കോഴിക്കോട്: റെയില്‍വേ ബാസ്‌കറ്റ് ബോള്‍ താരത്തിന്റെ ആത്മഹതയ്‌ക്ക് പിന്നില്‍ കോച്ച് രവി സിങ്ങില്‍ നിന്നുള്ള മാനസിക പീഡനമെന്ന് ആരോപമം. പാതിരപ്പറ്റ സ്വദേശിയായ ലിതാരയുടെ ബന്ധുക്കളാണ് കോച്ചിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ആയാള്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പാട്‌ന പോലീസിനെ അറിയിച്ചിട്ടുണ്ട്.
ഒന്നര വര്‍ഷം മുമ്പാണ് ലിതാരയ്‌ക്ക് ബിഹാറിലെ പട്നയില്‍ റെയില്‍വേയില്‍ ജോലി ലഭിക്കുന്നത്. അന്നത്തെ കോച്ചുമായി ലിതാരയ്‌ക്ക് വിവാഹം ആലോചിച്ചിരുന്നെങ്കിലും പിന്നീടത് വേണ്ടെന്ന് വെച്ചു. അതിനുശേഷം മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്ന ലിതാര കൗണ്‍സിലിങിന് വിധേയയക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ കോച്ചായി വന്ന രവി സിങ് പഴയ കോച്ചുമായുള്ള ബന്ധത്തിന്റെ പേരില്‍ ലിതാരയെ നിരന്തരമായി ശല്യപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ലിതാര സ്വന്തം വീട്ടുകാരോടും സൂചിപ്പിച്ചിട്ടുണ്ട്.
കൊല്‍ത്തയില്‍ നടന്ന മത്സരത്തിനിടെ കൈയില്‍ കയറി പിടിച്ചതോടെ ലിതാര ഇയാളെ മര്‍ദ്ദിച്ചു. പരിശീലനത്തിനായി ഒറ്റയ്‌ക്കെത്താനും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതോടെ കാര്‍ട്ടില്‍ പരിശീലനത്തിന് എത്തുന്നില്ലെന്ന് കാണിച്ച് ലിതാരയ്‌ക്കെതിരെ രവിസിങ് അടുത്തിടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നല്‍കി. തിങ്കളാഴ്ചയാണ് ലിതാര ഈ കാര്യം അറിയുന്നത്.
സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ലിതാര ജാലി കിട്ടിയ ശേഷം വീട് പുതുക്കി പണിയാന്‍ വായ്പ എടുത്തിരുന്നു. അഞ്ച് വര്‍ഷം റെയില്‍വേയ്‌ക്ക് വേണ്ടി കളിക്കണമെന്നാണ് കരാറിലാണ് ജോലി ലഭിച്ചത്. എന്നാല്‍ കോച്ചിന്റെ പരാതിയില്‍ ജോലി നഷ്ടപ്പെടുമോ എന്നും ലിതാര ഭയന്നിരുന്നു. ഇതെല്ലാം ആത്മഹത്യയ്‌ക്ക് കാരണമായെന്നാണ് ബന്ധുക്കളുടെ ആരോപണം. കോച്ചിന്റെ പരാതിയെ തുടര്‍ന്ന് ലിതാര കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് ബെംഗളൂരുവിലുള്ള അവരുടെ സുഹൃത്തും പറഞ്ഞു.
അതേസസമയം ലിതാരയുടെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം വേഗത്തിലാക്കിയതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. വീട്ടുകാര്‍ എത്തിയിട്ടേ പോസ്റ്റ്മോര്‍ട്ടം നടത്താവൂ എന്ന് ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ അറിയിച്ചിരുന്നു. എന്നാല്‍ ബന്ധുക്കള്‍ എത്തും മുമ്പേ ആശുപത്രി അധികൃതര്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. പോലീസില്‍നിന്ന് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇതെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് മറുപടി നല്‍കിയത്. ചൊവ്വാഴ്ച രാവിലെയാണ് ലിതാരയെ പട്നയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം നടപടികളില്‍ സംശയമുള്ളതിനാല്‍ റീ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക