തിരുവനന്തപുരത്ത്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടരും. വൈകിട്ട് 6.30നും 11.30നും ഇടയില്‍ 15 മിനിട്ടാണ് നിയന്ത്രണം. നഗരപ്രദേശങ്ങളെയും ആശുപത്രി, പമ്പ് ഹൗസ് തുടങ്ങിയ അവശ്യസേവനങ്ങളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേരളത്തിന് വൈദ്യുതി നല്കുന്ന ഝാര്‍ഖണ്ഡിലെ മൈഥോണ്‍ പവര്‍ സ്റ്റേഷനില്‍ കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് ഉത്പാദനം കുറച്ചിരുന്നു. ഇക്കാരണത്താല്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ 400 മുതല്‍ 500 മെഗാവാട്ട് വരെ കുറവുണ്ടാകും. വൈകിട്ട് 6.30 മുതല്‍ 11.30 വരെ 4580 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
രണ്ട് ദിവസം കൊണ്ട് പ്രശ്നം തീരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടിയും കെഎസ്ഇബിയും വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി ഉപയോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു. കോഴിക്കോട് നല്ലളത്തെ ഡീസല്‍ നിലയത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കൂടി പ്രയോജനപ്പെടുത്തി നിലവിലെ പ്രതിസന്ധി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര പൂളില്‍ നിന്ന് ദിവസവും ലഭിക്കുന്ന വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവാണ് ഇപ്പോഴുള്ളതെന്നും അടിയന്തരസാഹചര്യം നേരിടാന്‍ മറ്റൊരു കമ്പനിയുമായി കരാര്‍ ഒപ്പിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: