മഞ്ചേരിയിലെ കളിക്കളത്തില്‍ നടന്ന ദേശീയ ഫുട്ബോള്‍ ചാംപ്യന്മാരുടെ കിരീടധാരണം കേരളത്തിനു നല്കിയതു സന്തോഷ് ട്രോഫി മാത്രമല്ല, ഇന്ത്യന്‍ ഫുട്ബോളില്‍ പുതിയൊരു സിംഹാസനം തന്നെയാണ്. അത്രയ്ക്ക് ആധികാരികതയും ദൃഢതയുമുണ്ടായിരുന്നു ബംഗാളിനെതിരായ ഫൈനല്‍ വിജയത്തിനും ഫൈനലിലേക്കുള്ള യാത്രയ്ക്കും. ഒരുകളിയും തോറ്റില്ല. ഒരു കളിയിലും ഗോളടിക്കാന്‍ മറന്നുമില്ല. ആ യാത്രയില്‍ കീഴടക്കിയതു ബംഗാള്‍, പഞ്ചാബ്, കര്‍ണാടക തുടങ്ങി ഇന്ത്യന്‍ ഫുട്ബോളില്‍ വന്‍ശക്തികളായി നിന്നിട്ടുള്ളവരെയാണ്. കോവിഡ് മഹാമാരിക്കുശേഷം ഉണര്‍ന്നെഴുനേറ്റ കളിക്കളങ്ങള്‍ക്ക് അനിവാര്യമായ ഉത്തേജകമായി ഈ വിജയം. ഫൈനല്‍ വിജയം ഷൂട്ടൗട്ടില്‍ (5-4) ആണെന്നത് നേട്ടത്തിനു തെല്ലും മങ്ങലേല്‍പ്പിക്കുന്നില്ല. ഒപ്പത്തിനൊപ്പമുള്ള എതിരാളികളെ വേര്‍തിരിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നു എന്നതാണ് കൂടുതല്‍ ശരി. കൃത്യതയുടെയും മനസ്സാന്നിദ്ധ്യത്തിന്റെയും പോരാട്ടമാണ് ഷൂട്ടൗട്ട്. അവിടെ അഞ്ചില്‍ അഞ്ചും സ്കോര്‍ ചെയ്ത കേരളം അക്കാര്യത്തില്‍ പൂര്‍ണത നേടി. ഒരു പിഴവില്‍ ബംഗാള്‍ കീഴടങ്ങുകയും ചെയ്തു. കളിയില്‍, പ്രത്യേകിച്ചു ഫൈനല്‍ പോലുള്ള നിര്‍ണായക മല്‍സരത്തില്‍ ഒരു പിഴവുപോലും എത്ര വിലയേറിയതാണെന്നു ബോധ്യപ്പെടുത്തുന്നതുമായി ഈ കേരള വിജയം. കേരള ഫുട്ബോളിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെട്ട 1973, 1992, 1993, 2001, 2004, 2018 വര്‍ഷങ്ങളുടെ പട്ടികയിലാണ് 2022ലെ കിരീട നേട്ടവും ഇടംപിടിച്ചിരിക്കുന്നത്.
കളിയോടുള്ള സമീപനത്തില്‍ കണ്ട മാറ്റമാണ് ഈ വിജയത്തിന്റെ യഥാര്‍ഥ നേട്ടം. എതിരാളിയുടെ ചരിത്രമോ പാരമ്പര്യമോ വലിപ്പമോ തെല്ലും ബാധിക്കാത്ത മാനസികാവസ്ഥയോടെ പൊരുതി നില്ക്കുന്ന കേരളത്തെയാണ് മഞ്ചേരിയില്‍ കണ്ടത്. പിഴവുകളിലും തിരിച്ചടികളിലും തളരാത്ത കേരളം. ഈ കരുത്തും ആത്മവിശ്വാസവുമാണ് ഫൈനല്‍ പോലുള്ള വലിയ വേദിയില്‍, പിന്നില്‍ നിന്നു പൊരുതിക്കയറി തിരിച്ചടിക്കാന്‍ ശക്തി നല്‍കിയത്. ടീമിന്റെ മൊത്തം ആത്മവിശ്വാസത്തിന്റെ ഗ്രാഫ് ഉയര്‍ന്നു നില്ക്കുന്നു. പിന്‍നിര പതറിയാല്‍ പഴുതടയ്ക്കാന്‍ മധ്യനിരയും ഒന്നു വഴങ്ങിയാല്‍ രണ്ടെണ്ണം തിരിച്ചുകൊടുക്കാന്‍ മുന്‍നിരയും ദൃഢനിശ്ചയമെടുത്തപോലെയായിരുന്നു കളി. കോച്ച് ബിനോ ജോര്‍ജിനു നന്ദി പറയണം. അപ്പോഴും പ്രതിരോധത്തിലെ ചില പാളിച്ചകള്‍ മിക്കവാറും എല്ലാ കളികളിലും തുറന്നുകാണിക്കപ്പെട്ടു എന്നത് ആശങ്കയായിത്തന്നെ നില്ക്കുന്നു. അത് അംഗീകരിച്ചേ പറ്റൂ.
മൂന്നു വര്‍ഷത്തിനു ശേഷമാണ് കേരളത്തിന്റെ കിരീടനേട്ടം. സ്വന്തം മണ്ണില്‍ 29 വര്‍ഷത്തിനു ശേഷവും. 2018ലെ ഫൈനലില്‍ ബംഗാളിനെ അവരുടെ നാട്ടില്‍വച്ച് ഷൂട്ടൗട്ടില്‍ത്തന്നെ തോല്‍പ്പിച്ച കേരളത്തിനും ബംഗാളിനും പക്ഷേ തൊട്ടടുത്ത വര്‍ഷം യോഗ്യതാ റൗണ്ട് കടക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നുള്ള രണ്ട് വര്‍ഷം കൊവിഡ് കാരണം ചാമ്പ്യന്‍ഷിപ്പ് നടന്നതുമില്ല. 2018ലും കേരളം രണ്ടു തവണ ബംഗാളിനെ കീഴടക്കിയിരുന്നു. ഫൈനലിന് പുറമെ ഗ്രൂപ്പ് ഘട്ടത്തിലും. അതിന്റെ തനിയാവര്‍ത്തനമായിരുന്നു ഇത്തവണത്തേയും രണ്ടു ജയങ്ങള്‍. കേരളത്തിന്റെ ഏഴാം കിരീടമാണ് ഇത്തവണത്തേത്. 46 ഫൈനലുകളുടെയും 32 കിരീടങ്ങളുടെയും പെരുമയുള്ള ബംഗാളിനെ തോല്‍പ്പിച്ച് ഫൈനലില്‍ കപ്പുയര്‍ത്താനായി എന്നത് കേരള ടീമിന്റെ കരുത്തിന് തെളിവാകുന്നു. മധ്യനിരയും മുന്നേറ്റനിരയും മികച്ച പ്രകടനം നടത്തിയതുതന്നെയാണ് കേരളത്തിന്റെ കിരീടനേട്ടത്തിന്റെ പ്രധാന കാരണം. ഒറ്റയാള്‍ മുന്നേറ്റങ്ങള്‍ക്ക് ശ്രമിക്കാതെ ടീം ഒറ്റക്കെട്ടായി മൈതാനത്തിറങ്ങിയപ്പോള്‍ എതിരാളികള്‍ കേരളത്തെ തടഞ്ഞുനിര്‍ത്താന്‍ ശരിക്കും പ്രയാസപ്പെട്ടു. ഫൈനല്‍ ഏകപക്ഷീയമായിരുന്നില്ല എന്നതിനു സ്കോര്‍ ഷീറ്റ് തന്നെ തെളിവ്. ആദ്യ പകുതിയില്‍ ബംഗാളിനായിരുന്നു നേരിയ മുന്‍തൂക്കം. എന്നാല്‍ കോച്ച്, കൃത്യമായ കാഴ്ചപ്പാടോടെ വജ്രത്തിളക്കമുള്ള പകരക്കാരെ കളത്തിലിറക്കിയപ്പോള്‍ കളി മാറി. കേരളത്തിന്റെ മുന്നേറ്റങ്ങള്‍ക്ക് കൃത്യത കൈവന്നു. എന്നിട്ടും ഗോള്‍ വിട്ടുനിന്നു. എങ്കിലും അതെല്ലാം ടീമിന്റെ ഒറ്റക്കെട്ടായ പ്രകടനത്തില്‍ പരിഹരിക്കപ്പെട്ടു. ബംഗാളിന്റെ സൂപ്പര്‍ താരങ്ങളായ ഫര്ദിന് അലിയെയും ദിലീപ് ഒറാനെയും മഹിതോഷ് റോയിയെയും കളം നിറയാന്‍ സ്ഥലം നല്‍കാതെ പിടിച്ചുകെട്ടുന്നതില്‍ വിജയിച്ചതും കേരളത്തെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
ചാമ്പ്യന്‍ഷിപ്പ് ഒട്ടാകെ വിലയിരുത്തുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് കേരള നായകന് ജിജോ ജോസഫിന്റെയും പകരക്കാരനായി ഇറങ്ങി കര്‍ണാടകയ്ക്കെതിരായ സെമിയില്‍ അഞ്ച് ഗോളടിച്ച ജെസിന്റെയും പ്രകടനം തന്നെയാണ് വേറിട്ടുനില്‍ക്കുന്നത്. പ്രത്യേകിച്ച് ജെസിന്റെ പ്രകടനം. കര്‍ണാടയ്ക്കെതിരെ ഒരു ഗോളിന് പിന്നിട്ടുനില്‍ക്കുന്ന സമയത്താണ് വിഘ്നേഷിന് പകരക്കാരനായി ജെസിന് കളത്തിലെത്തുന്നത്. പിന്നീട്, സ്റ്റേഡിയത്തിലെ കാല്‍ലക്ഷത്തിലേറെ ആരാധകരെ ആനന്ദത്തിലാറാടിപ്പിച്ചുകൊണ്ട് ആ ബൂട്ടുകളില്‍ നിന്ന് ഒന്നിനു പിറകെ ഒന്നായി അഞ്ച് ഗോളുകള്‍. ടൂര്‍ണമെന്റില്‍ ആകെ ആറ് ഗോളുമായി ടോപ് സ്കോററുമായി. ടൂര്‍ണമെന്റിലെ ആദ്യ ഹാട്രിക്കിന് ഉടമയാണ് മധ്യനിരയിലെ പ്ലേമേക്കര്‍ കൂടിയായ ജിജോ ജോസഫ്. അഞ്ച് ഗോളുമായി മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും ജിജോ തന്നെ. ഇവരുടെ പ്രകടനം വേറിട്ടു നില്‍ക്കുമ്പോഴും ഇതു ടീമിന്റെ മൊത്തം വിജയം തന്നെയാണ്. മറ്റൊരു പകരക്കാരനായ നൗഫലിന്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്. ഫുട്ബോള്‍ അങ്ങനെയാണല്ലോ. ടീമാണ് ജയിക്കുന്നത്. കളിക്കാരനല്ല. ഈ ടീമിനും അവരെ ഒരുക്കിയവര്‍ക്കും അഭിനന്ദനങ്ങള്‍.
ഇന്ത്യന്‍ ഫുട്ബോളിന്റെ മുഖച്ഛായയില്‍ത്തന്നെ മാറ്റം വരുന്നു എന്ന സൂചന നല്‍കുന്നതായിരുന്നു ഈ സന്തോഷ് ട്രോഫി. കളിക്കു ചടുലതയും ഉണര്‍വും കൈവന്നിരിക്കുന്നു. ഐഎസ്എല്ലിന്റെ കടന്നു വരവിന്റെ ഫലമായിരിക്കാം അത്. ഒരുപിടി മികച്ച കളിക്കാരെ ഈ ചാംപ്യന്‍ഷിപ്പ് പരിചയപ്പെടുത്തി. അത്തരം മുത്തുകളാണ് ഓരോ നാഷണലിന്റേയും സംഭാവന. വരും കാലത്തേക്കുള്ള മുതല്‍ക്കൂട്ടും നിക്ഷേപവുമാണ് അത്തരക്കാര്‍. രാജ്യാന്തര രംഗത്ത് ഇന്ത്യയ്ക്കു മുതല്‍ക്കൂട്ടാകേണ്ട അവരെ ദീര്‍ഘ വീക്ഷണത്തോടെ വളര്‍ത്തിയെടുക്കുക എന്നതാണ് ഇനി അങ്ങോട്ടുള്ള പ്രധാന ദൗത്യം. ഫുട്ബോള്‍ രംഗം ഭരിക്കുന്നവര്‍ക്ക് അതിനു കഴിയുമെന്ന് ആശിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: