കാസര്‍കോട്: ഷവര്‍മ കഴിച്ച പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ കൂള്‍ബാറിന്റെ വാന്‍ തീവച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് സ്ഥാപനത്തിന് സമീപം നിര്‍ത്തിയിട്ട വാഹനമാണ് കത്തിച്ചത്. വാഹനം ചന്തേര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ആരാണ് വാന്‍ കത്തിച്ചത് എന്ന് കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.
അതേസമയം, സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട് ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ്പോയിന്റ് മാനേജിംഗ് പാര്‍ട്ണര്‍ മംഗളൂരു സ്വദേശി അനസ്, ഷവര്‍മയുണ്ടാക്കിയ നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരാണ് അറസ്റ്റിലായത്. മനഃപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്ഥാപനത്തിന്റെ ഉടമ വിദേശത്താണ്.
കരിവെള്ളൂര്‍ പെരളം പഞ്ചായത്തിലെ മുണ്ടചീറ്റ സ്വദേശി പരേതനായ നാരായണന്- ഇ.വി പ്രസന്ന ദമ്പതികളുടെ ഏക മകള്‍ ദേവനന്ദയാണ് (16) ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. ശനിയാഴ്ചയാണ് പെണ്‍കുട്ടി ഷവര്‍മ്മ കഴിച്ചത്. പിന്നാലെ പനിയും വയറിളക്കവും ബാധിച്ച് ചെറുവത്തൂര്‍ വി.വി സ്മാരക ആശുപത്രിയില്‍ ചികിത്സ തേടിയ ദേവനന്ദയെ നില ഗുരുതരമായതിനാല്‍ ഇന്നലെ രാവിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെയെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിച്ചു. പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.
ഈ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ച് അവശനിലയിലായ 31 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഷവര്‍മ്മ കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛര്‍ദ്ദിയും പനിയും വയറിളക്കവും ബാധിച്ചതില്‍ ഒരു വിദ്യാര്‍ത്ഥി ഒഴികെ മറ്റുള്ളവരുടെ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: