തൃശ്ശൂര്‍: പൂരത്തിന്റെ ഭാഗമായി സ്വരാജ് റൗണ്ടില്‍ നിര്‍മ്മിക്കുന്ന ബഹുനില പന്തലുകള്‍ ഇത്തവണയും ജനസഹസ്രങ്ങള്‍ക്ക് അത്ഭുതമാകും. വാനില്‍ ഉയരുന്ന വര്‍ണ പന്തലുകള്‍ പൂരത്തിനെത്തുന്ന കാണികള്‍ക്ക് ഇമ്പമുള്ള കാഴ്ചയാക്കാനുള്ള തയ്യാറെടുപ്പിലാണ് പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍. പാറമേക്കാവിനും തിരുവമ്പാടിക്കുമായി ഇത്തവണ സഹോദരങ്ങളാണ് പൂരപ്പന്തലുകള്‍ ഒരുക്കുന്നത്. ചെറുതുരുത്തി സ്വദേശികളും സഹോദരങ്ങളുമായ യൂസഫും സെയ്തലവിയുമാണ് പന്തല്‍ നിര്‍മാണത്തിന്റെ ചുമതലക്കാര്‍. പാറമേക്കാവിനായി യൂസഫും തിരുവമ്പാടിയ്‌ക്കായി സെയ്തലവിയും.
ഇരുവരും പന്തല്‍ നിര്‍മാണരംഗത്ത് വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ളവരാണ്. പാറമേക്കാവ് വിഭാഗം മണികണ്ഠനാലിലും തിരുവമ്പാടി വിഭാഗം നടുവിലാലിലും നായ്‌ക്കനാലിലുമാണ് പന്തല്‍ ഉയര്‍ത്തുന്നത്. പൂരത്തോടനുബന്ധിച്ച് സ്വരാജ് റൗണ്ടില്‍ തിരുവമ്പാടി വിഭാഗത്തിന്റെ പന്തലുകളുടെ നിര്‍മാണം ഇന്നലെ ആരംഭിച്ചു.
രാവിലെ ക്ഷേത്രം മേല്‍ശാന്തി ഭൂമിപൂജ നടത്തിയ ശേഷം തട്ടകക്കാരാണ് പന്തല്‍ കാല്‍നാട്ട് നിര്‍വഹിച്ചത്. പി.ബാലചന്ദ്രന്‍ എംഎല്‍എ, മേയര്‍ എം.കെ വര്‍ഗീസ്, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, മുന്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി.നന്ദകുമാര്‍, കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പി.രാധാകൃഷ്ണന്‍, സെക്രട്ടറി സി.വിജയന്‍, പൂരം പ്രദര്‍ശന കമ്മിറ്റി ഭാരവാഹി പി.ശശി, വടക്കുന്നാഥന്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.ആര്‍ ഹരിഹരന്‍, പ്രവാസി വ്യവസായി സുന്ദര്‍ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നടുവിലാലിലും നായ്‌ക്കനാലിലുമായി ഗോപുരത്തിന്റെ മാതൃകയില്‍ മൂന്ന് നിലകളിലുള്ള പന്തലുകളാണ് തിരുവമ്പാടി നിര്‍മിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതുമയോടെ ഒരുക്കുന്ന പന്തലില്‍ സാമ്പിള്‍ വെടിക്കെട്ട് ദിനത്തില്‍ വൈദ്യുതദീപങ്ങള്‍ തെളിയും. കാല്‍നാട്ടല്‍ നടന്ന ഇന്നലെ 15 പേര്‍ പന്തല്‍ നിര്‍മാണത്തിനുണ്ടായിരുന്നു. രാത്രിയും പകലുമായുള്ള പണികള്‍ക്കായി വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെത്തുമെന്ന് കരാറുകാരന്‍ സെയ്തലവി പറഞ്ഞു. തിരുവമ്പാടിയ്‌ക്ക് വേണ്ടി 12-ാം തവണയാണ് സെത്‌ലവി പൂരപ്പന്തലൊരുക്കുന്നത്.
പാറമേക്കാവ് വിഭാഗത്തിന്റെ പന്തല്‍ നിര്‍മാണം മണികണ്ഠനാലില്‍ തിങ്കളാഴ്ച തുടങ്ങിയിരുന്നു. ഗോപുരത്തിന്റെ മാതൃകയില്‍ നാലുനില പന്തലാണ് പാറമേക്കാവ് നിര്‍മ്മിക്കുന്നത്. പന്തലിന്റെ നിര്‍മാണത്തില്‍ പുതുമകളുണ്ടെന്ന് കരാറുകാരന്‍ യൂസഫ് പറയുന്നു. രണ്ടാംനിലയുടെ പണികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. വേറിട്ട മാതൃകയില്‍ ഒരുക്കുന്ന പന്തലില്‍ വൈദ്യുതദീപാലങ്കാരത്തിലും വ്യത്യസ്തയുണ്ടാകും. പാറമേക്കാവിനായി 10ാം തവണയാണ് യൂസഫ് പന്തല്‍ ഒരുക്കുന്നത്. 50ഓളം തൊഴിലാളികള്‍ രാത്രിയും പകലുമായി പന്തല്‍ നിര്‍മാണത്തിനുണ്ട്.
തൃശ്ശൂര്‍ പൂരത്തിന് മാത്രമാണ് സ്വരാജ് റൗണ്ടില്‍ പന്തലുകള്‍ നിര്‍മിക്കാറുള്ളത്. ഇതിന് പാറമേക്കാവിനും തിരുവമ്പാടിക്കും മാത്രമേ അവകാശമുള്ളൂ. പന്തല്‍ നിര്‍മാണത്തില്‍ ഇരുവിഭാഗവും ഇപ്രാവശ്യവും സൗഹൃദ മത്സരത്തിലാണ്. അതിനാല്‍ പന്തലുകളുടെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാതെയാണ് നിര്‍മാണം പുരോഗമിക്കുന്നത്.
പന്തലുകളുടെ നിര്‍മാണം തുടങ്ങിയതോടെ തൃശ്ശൂര്‍ പൂരത്തിരക്കിലായി. ഒന്നര ആഴ്ച മാത്രമേ ഇനി പൂരത്തിനുള്ളൂ. പൂരത്തിന് മെയ് നാലിന് കൊടിയേറും. എട്ടിനാണ് സാമ്പിള്‍ വെടിക്കെട്ട്. 10നാണ് പൂരം. മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായ തടസങ്ങളും പ്രതിസന്ധികളും ഇത്തവണ ഇല്ലാത്തതിനാല്‍ പൂരത്തിനായി കാത്തിരിക്കുകയാണ് നാടും നഗരവും. കൊവിഡ് മഹാമാരിയുടെ രണ്ട് വര്‍ഷത്തെ അടച്ചിടലിന് ശേഷമെത്തിയ പൂരത്തെ ആഘോഷമാക്കാനുള്ള ആവേശത്തിലാണ് തൃശ്ശൂര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: