ന്യൂദല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറില്‍ തീവ്രന്യൂനമര്‍ദ്ദം അസാനി ചുഴലിക്കാറ്റായി രൂപമെടുക്കുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്കി.
ചുഴലിക്കാറ്റിന്റെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. മെയ് 10ന് ആന്ധ്രാ ഒഡീഷ തീരത്തേക്ക് അസാനി ചുഴലിക്കാറ്റെത്തുമെന്നാണ് നിഗമനം. പിന്നീട് ഇത് ഒഡീഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഒഡീഷയില്‍ കനത്ത ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആന്‍ഡമാന്‍ കടലില്‍ ഇന്ന് 65 കി. മീ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
Â
മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ആവശ്യമെങ്കില്‍ തീരപ്രദേശത്തുള്ളവരെ മാറ്റിപാര്‍പ്പിക്കും. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍.ഡി.ആര്.എഫ് സംഘത്തെ വിന്യസിക്കും. തെക്കന്‍ ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായാണ് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടത്. ശ്രീലങ്കയാണ് ചുഴലിക്കാറ്റിന് അസാനി എന്ന പേര് നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: