പത്തനംതിട്ട : മന്ത്രി മുഹമ്മദ് റിയാസ്, എ.എ.റഹീം, എസ്. സതീഷ് എന്നിവരടങ്ങുന്ന കോക്കസാണ് ഡിവൈഎഫ്ഐയെ നിയന്ത്രിക്കുന്നത്. സംഘടനയില്‍ വ്യക്തിപരമായി സ്വാധീനം ഉറപ്പിക്കാന്‍ മുഹമ്മദ് റിയാസും എ.എ. റഹീമും ശ്രമിക്കുന്നതായും രൂക്ഷ വിമര്‍ശനം. സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹീമിനെതിരേയും മുന്‍ അഖിലേന്ത്യ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസിന്റേയും പേരെടുത്ത് പറഞ്ഞ് രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.
നേരത്തെ ജില്ലാ സമ്മേളനങ്ങളിലും എ.എ.റഹീമിനെതിരെ സമാനമായ വിമര്‍ശനം പലയിടത്തും ഉയര്‍ന്നിരുന്നു. ഡിവൈഎഫ്ഐയെ മൂന്ന് നേതാക്കളും ചേര്‍ന്നുള്ള കോക്കസ് ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സംഘടനയെ ഉപയോഗപ്പെടുത്തുന്ന നില വന്നെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്.
മുന്‍കാലങ്ങളില്‍ സ്വയം വിമര്‍ശനം നടത്തിയിരുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ ഇക്കുറി അങ്ങനെയൊരു ആത്മപരിശോധനയില്ല. സംസ്ഥാനത്താകെയുള്ള ലഹരിമാഫിയയെ പ്രതിരോധിക്കാന്‍ കണ്ണൂരില്‍ ഡിവൈഎഫ്ഐ നടത്തുന്ന പോരാട്ടം മറ്റു ജില്ലകളിലേക്കും വ്യാപിക്കണമെന്നും കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞിരുന്നു. എന്നാല്‍ പലയിടത്തും ലഹരിമാഫിയക്കാരും ഗുണ്ടാസംഘടനകളും സംഘടനയെ പ്രവര്‍ത്തനങ്ങള്‍ക്ക് മറയാക്കുകയാണെന്നും വിമര്‍ശിച്ചു.
സംഘടനയുടെ പേരില്‍ ചിലര്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് ക്വട്ടേഷന്‍ ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിട്ട ചാല ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിട്ടിട്ടും സംഘടനയ്ക്കുള്ളില്‍ ക്വട്ടേഷന്‍ പിടിമുറുക്കുന്നതായി പ്രതിനിധികള്‍ ആക്ഷേപം ഉന്നയിച്ചു. ഡിവൈഎഫ്ഐയുടെ പേര് മറയാക്കി ചിലയിടങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല തവണ ഇത് കണ്ടെത്തിയിട്ടും തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.
പത്തനംതിട്ടയില്‍ നടക്കുന്ന ഡിവൈഎഫ്ഐ പതിനഞ്ചാമത് സംസ്ഥാന സമ്മേളനത്തിന് സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് പതാക ഉയര്‍ത്തി. എഴുത്തുകാരനും ഇടത് സഹയാത്രികനുമായ സുനില്‍ പി.ഇളയിടം പ്രതിനിധി സമേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന- കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കം 609 പേരാണ് മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രായപരിധി കര്‍ശനമാക്കുന്നതോടെ നിലവിലെ ഭാരവാഹികളില്‍ പകുതിയിലധികം ആളുകളും ഒഴിയും. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് വി കെ സനോജ് തുടരും .30 ന് നടക്കുന്ന സമാപന സമ്മേളനവും യുവജന റാലിയും സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: