തിരുവനന്തപുരം: സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ പറ്റി പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നിയമമന്ത്രി പി രാജീവ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. കൂടിക്കാഴ്ചയില്‍ സമര്‍പ്പിച്ച കത്തിന്റെ പൂര്‍ണരൂപം സംഘടന പുറത്തുവിട്ടു. ഹേമ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ മാത്രം ചര്‍ച്ച ചെയ്ത് ഒന്നിന് പുറകേ ഒന്നായി കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ട് കാര്യമില്ലെന്നാണ് തങ്ങളുടെ നിലപാടെന്ന് സംഘടന ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ സംക്ഷിപത് രൂപം പുറത്തുവിട്ട് നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നാണ് കത്തില്‍ സംഘടന ആവശ്യപ്പെടുന്നത്.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മുന്നോട്ടു വയ്‌ക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങള്‍ മൂടിവെച്ച് നിര്‍ദേശങ്ങള്‍ മാത്രം പുറത്തു വിട്ടാല്‍ പോര. നാലാം തീയതി സര്‍ക്കാര്‍ ക്ഷണിച്ച മീറ്റിങ്ങില്‍ ഏറെ പ്രതീക്ഷയോടെയാണ് പങ്കെടുക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ബഹുമാനപ്പെട്ട മന്ത്രി രാജീവുമായി ഞങ്ങള്‍ നടത്തിയ മീറ്റിങ്ങില്‍ (21012022) സമര്‍പ്പിച്ച കത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ പോസ്റ്റ് ചെയ്യുന്നു.ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഞങ്ങള്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ നീണ്ടു പോയപ്പോള്‍ ഞങ്ങള്‍ സാധ്യമായ എല്ലാ സര്‍ക്കാര്‍ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു.
അവസാനം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവണ്‍മെന്റ് നിശ്ശബ്ദമായിരുന്നപ്പോള്‍ ഞങ്ങള്‍ അതിനെതിരെ തുടരെ ശബ്ദമുയര്‍ത്തിയിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് മുന്നോട്ടു വയ്‌ക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങള്‍ മൂടിവെച്ച് നിര്‍ദേശങ്ങള്‍ മാത്രം പുറത്തു വിട്ടാല്‍ പോര. അതില്‍ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവിതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ), കണ്ടെത്തലുകളും ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. അതിനാലാണ് ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം ചര്‍ച്ച ചെയ്ത് കമ്മിറ്റികള്‍ ഒന്നിനു പുറകെ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്നു ഞങ്ങള്‍ പറയുന്നത്.
ഹേമ കമ്മിറ്റി മുന്നോട്ടുവെച്ചു നിര്‍ദ്ദേശങ്ങളില്‍ അവര്‍ എത്താനുണ്ടായ കാരണം പൊതു ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. മാത്രവുമല്ല ഗവണ്‍മെന്റ് പുറത്തു വിടുന്ന കമ്മിറ്റിയുടെ രൂപം ഹേമ കമ്മിറ്റി അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തേണ്ടത് അതിപ്രധാനമാണ്.നാലാം തീയതി ഗവണ്‍മെന്റ് ക്ഷണിച്ച മീറ്റിങ്ങില്‍ ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങള്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: