്ണുന്നതിലല്ല, മറിച്ച് തനിക്കുള്ളവരെ, പ്രത്യേകിച്ച് മക്കളെ ഊട്ടുന്നതിലായിരുന്നു അവര്‍ക്ക് ആഹ്ളാദം. വനവാസത്തിനൊരുങ്ങി, വിഷാദവാനായി തന്റെയരികിലെത്തിയ രാമനോട് ‘എന്തെന്‍ മകനേ മുഖാംബുജം വാടുവാന്‍ ബന്ധമുണ്ടായത്, പാരം വിശക്കയോ?’ എന്നു ചോദിക്കുന്ന കൗസല്യാമാതാവ് മക്കളെത്ര മുതിര്‍ന്നാലും അവരെ അന്നമൂട്ടുന്നതില്‍ ബദ്ധശ്രദ്ധ പുലര്‍ത്തുന്ന ഭാരതീയ മാതൃത്വത്തിന്റെ ഉത്തമ പ്രതീകമാണ്. കേരളത്തിന്റെ കൂട്ടുകുടുംബ കാലഘട്ടത്തില്‍, വെയ്‌ക്കാനുള്ള കരങ്ങളും ഉണ്ണാനുള്ള വയറുകളും നിരവധിയായിരുന്നു. ഓരോ കുടുംബത്തിലും പിന്നെ, കൂട്ടുകുടുംബങ്ങള്‍ അപരിഷ്‌കൃതമായി, അണുകുടുംബങ്ങള്‍ നവീനവും. അപ്പോഴും തന്റെ മക്കള്‍ക്ക് വെച്ചുവിളമ്പാനുള്ള അവസരം യൗവ്വനാരംഭത്തിലും ജീവിതസായാഹ്നത്തില്‍പ്പോലും നാട്ടിന്‍പുറത്തുള്ള ഒട്ടുമിക്ക അമ്മമാര്‍ക്കെങ്കിലും ലഭിച്ചിരുന്നു. നാം ജീവിക്കുന്ന ഈ പുതുനൂറ്റാണ്ടില്‍ അമ്മമാരും അച്ഛന്മാരും വാര്‍ധക്യം തള്ളിനീക്കുന്നത്, ഒട്ടനവധി വീടുകളില്‍, ഒറ്റപ്പെടലിലാണ്. കാലാകാലങ്ങളായി ഈ നാടു ഭരിച്ചിരുന്നവരുടെ വികലമായ നയങ്ങള്‍ നിമിത്തം, വികസനമെന്നത് വാചകക്കസര്‍ത്തിലും വ്യവസായ വളര്‍ച്ചയെന്നത് വ്യാമോഹാവസ്ഥയിലും മാത്രമായി ഒതുങ്ങിപ്പോയ കേരളത്തിലെ പുതുതലമുറക്ക് ജീവിതപുരോഗതി നേടണമെങ്കില്‍ ഇവിടം വിട്ടുപോയേ മതിയാകൂ എന്ന സാഹചര്യമുണ്ടായിരിക്കുന്നു. മുന്‍പൊക്കെ ജോലി തെണ്ടിയലഞ്ഞു നിരാശനായ അഭ്യസ്തവിദ്യരാണ് അന്യസംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും പോയിരുന്നതെങ്കില്‍, ദീര്‍ഘവീക്ഷണമില്ലായ്മയാലും യുവജനങ്ങളെപ്പറ്റി കരുതലില്ലായ്മയാലും ഉത്കൃഷ്ടമായ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ വേണ്ടത്ര ഇന്നാട്ടില്‍ ആരംഭിക്കാന്‍ തയ്യാറാകാതിരുന്ന ഭരണകര്‍ത്താക്കള്‍, പുതുകാലത്ത് നമ്മുടെ ചെറുപ്പക്കാര്‍ ഉപരിപഠനാര്‍ത്ഥം കേരളം വിട്ടുപോയേ പറ്റൂ എന്ന അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായി, കേരളത്തിലെ അനേകലക്ഷം കുടുംബങ്ങളില്‍, പ്ലസ്ടു പഠനത്തിനുശേഷം മക്കള്‍ പറന്നകലുന്ന കൂടുകളിലെ ഏകാന്ത തടവുകാരായിത്തീരുന്ന മാതാപിതാക്കളെ കാണാന്‍ കഴിയും. തന്റെ കൈകൊണ്ടു വെച്ചു വിളമ്പി മക്കളെയൂട്ടാന്‍ കഴിയുന്നില്ലെന്ന സങ്കടം, ഓണത്തിനും വിഷുവിനും ക്രിസ്മസിനും ഈസ്റ്ററിനും പെരുനാളിനുമൊന്നും മക്കള്‍ക്കൊപ്പം ആഹാരം കഴിക്കാനാവുന്നില്ലെന്ന നൈരാശ്യം, കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കാന്‍ മാത്രമുള്ളതായി മുന്നൂറ്റിയറുപത്തിയഞ്ചു കലണ്ടര്‍ ദിവസങ്ങളും മാറുന്നതിന്റെ ദുഃഖം- അത് വേട്ടയാടുന്നുണ്ട് ലക്ഷോപലക്ഷം മാതാപിതാക്കളെ. കേരളത്തില്‍ ഏതാണ്ട് പതിനാലു ലക്ഷത്തില്‍പ്പരം വീടുകളാണത്രേ അടഞ്ഞുകിടക്കുന്നത്. അതിലുമെത്രയോ മടങ്ങാണ്, വൃദ്ധമാതാപിതാക്കള്‍ മാത്രമായി കഴിയുന്ന വീടുകളുടെ എണ്ണം. ആയുസ്സും ആരോഗ്യവും മനസ്സും വപുസ്സും നല്‍കി വളര്‍ത്തി വലുതാക്കിയ മക്കള്‍ക്കൊപ്പം ജീവിതസന്ധ്യയില്‍ സമാധാനപൂര്‍ണ്ണമായ ദിനങ്ങള്‍ ചെലവിടാനാവാത്ത അമ്മമാരുടെ കണ്ണീര്‍പ്രളയമാണ് ആദ്യം കേരളത്തെ വിഴുങ്ങിയത് എന്നു പറയേണ്ടിവരും. എത്രയെത്രയോ അമ്മമാരും അച്ഛന്മാരും വൃദ്ധഭവനങ്ങളിലേക്ക് നടതള്ളപ്പെടുന്നു! പെരുവഴിയിലും ദേവാലയ പരിസരങ്ങളിലും വലിച്ചെറിയപ്പെടുന്നു! ലോകത്തെ ഏറ്റവും ഹൃദ്യമായ ഒരു ബന്ധം, ഏറ്റവും മനോഹരമായ ഒരു പാരസ്പര്യം എന്തുകൊണ്ടാവും ഇത്തരത്തില്‍ ശിഥിലമാകുന്നത്? അമ്മയുടെ നെഞ്ചിലെ ചൂടേറ്റു വളര്‍ന്ന മക്കള്‍ക്ക്, അമ്മയുടെ മടിത്തട്ടിലുറങ്ങിയുണര്‍ന്നവര്‍ക്ക്, അമ്മയുടെ ജീവരക്തം പാല്‍മധുരമായി നുണഞ്ഞു വലുതായവര്‍ക്ക് എങ്ങനെയാണ് അമ്മയുടെ നിസ്സഹായതയുടെ ജീവിതസായന്തനത്തില്‍ നിര്‍ദ്ദയരാകാന്‍ കഴിയുന്നത്?
ഇതിന്റെയുത്തരം തേടേണ്ടതും മറ്റെങ്ങുമല്ല. വിശ്വഗുരുവായ ഭാരതം ലോകത്തിനു സമര്‍പ്പിച്ചിട്ടുള്ള മഹത്തരമായ മൂല്യങ്ങളുടെ ആന്തരികശക്തിയില്‍ത്തന്നെയാണ്. സ്വധര്‍മ്മമനുഷ്ഠിക്കുകയെന്നതാണ് പരമശ്രേയസ്‌കരമെന്നും, സ്വധര്‍മ്മം ലംഘിക്കുന്നത് മരണത്തെക്കാള്‍ ഭയാവഹമാണെന്നും ഉദ്ബോധിപ്പിക്കുന്ന നമ്മുടെ പാരമ്പര്യം, മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ആചരിക്കാനുള്ള ധര്‍മ്മത്തെക്കുറിച്ചും നിഷ്ഠ പുലര്‍ത്തുന്നുണ്ട്. രാഷ്‌ട്രത്തിനും മാനവരാശിക്കും സമൂഹത്തിനും കുടുംബത്തിനും ഉതകുന്നവരായ ഉത്തമ മനുഷ്യരായാണ് മക്കളെ വളര്‍ത്തേണ്ടത് എന്ന് അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു; മാതാപിതാക്കളെ സ്നേഹിക്കുന്നതും പരിചരിക്കുന്നതുമാണ് മോക്ഷപ്രാപ്തിയുടെ വഴി എന്നുമതു പഠിപ്പിക്കുന്നു. ഇതൊക്കെ മറന്നുകളഞ്ഞിട്ട്, മക്കളെ തങ്ങളുടെ ‘പ്രെസ്റ്റീജ് സിംബലു’കളായി, പ്രദര്‍ശനവസ്തുക്കളായി, സ്വാര്‍ത്ഥരായി വളര്‍ത്തിയെടുക്കുന്ന അമ്മമാര്‍, അപകടത്തിനാണ് വഴിയൊരുക്കുന്നത്; അവര്‍ വളര്‍ന്നുവലുതാകുമ്പോള്‍ ‘പ്രയോജനമില്ലാത്തതെന്തും വലിച്ചെറിയുക’യെന്നു ചിന്തിക്കുന്നവരായിത്തീരുന്നു. വിഫലവാര്‍ധക്യത്തിലെത്തിയ മാതാപിതാക്കളെ വിസ്മരിക്കുന്നു.
ഈ ദുരവസ്ഥയെ നമുക്കു മറികടക്കേണ്ടതുണ്ട്. മൂല്യബോധം കൈവിടാതെ വളര്‍ത്തുകയും വളരുകയും ചെയ്യേണ്ടതുണ്ട്. നാടിന്റെ യുവത്വം പരദേശങ്ങളില്‍ അഭയാര്‍ത്ഥികളായലയാതെ, കേരളത്തില്‍ പഠിക്കാനും തൊഴില്‍ ചെയ്യാനും ജീവിതം സഫലമായി നിര്‍വ്വഹിക്കാനുമുള്ള സാഹചര്യം ഭരണാധികാരികള്‍ ഒരുക്കേണ്ടതുണ്ട്.
ഈ മാതൃദിനത്തിലെ നമ്മുടെ പ്രതിജ്ഞ അതായിരിക്കട്ടെ
പ്രതികരിക്കാൻ ഇവിടെ എഴുതുക