ഭരണനിര്‍വഹണം സുഗമമാക്കുന്ന ഡാഷ് ബോര്‍ഡ് സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ ചീഫ് സെക്രട്ടറി വി.പി. ജോയിയെയും സ്റ്റാഫ് ഓഫീസര്‍ ഉമേഷ് ഐഎഎസിനെയും മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഗുജറാത്തിലേക്ക് അയച്ച ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടി സിപിഎമ്മിന്റെ രാഷ്ട്രീയ കാപട്യമാണ് പുറത്തുകൊണ്ടുവരുന്നത്. ഗുജറാത്ത് മാതൃകയില്‍നിന്ന് ഒന്നും പഠിക്കാനില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും, ആ വികസന മാതൃകയെ പിന്തുണയ്ക്കുകയോ പ്രശംസിക്കുകയോ ചെയ്തവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തുപോന്നവരാണ് ഇപ്പോള്‍ മറുകണ്ടം ചാടിയിരിക്കുന്നത്. രണ്ട് തവണ പാര്‍ട്ടി എംപിയായ എ.പി. അബ്ദുള്ളക്കുട്ടിയും, ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ തൊഴില്‍ മന്ത്രിയായിരുന്ന ഷിബു ബേബി ജോണുമൊക്കെ ഇതിന്റെ ബലിയാടുകളാണ്. ഗുജറാത്ത് മോഡലല്ല, കേരള മോഡലാണ് രാജ്യത്തിന് മാതൃകയെന്ന് അടുത്തനാളുകളില്‍ വരെ വീമ്പു പറഞ്ഞുകൊണ്ടിരുന്നവര്ക്കാണ് ഇപ്പോള്‍ വെളിപാടുണ്ടായിരിക്കുന്നത്. വോട്ടു ചെയ്യുന്നതില്‍ പിശകു പറ്റിയാല്‍ ഉത്തര്‍പ്രദേശ് കേരളമാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതിനെതിരെയും ഇടതുമുന്നണി സര്‍ക്കാര്‍ കേരള മോഡലിനെ പാടിപ്പുകഴ്ത്തുകയുണ്ടായി. അന്നും ഗുജറാത്ത് മോഡലിനെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമം നടന്നു. അവരാണ് ഇപ്പോള്‍ ഭരണനിര്‍വഹണം കാര്യക്ഷമമാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഗുജറാത്തിലേക്ക് സംഘത്തെ അയച്ചിരിക്കുന്നത്. ഈ വിരോധാഭാസം എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഉത്തരവാദിത്വമുണ്ട്.
നരേന്ദ്ര മോദി മുഖ്യമന്ത്രിയായി അധികാരമേറ്റതിനെ തുടര്‍ന്ന് അടിസ്ഥാന സൗകര്യ മേഖലയില്‍ വന്‍തോതില്‍ നിക്ഷേപം കൊണ്ടുവരാന്‍ കഴിഞ്ഞതും, നിരവധി വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതും, അഴിമതി ഇല്ലാതാക്കി ഭരണനിര്‍വഹണം കാര്യക്ഷമമാക്കിയതുമൊക്കെയാണ് ഗുജറാത്ത് മോഡല്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. മോദി പലതവണ മുഖ്യമന്ത്രിയായതോടെ രാജ്യത്തിന്റെയെന്നല്ല, ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ ഗുജറാത്ത് മോഡലിന് കഴിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളും ഇതിനെ അംഗീകരിക്കാന്‍ തയ്യാറായില്ല. ഇടതുപക്ഷം ഭരിക്കുന്ന പശ്ചിമബംഗാളിന്റെയും ത്രിപുരയുടെയും വികസനമാണ് രാജ്യത്തിന് മാതൃകയെന്നാണ് സിപിഎം അന്നൊക്കെ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. ഗുജറാത്ത് മാതൃകയില്‍നിന്ന് പഠിക്കാനുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രിയായിരിക്കെ ബുദ്ധദേവ് ഭട്ടാചാര്യയും, ത്രിപുര മുഖ്യമന്ത്രിയായിരിക്കെ മണിക് സര്‍ക്കാരും അഭിപ്രായപ്പെടുകയുണ്ടായി. ഇതും തള്ളിയാണ് തേനും പാലുമൊഴുകുന്ന കേരള മോഡലിനായി വാദിച്ചുകൊണ്ടിരുന്നത്. ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസ് തടഞ്ഞിട്ട് അറുപതോളം രാമഭക്തരെ ചുട്ടെരിച്ചതിനെത്തുടര്ന്നുണ്ടായ വര്‍ഗീയ കലാപത്തെ ഗുജറാത്ത് മോഡലായി അധിക്ഷേപിച്ച് അവിടുത്തെ വികസന നേട്ടങ്ങളെ വികലമാക്കി അവതരിപ്പിക്കുകയാണ് ഇടതുപാര്‍ട്ടികള്‍ ചെയ്തത്. സിപിഎമ്മിനായിരുന്നു ഇതിന്റെ നേതൃത്വം. നരേന്ദ്ര മോദി വന്‍ ജനസമ്മതിയോടെ മുഖ്യമന്ത്രിയായി ആവര്‍ത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടപ്പോഴൊക്കെ ഈ പ്രചാരണം ഇക്കൂട്ടര്‍ ശക്തിപ്പെടുത്തി. രാജ്യത്തെ സാമുദായിക-രാഷ്ട്രീയാന്തരീക്ഷം വിഷലിപ്തമാക്കുന്നതില്‍ വലിയ പങ്കാണ് ഇത് വഹിച്ചത്. രാഷ്ട്രീയ സത്യസന്ധതയുടെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഇതൊക്കെ തെറ്റായിരുന്നുവെന്ന് പറയാനുള്ള മാന്യത സിപിഎം കാണിക്കണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടുകൂടിയാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് മാതൃകയെക്കുറിച്ച് പഠിക്കാന്‍ പോയിരിക്കുന്നതെന്ന് വ്യക്തം. യുഡിഎഫ് ഭരണകാലത്ത് മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്ത് സന്ദര്‍ശിച്ചത് വലിയ പാതകമായി ചിത്രീകരിച്ചത് അന്ന് സിപിഎം സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ്. ഇതേ പിണറായി വിജയന് ആദ്യതവണ മുഖ്യമന്ത്രിയായപ്പോഴും ഈ വിദ്വേഷ രാഷ്ട്രീയം കയ്യൊഴിഞ്ഞില്ല. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഗുജറാത്ത് മോഡലിനോടും പിണറായിക്ക് പ്രേമം തോന്നാന്‍ മറ്റ് ചില കാരണങ്ങളുണ്ടെന്ന് വേണം കരുതാന്‍. കേരളത്തെ സര്‍വനാശത്തിലേക്ക് നയിക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിക്ക് എങ്ങനെയെങ്കിലും അംഗീകാരം നേടിയെടുക്കാനുള്ള കുറുക്കുവഴിയാണ് പിണറായി നോക്കുന്നത്. വന്‍ പാരിസ്ഥിതിക-സാമൂഹിക പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന കെ റെയില്‍ പദ്ധതിക്ക് അനുമതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് പിണറായി നടത്തിയത്. പ്രധാനമന്ത്രിയോട് തനിക്ക് വലിയ സ്നേഹബഹുമാനമാണെന്ന് ഭാവിക്കുന്നതിനു പിന്നിലെ പിണറായിയുടെ തന്ത്രം തിരിച്ചറിയാന്‍ സാമാന്യബുദ്ധി മതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘നരാധമന്’ എന്നു വിളിച്ചതിന് ഒരു മലയാള സിനിമാ സംവിധായകന് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം നല്കി ആദരിച്ചയാളാണ് പിണറായി. കൊച്ചി മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രിയെ വേദി പങ്കിട്ടിട്ടുപോലും പേരു പറയാന്‍ മാന്യത കാണിക്കാതിരുന്ന മുഖ്യമന്ത്രിയാണ് പിണറായി. വൈകിയാണെങ്കിലും ഗുജറാത്ത് മോഡലിനെയും പ്രധാനമന്ത്രിയെയും അംഗീകരിക്കുന്നത് സ്വാഗതാര്‍ഹം. പക്ഷേ പ്രതിപക്ഷ ബഹുമാനവും രാഷ്ട്രീയ മാന്യതയും തൊട്ടുതീണ്ടാത്തവിധം പെരുമാറിയതിന് പിണറായിയും സംഘവും ജനങ്ങളോട് മാപ്പു പറയുകയാണ് ആദ്യം വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: