ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നതോടെ ഖാദിയുടെ ഭാഗ്യം തെളിഞ്ഞു. കേന്ദ്രം നല്കുന്ന സഹായങ്ങളും ആനുകൂല്യങ്ങളും ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പദ്ധതികളും ഖാദി മേഖലയെ വന്വിജയത്തിലെത്തിച്ചു.
2021-22ല്‍ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന് (കെവിഐസി) നേടിയത് 1.15 ലക്ഷം കോടി രൂപയുടെ വിറ്റുവരവ്. ഉപഭോക്തൃ വസ്തുക്കള്‍ വിപണം ചെയ്യുന്ന രാജ്യത്തെ മറ്റൊരു കമ്പനിയും ഇതുവരെ കൈവരിക്കാത്ത നേട്ടമാണിത്. ഈ മേഖലയിലുള്ള, ഒരു ലക്ഷം കോടി വിറ്റുവരവുണ്ടാക്കിയ ഒരേയൊരു സ്ഥാപനമാണ് കെവിഐസി.
2020-21ല്‍ 95,741.74 കോടിയായിരുന്നു വിറ്റുവരവ്. 2021-22ല്‍ ഇത് 1,15,415.22 കോടിയായി. 2014-2015ലേതുമായി താരതമ്യം ചെയ്താല്‍ ഖാദി ഗ്രാമ വ്യവസായങ്ങളിലെ, ഉത്പാദനത്തില്‍ 172 ശതമാനം വര്‍ധന. വില്‍പ്പനയില്‍ 248 ശതമാനമാണ് വര്‍ധന. കൊവിഡ് പ്രതിസന്ധിയിലും വന്‍ നേട്ടമാണ് കെവിഐസി കൈവരിച്ചത്.
ഖാദി, വില്ലേജ് വ്യവസായങ്ങളില്‍ ഖാദി മാത്രം എടുത്താല്‍ 43.20 ശതമാനമാണ്. 2020-21ല്‍ 3528 കോടിയായിരുന്ന വിറ്റുവരവ് 2021-22ല്‍ 5052 കോടിയായി. എട്ടു വര്‍ഷം കൊണ്ട് (2014-15) ഉത്പാദനം 191 ശതമാനം കൂടി. വില്‍പ്പന 332 ശതമാനവും. ഗ്രാമവ്യവസായ മേഖലയുടെ 2020-21ലെ വിറ്റുവരവ് 92,214 കോടിയായിരുന്നത് 2021-22ല്‍ 1,10,364 കോടിയായി. ഖാദിക്ക് മോദി നല്കുന്ന പ്രാധാന്യമാണ് വ്യവസായത്തിന് തുണയായതെന്ന് കെവിഐസി ചെയര്മാന് വിനയ്കുമാര്‍ സക്സേന പറഞ്ഞു. ആത്മനിര്‍ഭരത്, സ്വദേശി തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് മോദിയുടേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: