ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏര്‍പ്പെടുത്തിയ പദ്ധതി നിര്‍വഹണ ഡാഷ് ബോര്‍ഡ് നിരീക്ഷണ സംവിധാനം അത്ഭുതകരമാണെന്ന് കേരള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി. പദ്ധതി നിര്‍വഹണത്തിന്റെ പുരോഗതി, ജനപങ്കാളിത്തം, ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ മുഖ്യമന്ത്രിക്ക് ഒറ്റ ക്ലിക്കില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന സംവിധാനമാണിത്. പ്രാഥമിക വിലയിരുത്തലാണ് ഇപ്പോള്‍ കഴിഞ്ഞതെന്നും ചീഫ് സെക്രട്ടറി പ്രതികരിച്ചു. കേരള സംഘത്തിന് വന്‍ സ്വീകരണമാണ് ഗുജറാത്തില്‍ ലഭിച്ചത്.
സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ ശേഖരിക്കുന്നതിനും വികസനത്തില്‍ ജനങ്ങളെ പങ്കാളികളാക്കുന്നതിനും കാര്യക്ഷമമായ സംവിധാനം ഗുജറാത്തില്‍ നിലവിലുണ്ട്. സിഎം ഡാഷ് ബോര്‍ഡ് വഴി കൃത്യമായ വിലയിരുത്തലുകള്‍ സാധ്യമാണ്. മികച്ചതും സമഗ്രവുമായ സംവിധാനമാണിതെന്നും വി.പി. ജോയി കൂട്ടിച്ചേര്‍ത്തു.
ഗാന്ധിനഗറിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ കേരള ചീഫ് സെക്രട്ടറിക്കും സ്റ്റാഫ് ഓഫീസര്‍ ഉമേഷ് ഐഎഎസിനും ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാറാണ് സിഎം ഡാഷ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചത്. ഒന്നര മണിക്കൂറോളം പദ്ധതിയെപ്പറ്റി വിശദമായ വിവരങ്ങള്‍ ഗുജറാത്ത് ചീഫ് സെക്രട്ടറി കൈമാറി. തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടീലുമായും കേരള സംഘം കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകിട്ടു വരെ ഉദ്യോഗസ്ഥ തലത്തിലുള്ള വിവിധ കൂടിക്കാഴ്ചകളില്‍ കേരള സംഘം പങ്കാളികളായി.
2019ല്‍ വിജയ് രൂപാനി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ ആരംഭിച്ച സംരംഭമാണ് സിഎം ഡാഷ് ബോര്‍ഡ് നിരീക്ഷണ സംവിധാനം. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനവും പദ്ധതി പുരോഗതിയും ഒറ്റ ക്ലിക്കില്‍ മനസ്സിലാക്കാന്‍ കഴിയും. ഓരോ ദിവസവുമുള്ള വകുപ്പുകളുടെ പ്രവര്‍ത്തനവും നിരീക്ഷിക്കാം. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന മികവ് പദ്ധതി വഴി തിരിച്ചറിയാനാകും. സിഎം ഡാഷ് ബോര്‍ഡ് നടപ്പായതോടെ ഗുജറാത്തിലെ പദ്ധതി നിര്‍വഹണ വേഗം വളരെ വര്‍ധിച്ചിരുന്നു. ഈ മാതൃകകള്‍ കേരളത്തില്‍ നടപ്പാക്കാനാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ചീഫ് സെക്രട്ടറി തല സംഘത്തെ ഗുജറാത്തിലേക്കയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: