തിരുവനന്തപുരം : കെ റെയിലിന് ബ്രോഡ്ഗേജ് പോര സ്റ്റാന്‍ഡേര്‍ഡ് ഗേജ് മതിയെന്ന് നിശ്ചയിച്ചത് ആരാണ്. ഇന്ത്യയിലെ ബ്രോഡ്ഗേജിലുള്ള വേഗത കൂടിയ ട്രെയിന്‍ എന്തുകൊണ്ട് ഉപയോഗിക്കുന്നില്ലെന്ന് തീരുമാനിച്ചു. പഠനത്തിന്റെ വിശദാംശങ്ങള്‍ എന്തുകൊണ്ട് പുറത്തുവിടുന്നില്ലെന്ന് ആര്.വി.ജി. മേനോന്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് വിദഗ്ധര്‍ പങ്കെടുത്ത സംവാദത്തില്‍ ശാസ്ത്രസാഹിത്യ പരിഷത് മുന്‍ പ്രസിഡന്റ് ഡോ. ആര്.വി.ജി. മേനോന് ഒഴിയുള്ള മൂന്ന് പേര് പദ്ധതിയെ അനുകൂലിക്കുകയാണ് ഉണ്ടായത്.
റെയില്‍വേ ബോര്‍ഡ് മുന്‍ അംഗം സുബോധ് ജെയിന്, സാങ്കേതിക സര്‍വകലാശാല മുന്‍ വിസി ഡോ.കുഞ്ചെറിയ പി.ഐസക്, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് അംഗങ്ങള്‍. കേരളത്തിലെ ഗതാഗത മേഖല വികസനത്തില്‍ റെയില്‍വേയ്ക്ക് മുഖ്യ പങ്കാണുള്ളത്. റയില്‍ വികസനം നടക്കാത്തത് ഇച്ഛാശക്തി ഇല്ലാത്തതിനാലാണെന്നും ആര്‍വിജി മേനോന് പറഞ്ഞു.
കെ റെയിലിന് സ്റ്റേഷന് നിശ്ചയിച്ചിട്ടുള്ളത് എങ്ങനെയാണ്. കൊല്ലം സ്റ്റേഷനെന്ന് പറഞ്ഞാല്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത് മുഖത്തലയിലാണ്. മുഖത്തലയില്‍ വരുന്ന സ്റ്റേഷന് വെള്ളക്കെട്ടിലാണ്. അവിടെ തോടൊഴുകുന്നുണ്ട്. തോട് മാറ്റി സ്ഥാപിക്കണമെന്നാണ് ഹ്രസ്വകാല പാരിസ്ഥിതികാഘാത പഠനത്തില്‍ എഴുതിയിരിക്കുന്നത്. കൊച്ചി വിമാനത്താവളം പണികഴിപ്പിക്കുമ്പോഴും സമാന പ്രശ്നമുണ്ടായിരുന്നു. അവിടെയും ഒരു തോട് ഒഴുകുന്നുണ്ടായിരുന്നു. ആ തോടിനെ അവഗണിച്ചാണ് വിമാനത്താവളം പണിതത്. അതുകൊണ്ടാണ് കഴിഞ്ഞ വെള്ളപ്പൊക്കത്തിന് വിമാനത്താവളം വെള്ളത്തിനടിയിലായത്. എറണാകുളം സ്റ്റേഷന് അനുവദിച്ചിരിക്കുന്നത് കാക്കനാടാണ്. അതായത് അവിടെ ഇറങ്ങി യാത്രക്കാര്‍ അവര്‍ക്ക് പോകേണ്ട സ്ഥലങ്ങളിലേക്ക് വണ്ടി വിളിച്ചോ അല്ലെങ്കില്‍ മറ്റ് ഗതാഗത സൗകര്യങ്ങളോ പ്രയോജനപ്പെടു്ത്തണമെന്നും ആര്.വി.ജി. മേനോന് കുറ്റപ്പെടുത്തി.
സില്‍വര്‍ലൈന്‍ ഭാവിയില്‍ ഫീഡര്‍ ലൈനായി മാറും. ഭാവിയിലേക്ക് കൂടി കണക്കാക്കേണ്ട പദ്ധതിയാണിതെന്ന് സുബോധ് ജെയിനും അഭിപ്രായപ്പെട്ടു. സില്‍വര്‍ലൈനിന് വേണ്ടിയെടുക്കുന്ന വായ്പയില്‍ ആശങ്കവേണ്ടെന്നും കേരളം തിരിച്ചടവിന് പ്രാപ്തിയുള്ള സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഗതാഗതവികസനത്തിന് ഉത്തമ പദ്ധതിയാണ് സില്‍വര്‍ലൈനെന്നാണ് ഡോ.കുഞ്ചെറിയ പി. ഐസക്ക് സില്‍വര്‍ലൈന്‍ സംവാദത്തില്‍ പറഞ്ഞത്. വേഗത്തില്‍ യാത്ര ചെയ്യാനുള്ള ഒരു സംവിധാനം കേരളത്തിന് അത്യാവശ്യമാണ്. ഗതാഗത വികസന വിഷയത്തില്‍ കേരളം ഏറെ പിന്നിലാണ്. ഒരു ജനശതാബ്ദിയോ രാജധാനിയോ മാത്രം കൊണ്ട് വികസനം സാധ്യമാക്കാനാകില്ല. കേരളത്തിന്റെ ഗതാഗത രംഗം വികസിക്കുന്നതിലൂടെ സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാകും.
എക്സ്പ്രസ് ഹൈവേയുടെ അവസ്ഥ ഇനിയും കേരളത്തിലുണ്ടാകരുത്. മികച്ച ഗതാഗത സൗകര്യം ഒരുക്കിയാല്‍ എല്ലാ രംഗത്തും കുതിച്ചുചാട്ടമുണ്ടാകും. 40 കിലോമീറ്റര്‍ വേഗതയില്‍ പോയാല്‍ മതിയോ എന്ന് ചിന്തിക്കേണ്ടതുണ്ട്. കെ റെയിലിനൊപ്പം റോഡുകളും വികസിക്കുന്നതോടെ ഗതാഗതസംവിധാനം മെച്ചപ്പെടുമെന്നും അത് കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: