കൊച്ചി : വീടില്ലാത്തവര്‍ക്കാണ് അഭയം നല്‍കേണ്ടത്. താന്‍ ഇപ്പോഴും കോണ്‍ഗ്രസ് വീട്ടില്‍ തന്നെയാണ് ഉള്ളതെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി കെ.വി. തോമസ്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് പിന്നാലെ കോണ്‍ഗ്രസ്സില്‍ നിന്നുള്ള എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നതിന് പിന്നാലെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന.
താന്‍ ഇപ്പോഴും കോണ്‍ഗ്രസ് വീട്ടില്‍ തന്നെയാണുള്ളത്. സ്വന്തം വീട്ടില്‍ നില്‍ക്കുന്നതിന് എന്തിനാണ് അപമാനം തോന്നുന്നത്. വീടില്ലാത്തവര്‍ക്കാണ് അഭയം നല്‍കേണ്ടത്. കോണ്‍ഗ്രസില്‍ പദവികളില്ലെങ്കിലും സാരമില്ല. പദവികളെന്ന് പറയുന്നത് കസേരയും മേശയുമാണ്. അതുമാറ്റി സ്റ്റൂള് തന്നാലും കുഴപ്പമില്ലെന്നും കോടിയേരിയെ തള്ളി കെ.വി. തോമസ് അറിയിച്ചു.
പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നതിനായി കണ്ണൂരില്‍ കാല് കുത്തിയാല്‍ കാല് കാണില്ലെന്ന് പറഞ്ഞു. ഒന്നും സംഭവിച്ചില്ലല്ലോ. കോണ്‍ഗ്രസില്‍ തനിക്കുള്ള സ്ഥാനങ്ങള്‍ മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പാര്‍ട്ടി അധ്യക്ഷയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്. മാധ്യമങ്ങളില്‍ വന്നിട്ടുള്ള വാര്‍ത്തകള്‍ മാത്രമാണ് മുന്നില്‍ ഉള്ളത്. ഔദ്യോഗിക പ്രതികരണമൊന്നും തനിക്ക് ലഭിച്ചിട്ടില്ല. അതിനാല്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും കെ.വി. തോമസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: