കാസര്‍കോഡ് : ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍ ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റ് മാനേജറായ പടന്ന സ്വദേശി അഹമ്മദാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
വിദ്യാര്‍ത്ഥി ഷവര്‍മ്മ വാങ്ങിയ ഐഡിയല്‍ ഫുഡ് പോയിന്റ് ഉടമ കുഞ്ഞഹമ്മദിനായി തെരച്ചില്‍ നടത്തി വരികയാണ്. ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചേക്കും. കേസില്‍ നാലാം പ്രതിയാണ് കുഞ്ഞഹമ്മദ്. സ്ഥാപനത്തിന്റെ മാനേജിങ് പാര്‍ട്ണര്‍ മുല്ലോളി അനെക്സ്ഗര്‍, ഷവര്‍മ്മ തയ്യാറാക്കുന്ന നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരാണ് ഇതിന് മുമ്പ് അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ്മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കണ്ണൂര്‍ കരിവെള്ളൂര്‍ പെരളം സ്വദേശി ദേവനന്ദ കഴിഞ്ഞ ദിവസം മരണമടയുകയും ചെയ്തിരുന്നു. മൂന്ന് പേര് ഇപ്പോഴും പരിയാരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലാണ്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. ഒരു കുട്ടിയുടെ വൃക്കയ്ക്ക് തകരാറും മറ്റ് കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുമുണ്ട്. ഇവരുടെ ചികിത്സയ്ക്കായി അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. നാല് കുട്ടികള്‍ കണ്ണൂര്‍ മിംസ് ആശുപത്രിയിലും കഴിയുന്നുണ്ട്.
സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കുമാണ് റിപ്പോര്‍ട്ട് കൈമാറിയത്. ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കട പൂട്ടി സീല്‍ ചെയ്തു. 2012 ലും സംസ്ഥാനത്ത് ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് ഒരു യുവാവ മരണമടയുകയും ഇത് വിവാദമാവുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: