തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാന സര്‍ക്കാര്‍ എ. സമ്പത്തിനായി തുലച്ചത് കോടികള്‍. ദല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോട് കൂടി എ. സമ്പത്തിനെ നിയമിക്കുക വഴി ഇതുവരെ സര്‍ക്കാരിന് ചെലവായത് 7.26 കോടിയാണ്. ശമ്പളം, യാത്രാബത്ത, ഓഫീസ് ചെലവ്, പേഴ്സണല്‍ സ്റ്റാഫിന്റെ ശമ്പളം, വാഹനം, മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് തുടങ്ങിയ ഇനങ്ങളിലാണ് രണ്ടുകൊല്ലമായി ഇത്രയും തുക സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവാക്കിയത്.
പാര്‍ട്ടിക്കുള്ളിലെ വടംവലിയില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും തോറ്റതോടെ സമ്പത്തിനെ ക്യാബിനറ്റ് റാങ്കോടെ ദല്‍ഹിയിലേക്ക് അയയ്ക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരുമായുള്ള ഏകോപനം ആയിരുന്നു കാബിനറ്റ് റാങ്കില്‍ നിയമിച്ച സമ്പത്തിന്റെ മുഖ്യചുമതല. സമ്പത്തിനായി എത്ര തുകയാണ് സംസ്ഥാന സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്നും ചെലവാക്കിയതെന്ന് പ്രതിപക്ഷം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ വിവരം പുറത്തുവിടാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍വെച്ച ബജറ്റ് രേഖകളിലാണ് സര്‍ക്കാര്‍ വെളിയില്‍ വിടാന്‍ മടിച്ച കാര്യം പുറത്തുവന്നത്.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ തോറ്റ നേതാവിന് വേണ്ടി പൊതു ഖജനാവില്‍ നിന്നും കോടികള്‍ ചെലവാക്കുന്നത്. 2019-20 സാമ്പത്തിക വര്‍ഷം 3.85 കോടിയും 2020-21 ല്‍ 3.41 കോടിയുമാണ് സര്‍ക്കാര്‍ ചെലവാക്കിയത്. അതേസമയം കോടികള്‍ തുലച്ചിട്ടും സംസ്ഥാനത്തിന് പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടായില്ലെന്നതാണ് ശ്രദ്ധേയം. ദല്‍ഹിയില്‍ ഐഎഎസ് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ സംവിധാനം ഉള്ളപ്പോഴായിരുന്നു അതിന് പുറമെ കേന്ദ്രസര്‍ക്കാരിന്റെ സഹായങ്ങള്‍ നേടി എടുക്കാന്‍ സമ്പത്തിനെ കൂടി ഒന്നാം പിണറായി സര്‍ക്കാര്‍ നിയമിച്ചത്. എന്നാല്‍ കേന്ദ്രത്തിലെ ഒരു മന്ത്രാലയവുമായി പോലും ഏകോപനം നടത്താന്‍ സമ്പത്തിനായില്ല.
ഏകോപനം ഏറ്റവും ആവശ്യമായ കൊവിഡ് പ്രതിസന്ധികാലത്ത് സംസ്ഥാനത്തെ സ്വന്തം വീട്ടില്‍ അടച്ചിരിക്കുകയായിരുന്നു സമ്പത്ത്. പ്രവാസികളെ നാട്ടിലെത്തിക്കാനും നഴ്സുമാരെ മടക്കികൊണ്ടുവരാനും കേന്ദ്രം അക്ഷീണം കര്‍മ്മരംഗത്ത് സജീവമായിരുന്നപ്പോള്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയെ Â ആ പ്രദേശത്തെങ്ങും കണ്ടതുമില്ല. ദല്‍ഹി ചുമതല ഒഴിഞ്ഞ സമ്പത്തിന് ഇപ്പോള്‍ പാര്‍ട്ടി നല്‍കിയിരിക്കുന്ന ചുമതല മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി പദവിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: