തൃശ്ശൂര്‍ : ‘കാണികളുടെ പ്രതീക്ഷയും വിശ്വാസവും നിറവേറ്റാനായതില്‍ വളരെ സന്തോഷം. ടീമിലെ ഓരോരുത്തരും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. കളിക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് സന്തോഷ് ട്രോഫി കിരീടം.’ ഏഴാം സന്തോഷ് ട്രോഫി കിരീടത്തില്‍ കേരളം മുത്തമിട്ടപ്പോള്‍ ടീം ക്യാപ്റ്റന്‍ ജിജോ ജോസഫ് അതിരറ്റ സന്തോഷത്തിലാണ്. ‘കേരള ജനതയുടെ മുഴുവന്‍ പ്രാര്‍ത്ഥനയും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെത്തിയ കാണികളുടെ ഉറച്ച പിന്തുണയും കിരീട നേട്ടത്തിന് പിന്നിലുണ്ട്. അതിനാല്‍ കിരീടം കേരളത്തിന് പെരുന്നാള്‍ സമ്മാനമായി സമര്‍പ്പിക്കുന്നു. – ജിജോ ജോസഫ് ‘ജന്മഭൂമി’യോട് പറഞ്ഞു.
‘നിശ്ചിത സമയവും അധിക സമയവും കടന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടപ്പോള്‍ സമ്മര്‍ദ്ദത്തിലായെന്നത് സത്യമാണ്. മത്സരത്തിലുടനീളം ടീമംഗങ്ങള്‍ മികച്ച രീതിയില്‍ തന്നെയാണ് കളിച്ചത്. ടീമിന്റെ പ്രകടനം കണ്ടപ്പോള്‍ കാണികള്‍ക്ക് നല്ല വിശ്വാസമുണ്ടായിരുന്നു കേരളം ജയിക്കുമെന്ന്.
എക്സട്രാ ടൈമില്‍ ഒരുഗോളിന് പിന്നിലായപ്പോഴും ടീമിന് നിരാശയുണ്ടായില്ല. ബംഗാളുമായി മുമ്പ് നടന്ന മത്സരത്തിലും ടീം അവസാന നിമിഷങ്ങളിലാണ് ഗോള്‍ മടക്കിയത്. അതിനാല്‍ ഫൈനലിലും അതാവര്‍ത്തിക്കുമെന്ന കാണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കരുതെന്ന നിശ്ചയത്തോടെയും ആത്മവിശ്വാസത്തോടെയുമായിരുന്നു എല്ലാവരും കളിക്കളം നിറഞ്ഞ് കളിച്ചത്. കാണികള്‍ അവസാന നിമിഷം വരെ പിന്തുണയും ഊര്‍ജ്ജവും നല്കിയപ്പോള് എക്ട്രാ ടൈമില്‍ കേരളത്തിന് ഗോള്‍ മടക്കാനായി. കാണികളുടെ വിശ്വാസം സഫലമാക്കാനായതിനാലും സ്വന്തം നാട്ടില്‍ വെച്ച് കപ്പില്‍ മുത്തമിടാനായതിലും ഇരട്ടി സന്തോഷമുണ്ട്. മറക്കാനാവാത്ത അനുഭവമാണ് ഫൈനല്‍ മത്സരം സമ്മാനിച്ചത്’- കിരീട നേട്ടത്തെ കുറിച്ച് ജിജോ ജോസഫ് പറയുന്നു.
1992-93ന് ശേഷം ആദ്യമായി കേരളത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ കേരള ടീം കപ്പ് ഉയര്‍ത്തിയപ്പോള്‍ നായകന് തൃശ്ശൂര്‍ മുളങ്കുന്നത്ത്കാവ് സ്വദേശി ജിജോ ജോസഫ് (30) തന്നെയാണ് ടൂര്‍ണമെന്റിലെ മികച്ച താരം. ഇന്നലെ രാവിലെ മഞ്ചേരിയില്‍ നിന്ന് മടങ്ങിയ ജിജോ ജോസഫ് ഉച്ചതിരിഞ്ഞ് 3.30ന് വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചു. മികച്ച താരത്തിന് ലഭിച്ച ട്രോഫി മകന് സമ്മാനിച്ചപ്പോള്‍ തിരൂര്‍ കൊഞ്ചിറ റോഡില്‍ അന്തിക്കാട്ട് വീട്ടില്‍ ജോസഫിന്റേയും മേരിയുടെയും കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞു.
സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊന്നും വീട്ടിലെത്തുന്ന വിവരം അറിയിച്ചിരുന്നില്ല. അഞ്ച് മിനിറ്റ് മാത്രം വീട്ടുകാരുമായി ചെലവഴിച്ചതിന് ശേഷം കെഎഫ്എ നല്കുന്ന സ്വീകരണത്തില്‍ പങ്കെടുക്കുന്നതിന് ജിജോ ജോസഫ് എറണാകുളത്തേക്ക് തിരിച്ചു.
എസ്ബിഐ തിരുവനന്തപുരം ശാഖയില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന ജിജോ ജോസഫിനെ തേടി രാജ്യത്തെ മികച്ച പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബുകളില്‍ നിന്ന് ‘വിളി’യെത്തിയിട്ടുണ്ട്. അതിനാല്‍ ബാങ്ക് അധികൃതരുമായി അവധിയുടെ കാര്യം സംസാരിച്ചതിന് ശേഷം ഫുട്ബോളില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: