പെരിയ: കൊവിഡ് കാലം കുട്ടികളുടെ സര്‍ഗ വാസനകള്‍ പുറത്തുവന്ന കാലമായിരുന്നു. മിക്കവരും കലയുടെയും വര്‍ണങ്ങളുടേയും ലോകത്താണ് കടന്നുവന്നത്. അജാനൂര്‍ നാട്ടാങ്കല്ല് സ്വദേശിയായ ശ്രീരാഗ് എന്ന ഒമ്പതാംക്ലാസുകാരനും കലാകാരനായത് ലോക്ഡൗണ്‍ കാലത്തായിരുന്നു. ചുരുങ്ങിയ കാലയളവില്‍ 100 ലധികം വര്‍ണ വിസ്മയമാണ് ഈ കൊച്ചുചിത്രകാരന് കുപ്പികളില്‍ തീര്‍ത്തത്.
മൈദയും കടുകും ഗുളികകളുടെ കവറുകളും ചേര്‍ത്താണ് ശില്പ രചന. കലാകാരനായ ശ്രീരാഗിന്റെ മനസ് നിറയെ ചായങ്ങള്‍ ആണിന്ന്. ആ മനസ് നിറയുമ്പോള്‍ തന്റെ സ്വപ്നങ്ങള്‍ കൂടി ചേര്‍ത്ത് വെച്ച് അതു കുപ്പിയിലേക്ക് പകരും. അങ്ങനെ തന്റെ നിറമുള്ള സ്വപ്നങ്ങള്‍ അനവധി. ഹൈന്ദവ ദൈവങ്ങളുടെ ജീവന് തുടിക്കുന്ന രൂപമുണ്ടാക്കുകയാണ് ഈ പതിനാലുകാരന്റെ രചനയുടെ മറ്റൊരു പ്രത്യേകത.
ശ്രീരാഗ് കുപ്പികളില്‍ രൂപപ്പെടുത്തിയെടുത്ത ശിവന്, മുത്തപ്പന്, ശ്രീകൃഷ്ണന് തുടങ്ങിയവ ഈ കലാകാരന്റെ രചനാവൈഭവമാണ് പ്രകടമാക്കുന്നത്. പാഴ് വസ്തുക്കളെ അലങ്കാര വസ്തുക്കളാക്കി മാറ്റുന്ന ശ്രീരാഗ് സ്കൂളില്‍ ശാസ്ത്രമേളയില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ വാരിക്കൂട്ടിയിരുന്നു. സഹോദരി ശ്രീനന്ദയുടെയും യൂട്യൂബിന്റെയും സഹായത്തോടെയാണ് ബോട്ടില്‍ ആര്‍ട്ട് പഠിച്ചെടുത്തത്. ബോട്ടില്‍ ആര്‍ട്ടില്‍ ജന്മസിദ്ധമായ കഴിവുതെളിയിച്ചെങ്കിലും ഇത് കച്ചവടമാക്കാന്‍ താല്പര്യമില്ലെന്ന് ശ്രീരാഗ് പറയുന്നു.
പെരിയയിലെ ഓട്ടോ ഡ്രൈവര്‍ ബേബിയുടെയും ശ്രീജയുടെയും മകനായ ശ്രീരാഗ് രാവണേശ്വരം ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: