കൊച്ചി : സുരേഷ് ഗോപി താരസംഘടനയായ എഎംഎംഎയില്‍ എത്തിയതിന്റെ ചിത്രങ്ങളില്‍ വിമര്‍ശനവുമായി എത്തിയവര്‍ക്ക് മറുപടിയായി നടന്‍ ടിനി ടോം. എഎംഎംഎ സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത സുരേഷ് ഗോപിയെ പൊന്നാട അണിയിച്ച് ടിനി ടോം സ്വീകരിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രത്തിനു താഴെയായി നല്‍കിയ വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം ലൈവില്‍ വന്ന് മറുപടി നല്‍കുകുകയായിരുന്നു.
നന്മ ചെയ്യുന്നവന് ഒപ്പം നില്‍ക്കുകയെന്നതാണ് എന്റെ രാഷ്‌ട്രീയം. അതിനി ഏത് രാഷ്‌ട്രീയ പാര്‍ട്ടിയാണെങ്കിലും പ്രവര്‍ത്തകനാണെങ്കിലും അവര്‍ നന്മ ചെയ്യുകയാണെങ്കില്‍ അതിനൊപ്പം നില്‍ക്കണമെന്നാണ് താന്‍ പഠിച്ചിട്ടുള്ളത്. സുരേഷ് ഗോപിയുടെ കയ്യില്‍നിന്നു കൈനീട്ടമല്ലാതെ ഒരു രൂപ പോലും ഞാന്‍ വാങ്ങിച്ചിട്ടില്ല. അദ്ദേഹം എനിക്കൊരു സിനിമയില്‍ പോലും അവസരം തന്നിട്ടുമില്ല. ഒരു കലാകാരനെന്ന നിലയില്‍ ഇനിയും ചില കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ അതൊരു പാപമാണെന്ന് കരുതുന്നതു കൊണ്ടാണ് ഇപ്പോള്‍ ഇത് തുറന്നു പറയുന്നത്.
സുരേഷ് ഗോപി ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം സമൂഹത്തിനു വേണ്ടി ചെയ്യുന്നുണ്ട്. സ്വന്തം വരുമാനത്തില്‍ നിന്നാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നതും. കാസര്‍കോട് ഭാഗത്ത് ഒരുപാട് പേര്‍ക്ക് വീടുകള്‍ വച്ച് കൊടുത്തിട്ടുണ്ട്. അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്‌ട്രീയത്തെയോ അദ്ദേഹത്തിന്റെ മതത്തെയോ വച്ച് ഒരിക്കലും അദ്ദേഹത്തെ അളക്കരുത്. ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്ന ഒരു നല്ല മനുഷ്യനാണ് സുരേഷേട്ടന്‍. മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും പേരില്‍ അദ്ദേഹത്തെ ഒരിക്കലും ഒഴിവാക്കരുത്. ചെയ്യുന്ന പ്രവര്‍ത്തനമാണ് ഓരോരുത്തരെയും വ്യത്യസ്തമാക്കുന്നത് എന്ന കാര്യവും നാം ഓര്‍മ്മിക്കണം. ഇനി അദ്ദേഹത്തെ സ്‌നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പോലും വെറുക്കാതിരിക്കാന്‍ ശ്രമിക്കാം. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കണമെന്നാണ് തനിക്ക് പറയാനുള്ളത്.
സുരേഷേട്ടന്‍ അമ്മയിലേയ്‌ക്ക് തിരികെ വരണമെന്ന ആഗ്രഹിച്ച കൂട്ടത്തില്‍ ഒരാളാണ് താന്‍. ആ നിരയില്‍ താന്‍ മുന്നിലുണ്ടായിരുന്നു. ഇത്രയും നല്ലൊരു മനുഷ്യന്‍ എത്ര നാള്‍ പുറത്തുനിന്നു. ‘അമ്മ’ ഒരു കുടുംബമാണ്. സിനിമയിലുള്ളവരും അദ്ദേഹത്തിന്റെ വരവ് ആഗ്രഹിച്ചിരുന്നു. വേദിയില്‍ എത്തിയപ്പോഴും കുടുംബകാര്യമാണ് സുരേഷേട്ടന്‍ പറഞ്ഞത്. ഇനിയും അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്‌ക്കും. അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങള്‍ തുറന്നുപറയും. ഒപ്പം തനിക്കുണ്ടായ അനുഭവം കൂടി ടിനി ടോം വീഡിയോയില്‍ പങ്കുവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: