എം.വി. ജയരാജന് സിപിഎമ്മിന്റെ കരുത്താണ്. പ്രസംഗിക്കുമ്പോഴും വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ഇങ്ങിനെ പതുങ്ങുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?
കാണാനിടയില്ല. രാഷ്ട്രീയ എതിരാളികളോട് മാത്രമല്ല കോടതികളെയും ജഡ്ജിമാരെ പോലും വെറുതെ വിടാത്ത പ്രകൃതം. പക്ഷേ കഴിഞ്ഞദിവസം പിണറായി വിഷയത്തില്‍ പ്രതികരിച്ച ജയരാജന് ആകെ ഒന്ന് പതറിയിരിക്കുന്നു. പേടിച്ചരണ്ടതുപോലെ. കൊലക്കേസില്‍ കുറ്റാരോപിതനായ ആള്‍ക്ക് വീട് വാടകയ്ക്ക് നല്കിയതായിരുന്നു വിഷയം. വീട് വാടകയ്ക്ക് നല്കിയ അധ്യാപിക ആര്എസ്എസുകാരിയാണെന്നാണ് ജയരാജന്റെ കണ്ടുപിടുത്തം. പക്ഷേ അധ്യാപികയുടെ ഭര്‍ത്താവിന്റെ കുടുംബക്കാരെല്ലാം പാര്‍ട്ടിക്കാരാണെന്ന് ആണയിടുന്നു.
യുവതിയെ പോലീസ് അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു. യുവതി ഇപ്പോള്‍ മാനനഷ്ടത്തിന് കേസ് കൊടുത്തിരിക്കുകയാണ്. കനത്ത സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ വീടിന് തൊട്ടടുത്താണ് വാടകയ്ക്ക് നല്കിയ വീട്. രഹസ്യാന്വേഷണ സംവിധാനങ്ങളൊന്നും ഇങ്ങനെയൊരു സംഭവം അറിഞ്ഞില്ല. അറിയിക്കാന്‍ ബോംബേറ് വേണ്ടിവന്നു. വീടിന് കാര്യമായ നാശമുണ്ടായി. വീട്ടുകാര്‍ മാത്രമല്ല, ടീച്ചറായ രേശ്മയുടെ വിദേശത്തുള്ള ഭര്‍ത്താവും സിപിഎമ്മാണ്. പ്രവാസി സംഘടനയുടെ ഭാരവാഹിയുമാണ്. ഇതിനേക്കാള്‍ പാര്‍ട്ടിയെ അലട്ടുന്നതാണ് അര്ജുന് ആയങ്കി ഉയര്‍ത്തിയ വിഷയം. മെയ് ഒന്നിന് വാര്‍ത്താ സമ്മേളനം നിശ്ചയിച്ച ആയങ്കി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഉപേക്ഷിച്ചിരിക്കുകയാണ്.
”മെയ് ഒന്നാം തീയതി ഞാനൊരു പത്രസമ്മേളനം നടത്താന്‍ ആലോചിക്കുന്നു. താത്പര്യമുള്ള ചാനലുകാര് ബന്ധപ്പെടുക”. നമ്പര്‍ സഹിതമാണ് അര്ജുന് ആയങ്കിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്, കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ ഈ പോസ്റ്റിന് താഴെ സിപിഎം സൈബര്‍ സഖാക്കള്‍ കടന്നാക്രമണം നടത്തുന്നുമുണ്ട്. എന്നാല്‍ പിന്തുണച്ച് പോസ്റ്റിടുന്നവരുമുണ്ട്. കണ്ണൂരിലെ പ്രധാനി ആകാശ് തില്ലങ്കേരിയുടെ അതിവിശ്വസ്തനാണ് അര്ജുന് ആയങ്കി. തില്ലങ്കേരിക്കും ആയങ്കിക്കും എതിരെ സിപിഎം ഔദ്യോഗിക നേതൃത്വം ചില തീരുമാനങ്ങള്‍ എടുത്തതായി സൂചനയുണ്ട്. ഇതിന് പിന്നാലെയാണ് അയങ്കിയുടെ പോസ്റ്റ് എത്തിയത്.
ആകാശ് തില്ലങ്കേരിക്കും അര്ജുന് ആയങ്കിക്കുമെതിരെ ഡിവൈഎഫ്ഐ പോലീസില്‍ പരാതി നല്‍കിയിരുന്നു. മുന്‍ ജില്ലാ പ്രസിഡന്റ് മനു തോമസിനെതിരെ നവമാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. ഷാജറാണ് അസി. കമ്മീഷണര്‍ പി.പി. സദാനന്ദന് പരാതി നല്‍കിയത്. ഇതിന് പിന്നാലെ ചിലതു പറയുമെന്ന് ആയങ്കിയും വിശദീകരിക്കുന്നു. ഇത് സിപിഎം നേതൃത്വത്തിനെതിരെ ആയിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്നയാളുമായ അര്ജുന് ആയങ്കിയും ആകാശിനെ പിന്തുണച്ചുവെന്നാണ് ഷാജര്‍ നല്കിയ പരാതി. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുമായി ചില നേതാക്കള്‍ക്കുള്ള ബന്ധം പാര്‍ട്ടിക്ക് കളങ്കമായി എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍ പാര്‍ട്ടി പ്രവര്‍ത്തകരായ അര്ജുന് ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവര്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ ആരോപണങ്ങളില്‍ ഇവര്‍ക്ക് സംരക്ഷണം ഒരുക്കുന്നത് സിപിഎം പ്രദേശിക നേതാക്കളാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.
നേരത്തെ ഇവരെ സംഘടനയില്‍ നിന്നും സിപിഎം പുറത്താക്കി എന്നാണ് പ്രചാരണം. ക്വട്ടേഷന്‍ ബന്ധങ്ങളില്‍ സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഐയും രംഗത്തെത്തിയിരുന്നു. രാമനാട്ടുകര ക്വട്ടേഷന്‍ സംഘം പാര്‍ട്ടിയെ ഉപയോഗിക്കുന്നു. ചെഗുവേരയുടെ ചിത്രം കുത്തിയാല്‍ കമ്യൂണിസ്റ്റ് ആകില്ല. തില്ലങ്കേരിമാരുടെ പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത ഇടതുപക്ഷം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പാര്‍ട്ടി മുഖപത്രത്തില്‍ സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. സന്തോഷ്കുമാര്‍ എഴുതിയ ലേഖനത്തിലെ രൂക്ഷ വിമര്‍ശനം.
ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയും പാര്‍ട്ടിയുടെ സൈബര്‍ പോരാളികളിലെ മുന്‍നിരക്കാരനുമായ ആകാശ് തില്ലങ്കേരിയുമായി സിപിഎമ്മിന് ഒരു ബന്ധവും ഉണ്ടാകില്ലെന്നാണ് സൂചന. എന്നാല്‍ ഇരുവരെയും പിന്തുണയ്ക്കുന്ന നിരവധിപേര്‍ സിപിഎമ്മില്‍ ഇപ്പോഴുമുണ്ട്. ജാമ്യത്തില്‍ ഇറങ്ങിയ ആകാശ് വീണ്ടും സിപിഎം ഗ്രൂപ്പില്‍ സജീവമായി. ഇതിനിടെ ആകാശിന്റെ ഇടപെടല്‍ പാര്‍ട്ടിക്ക് ഭീഷണിയായി മാറുന്നുവെന്ന തിരിച്ചറിവ് സിപിഎമ്മിലെ ഔദ്യോഗിക നേതൃത്വത്തിന് ഉണ്ടായി. ഇതോടെ വീണ്ടും ആകാശ് തില്ലങ്കേരിയെ മാറ്റിനിര്‍ത്തി. എന്നാല്‍ തുടര്‍ന്നും സിപിഎമ്മിന് വേണ്ടി സൈബര്‍ സഖാവായി തുടരുകയാണ് ആകാശ് തില്ലങ്കേരി. ഏതായാലും ആകാശും അര്‍ജുനും ഉണ്ടാക്കാന്‍ പോകുന്ന പൊല്ലാപ്പ് എന്തെന്ന ധാരണയില്ലായ്മ തന്നെയാവും ജയരാജന്റെ വിറളിക്ക് ആധാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: