തിരുവനന്തപുരം : ക്യാബിനറ്റ് റാങ്കില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ദല്‍ഹിയില്‍ നിയമിച്ച സമ്പത്തിന് വേണ്ടി ഖജനാവില്‍ നിന്നും ചെലവഴിച്ചത് 7.26 കോടി രൂപ. സംസ്ഥാന ധനമന്ത്രി നിയമസഭയില്‍ നല്‍കിയ ബജറ്റ് രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പിണറായി സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് കോടികള്‍ മുന്‍ എംപിയും സിപിഎം നേതാവുമായ സമ്പത്തിന് വേണ്ടി ചെലവഴിച്ചെന്ന കണക്കുകള്‍ പുറത്തുവരുന്നത്. സമ്പത്തിന്റെ 20 മാസത്തെ ശമ്പളം, യാത്രാബത്ത, ഓഫീസ് ചെലവ്, വാഹനം, മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് എന്നിവയ്‌ക്കു പുറമേ ദിവസ വേതനക്കാര്‍ ഉള്‍പ്പെടെയുള്ള പേഴ്സണല്‍ സ്റ്റാഫിന്റെ വേതനം, യാത്രാബത്ത എന്നിവയെല്ലാം ചേര്‍ത്താണ് പൊതുഖജനാവില്‍നിന്ന് ഇത്രയും തുക ചെലവിട്ടത്.
2019 -20 ല്‍ 3.85 കോടിയും 2020 21 ല്‍ 3.41 കോടി രൂപയുമാണ് സമ്പത്തിനും അദ്ദേഹത്തിന്റെ ഓഫീസിനുമായി ചെലവഴിച്ചത്. കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച 2021-22 ലേയും 2022-23 ലേയും ബജറ്റ് ഡോക്യുമെന്റിലാണ് ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഉള്ളത്.
2019 ആഗസ്തിലാണ് കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി സമ്പത്തിനെ ദല്‍ഹിയില്‍ നിയമിക്കുന്നത്. ഇത് കൂടാതെ സമ്പത്തിനായി 4 പേഴ്സണല്‍ സ്റ്റാഫുകളേയും ദിവസ വേതനത്തിന് 6 പേരേയും അനുവദിച്ചിരുന്നു. ദല്‍ഹിയില്‍ സര്‍ക്കാരിന്റെ കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ റസിഡന്റ് കമ്മീഷണറായും അദ്ദേഹത്തെ സഹായിക്കാന്‍ സ്റ്റാഫുകളും ഉണ്ടായിരുന്നു. അതിനിടെയാണ് സമ്പത്തിന് കാബിനറ്റ് റാങ്ക് നല്‍കിക്കൊണ്ടുള്ള സമ്പത്തിന്റെ നിയമനം.
സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും അതെല്ലാം അവഗണിച്ചുകൊണ്ടായിരുന്നു പിണറായി സര്‍ക്കാരിന്റെ നടപടി. ഏകോപനം ഏറ്റവും ആവശ്യമായിരുന്ന കോവിഡ് കാലത്ത് സമ്പത്ത് ദല്‍ഹിയിലുണ്ടായിരുന്നില്ല. അടിയന്തിര സാഹചര്യത്തില്‍ ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ പോലും സാധിച്ചിരുന്നില്ലെന്നും വിമര്‍ശനം ഉയരുന്നിരുന്നു. അതിനിടയിലാണ് സര്‍ക്കാര്‍ ഇത്രയും നാള്‍ പൂഴ്‌ത്തിവെച്ച കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: