ന്യൂദൽഹി: ഗുജറാത്തിലെ ഡാഷ് ബോർഡ് സംവിധാനം മികച്ചതും സമഗ്രവുമാണെന്ന് പ്രശംസിച്ച് കേരള ചീഫ് സെക്രട്ടറി വി പി ജോയ്. ഈ സംവിധാനം മനസിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വികസന പുരോഗതി വിലയിരുത്താന്‍ ഏറെ കാര്യക്ഷമമായ സംവിധാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്തിലെത്തിയ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ വസതിയിൽ രാവിലെ സന്ദർശനം നടത്തിയിരുന്നു. ഇവിടെയാണ് ഡാഷ് ബോർഡ് സംവിധാനത്തിന്റെ ഭാഗമായുള്ള വീഡിയോ വാൾ അടക്കമുള്ളത്. ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാർ ഡാഷ് ബോർഡ് സംവിധാനം വിശദീകരിച്ച് നൽകി. 2019 ൽ വിജയ് രൂപാണി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ തുടങ്ങിയ ഡാഷ് ബോർഡ് സംവിധാനമാണ് കേരളം പഠിക്കുന്നത്. സർക്കാരിന്റെ പദ്ധതി നടത്തിപ്പും വകുപ്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രിയുടെ വിരൽത്തുമ്പിലൂടെ തത്സമയം വിലയിരുത്തുന്നതാണ് സംവിധാനം.
ഡാറ്റാബേസ് ഉണ്ടാക്കിയുള്ള സിഎം ഡാഷ് ബോർഡ് വഴി ഓരോ ദിവസവും വകുപ്പുകളുടെ പ്രകടനം അവലോകനം ചെയ്യാം. പിണറായിയുമായി അടുത്തിടെ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ഗുജറാത്ത് മാതൃക എടുത്ത് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനം. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോർഡ് സിസ്റ്റം പഠിക്കാനായി ചീഫ് സെക്രട്ടറി വി പി ജോയിയേയും സ്റ്റാഫ് ഓഫീസർ ഉമേഷ് ഐഎസിനേയും നിയോഗിച്ചു കൊണ്ടുള്ള ഉത്തരവ് സർക്കാർ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഇരുവർക്കും മൂന്ന് ദിവസത്തേക്ക് ഗുജറാത്തിൽ പോകാനുള്ള അനുമതിയാണ് സർക്കാർ നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: