കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കാന്‍, കസ്റ്റംസ് 15 അംഗ ഉദ്യോഗസ്ഥ സംഘത്തെ വിനിയോഗിക്കുന്നു. കസ്റ്റംസ് ഇന്റലിജന്‍സ്, ഇ ഡി തുടങ്ങിയ മറ്റ് സുരക്ഷാ-രഹസ്യ പ്രവര്‍ത്തന കേന്ദ്ര സംവിധാനങ്ങളും വര്‍ധിപ്പിക്കും. നിലവിലെ ഉദ്യോഗസ്ഥ വൃന്ദത്തിന് പുറമേയാണിത്. ഈ വിമാനത്താവളം കേന്ദ്രമാക്കിയുള്ള സ്വര്‍ണക്കള്ളക്കടത്ത് വര്‍ധിച്ച സാഹചര്യത്തിലാണിത്. കഴിഞ്ഞ് സാമ്പത്തിക വര്‍ഷം മാത്രം പിടിച്ചത് 266 കിലോ സ്വര്‍ണമാണ്. ഇതിന്റെ പലമടങ്ങ് സുരക്ഷിതമായി കടത്തിയിട്ടുണ്ടാവാമെന്നാണ് കരുതുന്നത്.
ഈ വിമാനത്താവളത്തില്‍കൂടിയുള്ള കള്ളക്കടത്തിടപാടുകള്‍ താവളത്തിലെ പരിശോധനകള്‍ ആസൂത്രിതമായി കടന്ന് പുറത്തിറക്കിയ ശേഷമാണ് പിടിയിലാകുന്നത്. ഇത് മറ്റൊരു ആസൂത്രണമായാണ് കസ്റ്റംസ് വിലയിരുത്തുന്നത്. അന്താരാഷ്‌ട്രതലത്തില്‍ വലിയ വിമാനങ്ങളുടെ ഓപ്പറേഷന്‍, റണ്‍വേയുടെ സാങ്കേതിക പ്രശ്നങ്ങളേയും അപകടത്തേയും തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷയും പരിശോധനയും ലഘുവാക്കിയിട്ടുണ്ട്. ഇത് അവസരമാക്കിയാണ് വന്‍തോതില്‍ സ്വര്‍ണം കടത്തുന്നത്.
ഗള്‍ഫില്‍നിന്ന് എത്തിയ യാത്രക്കാരില്‍നിന്ന് മാത്രമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം കരിപ്പൂര്‍ താവളം വഴി കടത്തിയ 266 കിലോ സ്വര്‍ണം പിടികൂടിയിരുന്നു. എയര്‍കസ്റ്റംസ് ഇന്റലിജന്‍സും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചേര്‍ന്നാണിത്രയും പിടിച്ചത്. എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് മാത്രം 200 കിലോ സ്വര്‍ണവും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം 66 കിലോ സ്വര്‍ണവും. ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) പിടികൂടിയത് വേറേയുമുണ്ട്. സംസ്ഥാന പോലീസിന്റെ കണ്ടെത്തലില്‍ കിട്ടിയ സ്വര്‍ണവും ചേര്‍ത്താല്‍ 280 കിലോയിലേറെ വരും.
സ്വര്‍ണം കടത്തിയതിന് പിടിയിലായത് 214 പേരാണ്. അവരില്‍നിന്ന് കണ്ടെടുത്തത് 87.92 കോടിയുടെ സ്വര്‍ണമാണ്. ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തിനിടെ മാത്രം കസ്റ്റംസ് 77 കേസുകളിലായി 24.87 കോടിയുടെ 54.95 കിലോഗ്രാം സ്വര്‍ണം പിടിച്ചു. സ്വര്‍ണക്കടത്തില്‍ സ്ത്രീകളുടെ പങ്കും ശ്രദ്ധേയമാണ്. ഏഴ് സ്ത്രീകളില്‍നിന്നായി 5.56 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം 66 കിലോ സ്വര്‍ണം പിടിച്ചത് 81 യാത്രക്കാരില്‍ നിന്നാണ്.
സ്വര്‍ണക്കട്ടികള്‍, ബിസ്‌ക്കറ്റുകള്‍ എന്നിവയായിരുന്നു പണ്ട് കള്ളക്കടത്തിലെ രീതികള്‍. ഇപ്പോള്‍ അധികവും സ്വര്‍ണ മിശ്രിതങ്ങളാണ്. കാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് കള്ളക്കടത്തുകാര്‍ എത്തുന്നത്. എയര്‍കസ്റ്റംസ് പിടിച്ച 214 കേസില്‍ 165 എണ്ണവും സ്വര്‍ണമിശ്രിതം കടത്തലാണ്. അതുകഴിഞ്ഞാല്‍ ഇലക്ട്രോണിക് യന്ത്രങ്ങളിലൂടെയാണ് കടത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: