മുംബൈ: ലൗഡ് സ്പീക്കറിലൂടെ വാങ്ക് വിളിക്കുന്നത് മെയ് 3ന് അവസാനിപ്പിക്കണമെന്ന് മഹാരാഷ്ട്രയിലെ ശിവസേന സര്‍ക്കാരിന് അന്ത്യശാസനം നല്കിയ രാജ് താക്കറെ മെയ് 4ന് മൈക്കിലൂടെ വാങ്ക് വിളി കേട്ടാല്‍ അവിടെ ഹനുമാന് ചലീസ മൈക്കിലൂടെ ഉറക്കെത്തന്നെ പാടണമെന്ന് അനുയായികളോടും വിശ്വാസികളോടും ചൊവ്വാഴ്ച ആഹ്വാനം ചെയ്തു. ഇതോടെ മെയ് 4 ബുധനാഴ്ച മഹാരാഷ്ട്രയില്‍ എന്തും സംഭവിച്ചേക്കാമെന്ന സംഘര്‍ഷസ്ഥിതി സംജാതമായിരിക്കുകയാണ്. ഇത്രയൊക്കെ പ്രകോപനമുണ്ടാക്കിയിട്ടും രാജ് താക്കറെയെ അറസ്റ്റ് ചെയ്യാന്‍ ശിവസേന സര്‍ക്കാര്‍ ധൈര്യപ്പെട്ടിട്ടില്ല. പകരം ഒരു കേസെടുക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
ഔറംഗബാദില്‍ റാലി നടത്തിയതിന് രാജ് താക്കറെയ്ക്കെതിരെ ശിവസേന നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ കേസെടുത്തിരുന്നു. ഇതിന് പ്രതികരണമായി പുറത്തിറക്കിയ സുദീര്‍ഘ പ്രസ്തവാനയിലാണ് തന്റെ അന്ത്യശാസനം രാജ് താക്കറെ ആവര്‍ത്തിച്ചിരിക്കുന്നത്.ഒരു ട്വീറ്റിലൂടെയാണ് അദ്ദേഹം മഹാരാഷ്ട്ര സര്‍ക്കാരിനുള്ള തന്റെ പ്രതികരണം പുറത്തിറക്കിയത്.
അറസ്റ്റിന് മുന്നോടിയായാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്ന് കരുതുന്നു. കേസെടുത്തുതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് മെയ് 4 ബുധനാഴ്ച മൈക്കിലൂടെ വാങ്ക് വിളി നടത്തുന്ന പള്ളികള്‍ക്ക് മുന്പില് ഹനുമാന്ചലീസ ചൊല്ലാന്‍ ഹിന്ദുക്കളോട് രാജ് താക്കറെ ആവശ്യപ്പെട്ടിരിക്കുന്നത്.
“സുപ്രിംകോടതി ഉത്തരവില്‍ ലൗഡ് സ്പീക്കറുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ട സമയവും ശബ്ദത്തിന്റെ അളവും കൃത്യമായി പറഞ്ഞിട്ടുണ്ട്. പക്ഷെ പല പള്ളികളിലെയും ലൗഡ് സ്പീക്കറുകള്‍ അനധികൃതമാണ്. എന്തിന് പള്ളികള്‍ തന്നെ പലതും അനധികൃതമാണ്. പിന്നെയെങ്ങിനെ അതില്‍ പ്രവര്‍ത്തിക്കുന്ന ലൗഡ് സ്പീക്കറുകള്‍ നിയമപരമാവും? അങ്ങിനെയെങ്കില്‍ ഇന്ത്യയിലുടനീളമുള്ള ക്ഷേത്രങ്ങളിലും മൈക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കണം”- രാജ് താക്കറെ ആവശ്യപ്പെട്ടു.
മെയ് നാലിന് ജനങ്ങളില്‍ നിന്നും ലൗഡ്സ്പീക്കറുകള്‍ ഉപയോഗിക്കുന്നതിനെതിരെ ഒപ്പുശേഖരണം നടത്തി അതത് പൊലീസ് സ്റ്റേഷനുകളില്‍ നല്‍കാനും രാജ് താക്കറെ ആവശ്യപ്പെട്ടു. സ്വമേധയാ മൈക്കുകള്‍ പിന്‍വലിച്ച പള്ളികളെ രാജ് താക്കരെ അഭിനന്ദിച്ചു. ലൗഡ് സ്പീക്കര്‍ വഴി വാങ്ക് വിളിക്കുന്നതിനെ ഒരു മതപ്രശ്നമായല്ല, സാമൂഹ്യപ്രശ്നമായാണ് താന്‍ കാണുന്നതെന്നും അങ്ങിനെയല്ല, അത് മതപ്രശ്നമായാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ തിരിച്ചും മതപരമായ പ്രതികരണം ഉണ്ടാകുമെന്നും രാജ് താക്കറെ വെല്ലുവിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: