ന്യൂദല്‍ഹി: രാജ്യത്ത് നിലവില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേയെ ചുമതലപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. താപവൈദ്യുതി നിലയങ്ങളിലേക്ക് കല്‍ക്കരി അതിവേഗത്തില്‍ എത്തിക്കാനാണ് റെയില്‍വേയ്ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കല്‍ക്കരി വാഗണുകള്‍ക്ക് വേഗത്തില്‍ കടന്നുപോകുന്നതിനായി 657 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. പാസഞ്ചര്‍, മെയില്‍, എക്സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്. രാജ്യത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് തടയാനാണ് ഇത്തരത്തില്‍ ഒരു നീക്കം കേന്ദ്രം സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. എല്ലാ റൂട്ടുകളില്‍ കല്‍ക്കരി വഹിച്ചുകൊണ്ടുവരുന്ന ട്രെയിനുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.
താപ വൈദ്യുതി നിലയങ്ങളില്‍ ആവശ്യമായ കല്‍ക്കരി എത്തിക്കുന്നതിന്റെ ചുമതല പൂര്‍ണമായും റെയില്‍വേ ഏറ്റെടുത്തിട്ടുണ്ട്. ഇന്ന് 533 റേക്ക് കല്ക്കരികളാണ് റെയില്‍വേ താപവൈദ്യുതി നിലയങ്ങളില്‍ എത്തിച്ചിരിക്കുന്നത്. ഇന്നലെ 427 റേക്ക് കല്‍ക്കരിയും എത്തിച്ചിരുന്നതായി റെയില്‍വേ വ്യക്തമാക്കി. 1.62 ദശലക്ഷം കല്‍ക്കരിയാണ് വൈദ്യുതി നിലയങ്ങളില്‍ എത്തിച്ചത്. യുദ്ധകാലാടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും റെയില്‍വേ അറിയിച്ചു.
അതേസമയം, ഛത്തീസ്ഗഢില്‍ എം.പിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ മൂന്ന് ട്രെയിനുകള്‍ പുന:സ്ഥാപിച്ചു. പല സംസ്ഥാനങ്ങളിലെയും വൈദ്യുതി നിലയങ്ങളിലെ സ്റ്റോക്ക് വളരെ കുറവായതിനാലാണ് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുന്നതെന്ന് റെയില്‍ വേ അധികൃതര്‍ അറിയിച്ചിരുന്നു. ട്രെയിനുകള്‍ നിര്‍ത്തലാക്കിയത് താല്‍ക്കാലികമാണെന്നും എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കുമെന്നും ഇന്ത്യന്‍ റെയില്‍വേ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗൗരവ് ക്രിഷ്ണ ബന്‍സാല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: