മെയ് മാസം ആദ്യയാഴ്ചയിലെ രണ്ട് ദിനരാത്രങ്ങള്‍ ആലുവായിലെ പൂര്‍ണാനദിയുടെ തീരം സര്‍ഗചേതനകള്‍ ഉണര്‍ത്തിയ കലാസാഹിത്യപൂര്‍ണിമയ്‌ക്ക് സാക്ഷ്യം വഹിച്ചു. കേരളത്തിലെ ഏറ്റവും സക്രിയമായ കലാസാഹിത്യ പ്രസ്ഥാനമായ തപസ്യയുടെ നാല്‍പത്തിയാറാം വാര്‍ഷികോത്സവം. ആദിശങ്കരന്റെ പാദസ്പര്‍ശമേറ്റ മണ്ണില്‍ ഒരുമിച്ച ആ സാംസ്‌കാരികപ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നത് ആ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത ലോകപ്രശസ്ത നര്‍ത്തകി ഡോ. പത്മാ സുബ്രഹ്മണ്യത്തിന്റെ വാക്കുകള്‍. ”തപസ്യ ഗുരുവാണ്. ദേശീയതയുടെയും സംസ്‌കാരത്തിന്റെയും പ്രാധാന്യമെന്തെന്ന് ആ പ്രസ്ഥാനം നമ്മെ പഠിപ്പിക്കുന്നു” എന്ന് പത്മാ സുബ്രഹ്മണ്യം പറയുമ്പോള്‍ ഓരോ തപസ്യ പ്രവര്‍ത്തകന്റെയും ആത്മാഭിമാനം വാനോളം ഉയരുകയായിരുന്നു. ഭാരതത്തിന്റെ സാംസ്‌കാരികമായ മാനബിന്ദുക്കളെയെല്ലാം പുച്ഛിച്ചു തള്ളുന്ന ഒരു പ്രത്യേക സ്വഭാവം കാത്തുസൂക്ഷിക്കുന്ന കേരളത്തിന്റെ സാമൂഹ്യസാഹചര്യത്തോട് പൊരുതാനുള്ള ആഹ്വാനവും അവര്‍ നടത്തി. ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനുള്ള പണം സമ്പാദിക്കുന്നതിന് ആവശ്യമെങ്കില്‍ താന്‍ വന്ന് നൃത്തമാടാമെന്ന അവരുടെ വാക്കുകള്‍ തുഞ്ചന് അസ്പൃശ്യത കല്‍പ്പിക്കുന്നവരുടെ നേരെ പതിച്ച ചാട്ടുളിയാണ്.
എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ നാടായ തിരൂരില്‍ സ്ഥാപിക്കുമെന്ന തപസ്യയുടെ സ്ഥാപകരിലൊരാളും മാര്‍ഗദര്‍ശിയുമായ എം.എ. കൃഷ്ണന്റെ പ്രഖ്യാപനവും തപസ്യപ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചു. മുഖ്യപ്രഭാഷണം നടത്തിയ പ്രശസ്ത നിരൂപകന്‍ ആഷാമേനോന്‍ സംസാരിച്ചതും എഴുത്തച്ഛനെയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെയും കുറിച്ച്. തുടര്‍ന്ന് നടന്ന ചര്‍ച്ചയുടെ വിഷയവും എഴുത്തച്ഛനും കേരളവും എന്നതായിരുന്നു.
Â
ഹരിനാമകീര്‍ത്തനം സ്വരവ്യഞ്ജനശില്‍പം
Â
വിവരവിക്കാനാകാത്തവിധം മഹത്തരമാണ് എഴുത്തച്ഛന്റെ വരികളെന്ന് ആഷ മേനോന്‍. എഴുത്തച്ഛന്റെ ഹരിനാമ കീര്‍ത്തനം സ്വരവ്യഞ്ജന ശില്‍പ്പമാണ്. മറ്റുള്ളവയുമായി അതിനെ ഒരുവിധത്തിലും താരതമ്യം ചെയ്യാന്‍ സാധിക്കില്ല. വാക്കുകളേയും പദങ്ങളേയും സസൂക്ഷ്മമായാണ് എഴുത്തച്ഛന്‍ ചേര്‍ത്ത് വച്ചിരിക്കുന്നത്. Â എഴുത്തച്ഛന്റെ വാങ്മയ ചാതുര്യം വര്‍ണനാതീതമാണ്. നേരിട്ട് കാണാത്തതും അനുഭവിച്ചറിയാത്തതുമായ കാര്യങ്ങളെ എഴുത്തച്ഛന്റെ തന്റെ വരികളിലൂടെ വരയ്‌ക്കുന്നത് വായിക്കുമ്പോള്‍ അത്ഭുതപ്പെട്ട് പോകും. അദ്ദേഹത്തിന്റെ വരികള്‍ സാന്ദ്രമാണ്.
കലാകാരന്മാരെയും സാഹിത്യകാരന്മാരെയും യഥാവിധി ആദരിക്കുക എന്നത് തപസ്യയുടെ എക്കാലത്തെയും വ്രതമാണ്. 46-ാം വാര്‍ഷിക സമ്മേളനത്തിലും ഉദ്ഘാടന ദിവസം തന്നെ സമാദരണ സഭയും നടന്നു.
ഡോ. കലാമണ്ഡലം സുഗന്ധി, വെണ്ണല മോഹന്‍, ശ്രീമന്‍ നാരായണന്‍, എം.എല്‍. രമേശ്, ആര്‍എല്‍വി. രാധാകൃഷ്ണന്‍, ജോയ് നായരമ്പലം, കീഴില്ലം ഉണ്ണികൃഷ്ണന്‍, പൂര്‍ണ്ണത്രയീശ ജയപ്രകാശ് ശര്‍മ്മ, കണ്ണന്‍ ജി. നാഥ് എന്നിവരെയാണ് ആദരിച്ചത്.
Â
കേരളനവോത്ഥാനത്തിന്റെ പിതൃബിംബം
നവോത്ഥാനത്തിന്റെ കാലക്കണക്കും ദേശക്കണക്കും തെറ്റാണെന്നും, അവ തിരുത്തി എഴുത്തച്ഛനെ കേരള നവോത്ഥാനത്തിന്റെ പിതൃബിംബമായി പ്രതിഷ്ഠിക്കണം. ഈശ്വരന്മാര്‍ പലതല്ല ഒന്നാണെന്ന് പ്രഖ്യാപിച്ച, ജാതിനാമാദികളല്ല ഈശ്വരന്റെ സൃഷ്ടികളെന്ന് ദീര്‍ഘദര്‍ശനം ചെയ്ത നവോത്ഥാന നായകനായിരുന്നു എഴുത്തച്ഛനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഴുത്തച്ഛന്റെ ദര്‍ശനം രാമായണം പാരായണം ചെയ്യുന്ന ഹിന്ദുക്കളില്‍ മാത്രമല്ല ഇസ്ലാമടക്കമുള്ള സമൂഹത്തില്‍ ചലനമുണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലം കഴിഞ്ഞ് മുപ്പതാണ്ട് പിന്നിട്ടപ്പോഴാണ് മാപ്പിളപ്പാട്ട് പിറന്നത്. അറബി മലയാളത്തില്‍ പിറന്ന മൊഹിയുദ്ദീന്‍ മാലയുടെ ദര്‍ശനം എഴുത്തച്ഛന്റേതാണ്. വടകരയിലെ ടി.എച്ച്. കുഞ്ഞിരാമന്‍ നമ്പ്യാരുടെ ശേഖരത്തില്‍ നിന്ന് കണ്ടെടുത്ത മാപ്പിള രാമായണം ഒരു വിസ്മയമാണ്.
കാവ്യവും സാരവും അന്നമാണെന്നും അതിന്റെ കുമ്പിളായി ഭാഷയും അക്ഷരവും പിന്നാലെ വന്നു കൊള്ളുമെന്നും പ്രഖ്യാപിച്ച എഴുത്തച്ഛന്റെ വിദ്യാഭ്യാസ ദര്‍ശനത്തെ ഉയര്‍ത്തിപ്പിടിക്കണമെന്ന് അഹമ്മദ് പറഞ്ഞു. എഴുത്തച്ഛന്റെ ജാതി തെരയുന്നതിലാണ് മലയാളിക്ക് കൗതുകം. അദ്ദേഹം എല്ലാ ജാതിയിലും പെട്ടവനാണ്. ഒരു ജാതിയും ഇല്ലാത്തവനാണ്. അതാണ് അദ്ദേഹത്തിന്റെ അദ്വൈതം. എഴുത്തച്ഛന്‍ ദേശാതിര്‍ത്തികള്‍ കടന്ന പരമ്പരയാണ്.
എഴുത്തച്ഛനെ ഒഴിവാക്കി ഒരു നവോത്ഥാന ചരിത്രം അസംബന്ധമാണെന്ന് ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ച തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ മുരളി പാറപ്പുറം പറഞ്ഞു. ആത്മീയതയിലൂന്നുന്ന ഒന്നും അംഗീകരിക്കില്ല എന്ന രീതിയാണ് കേരളത്തില്‍ ഒരു വിഭാഗം പുലര്‍ത്തുന്നത്. Â എഴുത്തച്ഛനെ തമസ്‌കരിക്കുന്നവര്‍ അതേ കാരണം കൊണ്ട് ശാസ്ത്രത്തെയും ഭയക്കുന്ന കാലമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എഴുത്തച്ഛന്‍ സമകാലീന പ്രശ്‌നങ്ങളോട് പ്രതികരിച്ചിട്ടില്ലെന്ന ചിലരുടെ വിമര്‍ശനം അര്‍ത്ഥശൂന്യമാണെന്ന നിലപാടാണ് ഡോ. പി.ശിവപ്രസാദ് മുന്നോട്ടുവച്ചത്. സര്‍വകാലത്തേക്കുമുള്ള ദര്‍ശനമാണ് ആചാര്യന്റേതെന്ന് തിരിച്ചറിയാന്‍ കഴിയണം. എഴുത്തച്ഛനെ അവഗണിച്ചുകൊണ്ട് കേരളീയ നവോത്ഥാനത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയും പൂര്‍ണമാകില്ലെന്ന് കവിയും വിവര്‍ത്തകനുമായ വേണു വി. ദേശവും ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.
Â
സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ പ്രസക്തി
അര്‍ത്ഥപൂര്‍ണമായ ആശയ സംവാദങ്ങളിലൂടെയാണ് സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുക എന്നും, അതിനാല്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് എക്കാലത്തും പ്രസക്തിയുണ്ടെന്നും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ അഭിപ്രായപ്പെട്ടു. ”കേരളമനസ്സിനെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും കേരളത്തിന്റെ മനഃശാസ്ത്രം അറിഞ്ഞുകൊണ്ടുമായിരിക്കണം ഇവിടെ നടത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തനം. ഇന്ന് മൂന്ന് തരം ആളുകള്‍ സമൂഹത്തിലുണ്ട്. മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ട് ധാര്‍മ്മിക ജീവിതം നയിക്കുന്നവര്‍, മൂല്യങ്ങളെ നിരസിച്ചുകൊണ്ട് അധാര്‍മ്മിക ജീവിതം നയിക്കുന്നവര്‍, മൂല്യങ്ങളെന്തെന്നും ധര്‍മ്മാധര്‍മ്മങ്ങളെന്തെന്നും ഒരു അറിവുമില്ലാതെ ജീവിക്കുന്നവര്‍. ഇവരില്‍ മൂന്നാമത്തെ ഗണത്തില്‍ പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇത് വലിയ അപകടമാണ്. എഴുത്തുകാരന്റെ വാക്കിന് ഇന്നും വിലയുണ്ട്. ഇതാണ് ദേശീയപ്രസ്ഥാനങ്ങള്‍ക്കെതിരെ ഇടത് ലിബറല്‍ ചിന്താഗതിക്കാര്‍ എടുത്തുപ്രയോഗിക്കുന്നത്. അത് വെറുപ്പിന്റെ രാഷ്‌ട്രീയമാണ് പ്രചരിപ്പിക്കുന്നത്.” സമാപന സമ്മേളനത്തില്‍ സഞ്ജയന്‍ പറഞ്ഞു.
തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ് കല്ലറ അജയന്‍ അധ്യക്ഷനായി. രാവിലെ നടന്ന പ്രതിനിധി സഭയില്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ സി. രജിത്ത്കുമാര്‍ വരവുചെലവ് കണക്ക് അവതരിപ്പിച്ചു. സംസ്‌കാര്‍ഭാരതി ദേശീയ നിര്‍വ്വാഹകസമിതി അംഗം കെ. ലക്ഷ്മീനാരായണന്‍, തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ് യു.പി. സന്തോഷ്, സംസ്ഥാന സമതി അംഗം കെ. സതീഷ്ബാബു, എറണാകുളം ജില്ല സെക്രട്ടറി പി.വി. അശോകന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: