ന്യൂദല്‍ഹി : കോവിഡ് വീണ്ടും വ്യാപിക്കുന്നു പരോള്‍ കാലാവധി ദീര്ഘിപ്പിക്കണമെന്നാവശ്യപ്പെട്ട ടി.പി. ചന്ദ്രശേഖരന് കേസിലെ പ്രതികളോട് രണ്ടാഴ്ചയ്ക്കുള്ളില്‍ ജയിലിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി. സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയരുകയാണെന്നും അതിനാല്‍ പരോള്‍ കാലാവധി ദീര്ഘിപ്പിക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ ഹര്‍ജി തള്ളിയ കോടതി കോവിഡ് ഭീഷണി ഒഴിഞ്ഞെന്നും ജയിലിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
ടി.പി. ചന്ദ്രശേഖരന് കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി.കെ. രജീഷ്, കെ.സി. രാമചന്ദ്രന് ഉള്‍പ്പെടെയുള്ള പ്രതികളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ കോവിഡ് കേസുകള്‍ ഇപ്പോള്‍ ഭീതി ഉയര്‍ത്തുന്നില്ല. രാജ്യത്തെ എല്ലാ സംവിധാനങ്ങളും ഇപ്പോള്‍ സാധാരണ നിലയിലേക്ക് എത്തിക്കഴിഞ്ഞു. പരോള്‍ കാലാവധി നീട്ടുന്നത് പോലുള്ള പരിരക്ഷ ആവശ്യമില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പത്ത് വര്‍ഷത്തിന് മുകളില്‍ തടവുശിക്ഷ ലഭിച്ച പ്രതികള്‍ക്ക് പരോള്‍ നല്കി വിട്ടയയ്ക്കാനായിരുന്നു കോടതി ഉത്തരവ്. ഇതോടെ 350 ഓളം തടവുപുള്ളികള്‍ക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരും. അതേസമയം പരോള്കാലയളവ് ശിക്ഷാ കാലാവധിയായി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് വി. ചിദംബരേഷ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പിന്നീട് പരിഗണിക്കുമെന്നും സുപ്രീംകോടതി മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: