കൊച്ചി: പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആകെ ചെലവായത് 17,315 രൂപ മാത്രം. രക്ഷാപ്രവര്‍ത്തനം നടത്തിയ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളുടെയും മറ്റു രക്ഷാപ്രവര്‍ത്തകരുടെയും ഭക്ഷണത്തിനാണ് ഈ തുക ചെലവഴിച്ചതെന്നു വിവരാവകാശ പ്രവര്ത്തകന് രാജു വാഴക്കാലയെ പാലക്കാട് കളക്ടര്‍ അറിയിച്ചു.
മലയില്‍ കുടുങ്ങിയ ബാബുവിനെ നാല്പതിലേറെ മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷപ്പെടുത്താനായത്. പര്‍വതാരോഹണ വിദഗ്ധരടങ്ങിയ കരസേനാ സംഘമെത്തിയാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്. ബാബുവിനെ രക്ഷപ്പെടുത്തിയതില്‍ സര്‍ക്കാരിന് ലക്ഷങ്ങള്‍ ചെലവായെന്ന് സംഭവത്തിനുശേഷം പാലക്കാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരുന്നു.
കോസ്റ്റ് ഗാര്‍ഡിന്റേയും വ്യോമസേനയുടേയും ഹെലികോപ്റ്റര്‍ വാടകയായി മണിക്കൂറിന് രണ്ട് ലക്ഷം രൂപയും കരസേനയ്ക്ക് 15 ലക്ഷവും, എന്‍ഡിആര്‍എഫ്, പ്രാദേശിക ഗതാഗതസംവിധാനം എന്നിവര്‍ക്കായി 30 ലക്ഷം രൂപയും ചെലവായി എന്നാണ് സംഭവത്തിന് ശേഷം പാലക്കാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ച പ്രാഥമിക കണക്ക്. ഇതില്‍ ആശുപത്രി ബില്‍ ചേര്‍ക്കാതെയാണ് ഇത്രയും തുക പറഞ്ഞത്. എന്നാല്‍ ഇതിനൊന്നും അഞ്ച് പൈസ് പോലും ചെലവായിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: