ന്യൂദല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍, കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ച ഡീറ്റെയില്‍ഡ് പ്രൊജക്റ്റ് റിപ്പോര്‍ട്ടില്‍ പദ്ധതിയുടെ സാങ്കേതിക ക്ഷമതയെക്കുറിച്ചുള്ള വിവരങ്ങളില്ല. ഇതേതുടര്‍ന്ന് കേന്ദ്രം കെ റെയിലിനോട് സാങ്കേതിക റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേന്ദ്ര റെയില്‍വേ സഹമന്ത്രി റാവുസാഹിബ് പട്ടീല്‍ ദാന്‍വേയാണ് സാങ്കേതിക റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്ന കാര്യം വ്യക്തമാക്കിയത്.
നിക്ഷേപപൂര്‍വ്വ പ്രവൃത്തികള്‍ നടത്താനുള്ള തത്വത്തിലുള്ള അനുമതി മാത്രമാണ് റെയില്‍വേ മന്ത്രാലയം, സില്‍വര്‍ ലൈന്‍ പദ്ധതിക്ക് നല്‍കിയിട്ടുള്ളത്. ഇതുപ്രകാരമാണ് കെ. റെയില്‍, ഡിപിആര്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ പദ്ധതിയുടെ സാങ്കേതിക ക്ഷമതയുമായി ബന്ധപ്പെട്ട വിശദാംശങ്ങളില്ല. ഇതിനാലാണ് അലൈന്‍ന്മെന്റ് പ്ലാന്‍, റെയില്‍വേ ഭൂമിയുടെയും സ്വകാര്യഭൂമിയുടെയും വിശദാംശങ്ങള്‍, ക്രോസ്സിങ്ങുകളുടെ വിവരങ്ങള്‍ എന്നിവ അടങ്ങിയ സാങ്കേതിക റിപ്പോര്‍ട്ട് കേന്ദ്രം കെ റെയിലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം മാത്രമേ സാങ്കേതിക ക്ഷമത അംഗീകാരം പദ്ധതിക്ക് കേന്ദ്രം നല്‍കൂ. സാമ്പത്തിക ക്ഷമതയും അതിനുശേഷം കേന്ദ്ര റെയില്‍വേ മന്ത്രാലയം പരിശോധിക്കും. സാങ്കേതിക-സാമ്പത്തിക ക്ഷമത വിലയിരുത്തിയ ശേഷമേ പദ്ധതിയ്‌ക്ക് കേന്ദ്രം അന്തിമ അനുമതി നല്‍കുകയുള്ളുവെന്ന് ദാന്‍വേ അറിയിച്ചു.
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: