കോഴിക്കോട്: നിരപരാധികളായ എട്ട് മത്സ്യത്തൊഴിലാളികളെ കൂട്ടക്കൊല ചെയ്ത ഇസ്ലാമിക ഭീകരാക്രമണത്തിന് രണ്ട് പതിറ്റാണ്ട്. 2003 മെയ് രണ്ടിനാണ് കോഴിക്കോട് ബേപ്പൂരിനടുത്ത മാറാട് കടപ്പുറത്ത് കൂട്ടക്കൊല അരങ്ങേറിയത്. കടലോരത്ത് നിന്നും ഹിന്ദു മത്സ്യത്തൊഴിലാളികളെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നു അന്ന് നടന്ന ഭീകരാക്രമണം. കൂട്ടക്കൊലയ്‌ക്ക് പ്രതികരണമുണ്ടാകുമെന്നും അതിനെ തുടര്‍ന്ന് വ്യാപകമായ കലാപം നടത്താനുമായിരുന്നു ഇസ്ലാമിക ഭീകരര്‍ പദ്ധതിയിട്ടത്. ഉറ്റ ബന്ധുക്കള്‍ കൊലചെയ്യപ്പെട്ടതിലെ ദു:ഖം കടിച്ചമര്‍ത്തിയ കടലോരജനത നീതിന്യായവ്യവസ്ഥയില്‍ പൂര്‍ണവിശ്വാസം അര്‍പ്പിച്ച് ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ ജനകീയ പ്രതിരോധവും നിയമപോരാട്ടം നടത്തുവാനുമാണ് തീരുമാനിച്ചത്. ഹിന്ദുസംഘടനകളും ആധ്യാത്മിക ആചാര്യന്മാരും ഇതിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണകോടതി 63 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഹൈക്കോടതി ഈ ശിക്ഷ ശരിവെച്ചുകൊണ്ട് മറ്റ് 22 പ്രതികള്‍ക്കുകൂടി ജീവപര്യന്തം ശിക്ഷ വിധിച്ചതോടെ അത്യപൂര്‍വ്വമായ നിയമപോരാട്ടമായി അത് ചരിത്രത്തില്‍ ഇടം പിടിച്ചു.
ഭീകരാക്രമണത്തിന് കേന്ദ്രമായി മാറിയത് മാറാട് ജുമാമസ്ജിദ് ആയിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് കേരളം അന്ന് അറിഞ്ഞത്. കേസിലെ 142 ാം പ്രതി മജീദിന് അഞ്ച് കൊല്ലം തടവു ശിക്ഷ വിധിച്ചത് ആരാധനാലായങ്ങള്‍ ദുരുപയോഗം ചെയ്ത വകുപ്പ് പ്രകാരമായിരുന്നു. വീണ്ടും ഭീകരര്‍ ആക്രമണത്തിന് ആസൂത്രണം ചെയ്യുന്നത് ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാണെന്ന വിവരമാണ് ആലപ്പുഴയിലേയും പാലക്കാട്ടേയും അക്രമങ്ങള്‍ തെളിയിക്കുന്നത്. പാലക്കാട് ശംഖുവരത്തോട് പള്ളി പ്രതികള്‍ക്ക് ഒളിത്താവളമായി മാറി.പള്ളിയിലെ ഇമാം സദ്ദാംഹുസൈന്‍ കേസില്‍ പ്രതിയായി റിമാന്റിലാണ്. കേരളശ്ശേരി പഞ്ചായത്തിലെ മുളയംകുഴി പള്ളി മഖാമും കൊലപാതകികളുടെ ഒളിത്താവളമായി. ഇക്ബാല്‍ എന്ന പ്രതി ആറ് ദിവസമാണ് ഇവിടെ ഒളിവില്‍ കഴിഞ്ഞത്.
മാറാട് കൂട്ടക്കൊലയ്‌ക്ക് പിന്നിലെ ആഴത്തിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്ന ഹിന്ദു സംഘടനകളുടെ നിലപാടിനെ ഇടതുവലതു മുന്നണികള്‍ അവഗണിക്കുകയായിരുന്നു. മാറാട് കൂട്ടക്കൊലയ്‌ക്ക് പിന്നിലെ ഭീകരബന്ധം പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ കേരളത്തില്‍ പിന്നീടുണ്ടായ നിരവധി ഭീകരാക്രമണങ്ങളെ തടയാന്‍ കഴിയുമായിരുന്നു. മാറാട് ജുഡീഷ്യല്‍ കമ്മിഷന്റെ പ്രധാന നിര്‍ദേശവും സിബിഐ അന്വേഷണം അനിവാര്യമാണെന്നായിരുന്നു. എന്നാല്‍ ഇതിനെ അട്ടിമറിക്കാനായിരുന്നു കേരളത്തില്‍ ഇരുമുന്നണികളും പരിശ്രമിച്ചത്. ജുഡീഷ്യല്‍ കമ്മിഷന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് 2006 സപ്തംബര്‍ 12 ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിന് കത്തയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായി. എന്നാല്‍ അന്ന് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു. പിന്നീട് 2016ലാണ് ഗൂഢാലോചന അന്വേഷിക്കാമെന്ന നിലപാട് സിബിഐ ഹൈക്കോടതിയിലെ അറിയിക്കുന്നത്. ഹൈക്കോടതി വിധിയെതുടര്‍ന്ന് 2017 ല്‍ ജനുവരി 19 ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ അന്വേഷണം ആരംഭിച്ചു. ആവശ്യമായ രേഖകള്‍ പോലും സംസ്ഥാന സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായില്ല. നിരവധി തെളിവുകള്‍ നശിച്ചുപോയെങ്കിലും ലഭ്യമായ തെളിവുകള്‍ പോലും സമാഹരിക്കാന്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല എന്ന ആരോപണമാണ് ഉയരുന്നത്. പ്രതികളെയും അന്നത്തെ എന്‍ഡിഎഫ് നേതാക്കളെയും ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കാവുന്ന വിവരങ്ങള്‍ പോലും ശേഖരിക്കുന്നതില്‍ അന്വേഷണ സംഘം വീഴ്ചവരുത്തുകയാണ്. മാറാട് അരയസമാജത്തിന്റെ സുപ്രധാനമായ ആവശ്യം നീതിന്യായ കോടതി അംഗീകരിച്ചെങ്കിലും അത് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയിലാണ് കടലോര സമൂഹവും ഹിന്ദു സംഘടനകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: