ന്യൂദല്‍ഹി : കോണ്‍ഗ്രസ് നേതാവ് നേപ്പാളിലെ നിശാ ക്ലബ്ബിലെ പാര്‍ട്ടിയിലല്ല, വിവാഹഘോഷത്തിലാണ് പങ്കെടുത്തത്. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നത് രാജ്യത്ത് കുറ്റമല്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല. രാഹുല്‍ഗാന്ധി കാഠ്മണ്ഡുവിലെ നിശാ ക്ലബ്ബില്‍ പങ്കടുത്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കുന്നത് നമ്മുടെ രാജ്യത്ത് കുറ്റമല്ല. ഇത് നിയമ വിരുദ്ധമാണെന്നാണ് ബിജെപി പറയുന്നതെങ്കില്‍ സുഹൃത്തുക്കള്‍ ഉള്ളതും തെറ്റാകും. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നത് നിയമ വിരുദ്ധമെങ്കില്‍ അവര്‍ അത് തെളിയിക്കട്ടേ. ഇന്ത്യയുമായി സൗഹാര്‍ദ്ദ ബന്ധം പുലര്‍ത്തുന്ന നേപ്പാളില്‍ സുഹൃത്തിന്റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായാണ് രാഹുല്‍ ഗാന്ധി പോയത്. അവര്‍ ഒരു മാധ്യമ പ്രവര്‍ത്തക കൂടിയാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നത് നമ്മുടെ നാടിന്റെ സംസ്കാരവും പൈതൃകവുമാണെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിസന്ധി അഭിമുഖീകരിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശ നിശാ ക്ലബ്ലില്‍ നില്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതില്‍ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പാര്‍ട്ടി പ്രതിസന്ധി ഘട്ടത്തില്‍ നില്ക്കുമ്പോള് രാഹുല്‍ ഗാന്ധിക്ക് ഇത്തരത്തിലുള്ള ആഘോഷം പതിവാണെന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. കോണ്‍ഗ്രസ്സിനുള്ളില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് സുര്‍ജേവാല വിശദീകരണവുമായി രംഗത്ത് എത്തിയത്.
മാരിയറ്റ് ഹോട്ടലില്‍ നടന്ന മാധ്യമപ്രവര്‍ത്തകയും സുഹൃത്തുമായ സുമ്നിമ ഉദസിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ കാഠ്മണ്ഡുവില്‍ എത്തിയത്. സുഹൃത്തും മുന്‍ സിഎന്‍എന്‍ ലേഖികയുമായ സുമ്നിമ ഉദസ് നിമ മാര്ട്ടിന് ഷെര്‍പ്പയെ ആണ് വിവാഹം കഴിക്കുന്നത്. സുമ്നിനയുടെ പിതാവ് ഭൂം ഉദാസ് മ്യാന്മറിലെ നേപ്പാളി അംബാസഡറായി സേവനമനുഷ്ഠിച്ചിരുന്നു. മെയ് 5 ന് ബൗദ്ധയിലെ ഹയാത്ത് റീജന്‍സി ഹോട്ടലില്‍ വിവാഹത്തിന്റെ ഔപചാരികമായ റിസപ്ഷന് നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: