കര്‍ണന്‍ ആഞ്ഞുപിടിച്ചിട്ടും രഥചക്രം ഉയര്‍ത്തുവാന്‍ കഴിഞ്ഞില്ല. ഉടനെ സുബോധവാനായി അര്‍ജുനന്‍ യമദണ്ഡതുല്യമായ പ്രാഞ്ജലികം അസ്ത്രം എടുക്കവെ കൃഷ്ണന്‍ പറഞ്ഞു, ‘അവന്‍ തേരില്‍ക്കയറുന്നതിനുമുമ്പേതന്നെ അവന്റെ തലയറുക്കൂ.’പ്രഭുവാക്കു കേട്ട അര്‍ജുനന്‍ എരിഞ്ഞിടുന്ന ആ അസ്ത്രം കൈയിലേന്തി കര്‍ണന്‍ തേര്‍ചക്രം ഇളക്കവെ സൂര്യകാന്തിയുള്ള ധ്വജത്തിന്റെ കച്ചക്കയര്‍ മുറിച്ചു. പൊന്‍മുത്തും വജ്രവും മണിയും പതിച്ച, ആനയുടെ അടാളമുള്ള ആ ധ്വജം നിലംപൊത്തി. പിന്നെ മഹാശ്രീയുള്ള ആ രഥത്തെയും അര്‍ജുനന്‍ തകര്‍ത്തു. അതോടെ അവന്റെ യശസ്സും ദര്‍പ്പവും ജയവുമെല്ലാം തകര്‍ന്നു. കര്‍ണന്റെ ധ്വജം വീണതുകണ്ട കൗരവരാകെ നിര്‍വീര്യരായി. അര്‍ജുനന്‍ സഹസ്രരശ്മ്യംശുസമാനമായതും മഹേന്ദ്രവജ്രദണ്ഡതുല്യവുമായ ആഞ്ജലികം അസ്ത്രം അയച്ചു. അത് മര്‍മ്മം കീറി ചോരമാംസങ്ങള്‍ പറ്റി തീയും സൂര്യനും ചേര്‍ന്നമട്ടില്‍ മൂന്നുമൊട്ടുമായി മനുഷ്യനാഗാശ്വങ്ങളെ കൊന്നൊടുക്കി. പിന്നീട് ആറു പക്ഷങ്ങളിലായി പിനാക നാരായണചക്രം മട്ടില്‍ അതിഭയങ്കരമായ പ്രാണിജീവങ്ങളെ അപഹരിച്ചുകൊണ്ട് മുന്നേറി. സ്ത്രത്തെ ഗാണ്ഡീവധന്വാവ് വില്ലില്‍ തൊടുത്തു.
പരമമായ മഹാസ്ത്രത്തോടുചേര്‍ത്ത് വേഗം ഗാണ്ഡീവം വലിച്ച് അര്‍ജുനന്‍ ഇങ്ങനെ പറഞ്ഞു,’ഇത് മഹാസ്ത്രത്തിനു തുല്യമായ ശരമാണ്. ഇതു വിരോധിയുടെ ദേഹത്തിനു വിനാശിയാകണം. തപസ്സോ ഗുരുതുഷ്ടിയോ യജിക്കലോ ഇഷ്ടര്‍ക്ക് അറിവായി കേള്‍ക്കിലോ ഇതെന്റെ സത്യമാണ്. പൂജിതമായ ഈ ശരം വിരോധിയാകുന്ന കര്‍ണനെ കൊല്ലുക.’എന്നു പറഞ്ഞുകൊണ്ട് ആ ഘോരശരത്തെ ധനഞ്ജയന്‍ കര്‍ണവധത്തിനായി തൊടുത്തുവിട്ടുകൊണ്ടു ഫല്‍ഗുനന്‍ പറഞ്ഞു, ‘ഈ അമ്പ് എനിക്ക് ഹര്‍ഷത്തോടെ ജയംതരട്ടെ. എയ്തുവിട്ട, അര്‍ക്കന്റെയും ചന്ദ്രന്റെയും ഭാസ്സോടെ എല്ലാം മുടിക്കുന്ന അസ്ത്രം ഈ കര്‍ണനെ കൊന്നിടട്ടെ.’
ആകാശവും ദിക്കുകളുമെല്ലാം ജ്വലിപ്പിച്ചു പാഞ്ഞ ശരം അവന്റെ തല, ദേവേന്ദ്രന്‍ വജ്രംകൊണ്ട് വൃത്രന്റെ തലയറുത്തുപോലെ അറുത്തു. മഹാസ്ത്രമൊത്ത് ആഞ്ജലികാസ്ത്രമെയ്ത് അന്നേരംതന്നെ കൈവര്‍ത്തനനായ കര്‍ണന്റെ തലകൊയ്ത് ആ മഹേന്ദ്രപുത്രന്‍ അപരാഹ്നം സാക്ഷിയാക്കി. ഉദിച്ചുയരുന്ന ആദിത്യന്റെ തേജസ്സോടെ ശരങ്ങളുടെ മദ്ധ്യത്തിലെ സൂര്യസന്നിഭനായ കര്‍ണന്‍ അസ്തമയസൂര്യന്‍ രക്തവര്‍ണമായി നിലംപതിച്ചപോലെ പതിച്ചു. നിലത്തുവീണ കര്‍ണന്റെ ശരീരത്തുനിന്നു സൂര്യനില്‍നിന്ന് വാനിലൂടെ തേജസ്സേറിയത് യോദ്ധാക്കളായ ജനങ്ങളെല്ലാം കണ്ടു വിസ്മയപ്പെട്ടു. കൊല്ലപ്പെട്ട കര്‍ണനെ കണ്ട് പാര്‍ത്ഥനും കൃഷ്ണനും അവരവരുടെ ശംഖുകള്‍ വിളിച്ചു. യജ്ഞാവസാനം കെട്ടണഞ്ഞ അഗ്നിപോലെ കര്‍ണന്റെ മൗലി വിളങ്ങി.
ആ ശൂരനാകുന്ന കര്‍ണന്‍ മണ്ണില്‍ വീണ് ശരം തറച്ചു ചോരയൊലിച്ചു കിടക്കുന്നതായി കണ്ട ശല്യന്‍ ധ്വജംമുറിഞ്ഞു നഷ്ടപ്പെട്ട രഥത്തോടെ തിരിച്ചുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: