തിരുവനന്തപുരം: സഹകരണ ഫെഡറലിസത്തിന്റെ മൂല്യം മനസിലാക്കി ഇന്ധനത്തിന്റെ മൂല്യവര്‍ധിത നികുതി (വാറ്റ്) കുറയ്ക്കാന്‍ തയ്യാറാവണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിക്കാന്‍ കേരളം തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്.
ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി ജനങ്ങളോട് ഉള്ള അനീതിയാണെന്ന് പ്രധാനമന്ത്രി വ്യക്തമായി പറഞ്ഞിരിക്കുകയാണ്. ജനങ്ങളുടെ ഭാരം കുറയ്ക്കാന്‍ കഴിഞ്ഞ നവംബറില്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. ഈ ആനുകൂല്യം ജനങ്ങളിലെത്തിക്കാനുള്ള കേന്ദ്ര നിര്‍ദേശം അനുസരിച്ച് ചില സംസ്ഥാനങ്ങള്‍ നികുതി കുറച്ചപ്പോള്‍ കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാതെ അധിക വരുമാനം ഉണ്ടാക്കിയെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ പിണറായി സര്‍ക്കാരിന്റെ ജനദ്രോഹം തുറന്ന് കാണിക്കുന്നതാണ്. ഇന്ധനികുതിയില്‍ കേന്ദ്ര വരുമാനത്തിന്റെ 42 ശതമാനവും ലഭിക്കുന്നത് സംസ്ഥാനങ്ങള്‍ക്കായിരുന്നിട്ടും ഇടത് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളിലും മാഹിയിലും കേരളത്തേക്കാള്‍ കുറഞ്ഞ ഇന്ധന വിലയാണുള്ളത്. ഇന്ധന വില കുറയ്ക്കാത്ത സംസ്ഥാനത്തിന്റെ നയമാണ് ഓട്ടോബസ് ചാര്‍ജ് വര്‍ദ്ധനവിന് വഴിവെച്ചത്. മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഇരട്ടിയില്‍ അധികം ചാര്‍ജാണ് കേരളത്തിലുള്ളത്. ലോകം വലിയ പ്രതിസന്ധിയെ നേരിടുമ്പോള്‍ ജനങ്ങളെ മറന്ന് പണമുണ്ടാക്കാന്‍ നോക്കാതെ സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ അനുസരിക്കണമെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: