തിരുവനന്തപുരം: മാടമ്പിത്തരം വീട്ടില്‍ വെച്ചിട്ട് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എം.ജി.സുരേഷ്കുമാര്‍ ഓഫീസില്‍ വന്നാല്‍ മതിയെന്ന് കെഎസ്ഇബി ചെയര്മാന് ബി.അശോക്. തന്നോട് ധിക്കാരം കാണിക്കാന്‍ നോക്കേണ്ട. ഇരിക്കടാ അവിടെയെന്ന് പറയേണ്ടിവരും. മര്യാദയ്ക്ക് ജോലി ചെയ്യണം, അല്ലാതെ സ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമിക്കരുത്. അങ്ങനെ ഉണ്ടായാല്‍ എങ്ങനെ കൈകാര്യം ചെയ്യാന്‍ അറിയാമെന്നും അശോക് വ്യക്തമാക്കി.
വൈദ്യുതി ബോര്‍ഡിലെ ഓഫീസേഴ്സ് അസോസിയേഷനും ചെയര്‍മാനും തമ്മിലുള്ള പോര് കൂടുതല്‍ കടുത്തതോടെയാണ് താക്കീത് സ്വരത്തിലും മാറ്റംവന്നത്. സ്ഥലം മാറ്റ ഉത്തരവ് അംഗീകരിച്ച് ജോലിയില്‍ പ്രവേശിച്ചാല്‍ അനുഭാവ പൂര്‍ണമായ സമീപനം സ്വീകരിക്കാമെന്ന നിലപാടിലാണ് വൈദ്യുതി മന്ത്രി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം, ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രശ്നപരിഹാരത്തിന് ഇടപെടുന്നുണ്ട്. പ്രതികാര നടപടി പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഓഫീസേഴസ് അസോസിയേഷന് ഉറച്ച് നില്‍ക്കുകയാണ്.
വൈദ്യുതി ബോര്‍ഡിലെ പ്രശ്നപരിഹാരത്തിന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉറപ്പ് നല്കിയ ഒരാഴ്ച കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. എന്നാല്‍ ഓഫീസേഴ്സ് അസോസിയേഷന് നേതാക്കളുടെ സ്ഥലംമാറ്റ ഉത്തരവ് അതേപടി നിലനില്ക്കുന്നു. സസ്പെന്‍ഷനൊപ്പം നല്കിയ കുറ്റപത്രത്തിന് നേതാക്കള്‍ ഇതുവരെ മറുപടി നല്‍കിയിട്ടുമില്ല. വാഹന ദുരുപയോഗം ചൂണ്ടിക്കാട്ടി എംജി സുരേഷ്കുമാറിന് നല്കിയ കാരണം കാണിക്കല്‍ നോട്ടീസും നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: