ഹുബ്ലി: കര്‍ണ്ണാടകയിലെ ഹുബ്ലി പൊലീസ് സ്‌റ്റേഷനിലേക്ക് ആള്‍ക്കൂട്ടത്തെ കലാപത്തിനായി എത്തിച്ച മൗലാന വാസിം പത്താന് മഹാരാഷ്‌ട്രയിലെ മതമൗലികവാദ സംഘടനയായ റാസ അക്കാദമിയുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെടുന്നു. . പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലെ മുഖ്യ പ്രതിയായ വാസിം പത്താന്‍ എന്ന മൗലാനയെ കണ്ടെത്തിയത് മുംബൈയില്‍ നിന്നാണെന്നതിനാല്‍ സംസ്ഥാനാന്തര ഗൂഢാലോചന അന്വേഷിച്ചപ്പോഴാണ് റാസ അക്കാദമിയുമായുള്ള ബന്ധം വെളിച്ചത്തായത്.
ഈ കേസിലെ മറ്റൊരു പ്രതിയായ തൗഫീക് മുള്ളായ്‌ക്ക് റാസ അക്കാദമിയുമായി ബന്ധമുണ്ടെന്ന് മൗലാന വാസിം പത്താന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. താന്‍ ഒരു വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ആള്‍ക്കൂട്ടത്തെ പൊലീസുകാരെ ആക്രമിക്കാന്‍ ഇളക്കിവിട്ടതെന്നും മൗലാന വാസിം പത്താന്‍ സമ്മതിച്ചു.
മുസ്ലിം സംഘടനയായ റാസ അക്കാദമി ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരായ മഹാവികാസ് അഘാദി സര്‍ക്കാരിന്റെ കീഴില്‍ മഹാരാഷ്‌ട്രയില്‍ ശക്തിപ്രാപിക്കുന്നത് ആശങ്കയുണര്‍ത്തുകയാണ്. ഈയിടെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മൈലേജുണ്ടാക്കാന്‍ തൃണമൂല്‍ ഉള്‍പ്പെടെ ത്രിപുരയില്‍ ആസൂത്രിതമായി ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു. പിന്നീട് അത് ചില അനുകൂല മാധ്യമങ്ങളില്‍ വാര്‍ത്തയാക്കി വലിയ വിവാദം ഉണര്‍ത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് തൃപുരയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്‌ട്രയിലെ അമരാവതി, മാലെഗാവോണ്‍, നാന്‍ദെദ്, യവത്മാള്‍, വാഷിം എന്നീ പ്രദേശങ്ങളില്‍ അക്രമം അഴിച്ചുവിട്ട മുസ്ലിങ്ങളുടെ അക്രമത്തിന് ചുക്കാന്‍ പിടിച്ചത് റാസ അക്കാദമിയാണ്. 2012ല്‍ മുംബൈയില്‍ നടന്ന ആസാദ് മൈതാന്‍ കലാപത്തില്‍ 40,000 മുസ്ലിങ്ങളാണ് മുംബൈ തെരുവില്‍ അക്രമം അഴിച്ചുവിട്ടത്. അവിടെ അമര്‍ ജ്യോതി സ്മാരകം വരെ കലാപകാരികള്‍ അന്ന് തകര്‍ത്തു.
ഹുബ്ലി കലാപത്തിലെ മുഖ്യപ്രതിയായ മൗലവി വാസിം പത്താന്‍ മൊബാലിക് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. അഞ്ച് ദിവസം ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് ഹുബ്ലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി. ഇദ്ദേഹം അസദുദ്ദീന്‍ ഒവൈസിയുടെ എ ഐഎം ഐഎം പാര്‍ട്ടിയിലെ അംഗമാണ്. പള്ളിയില്‍ കാവിക്കൊടി പറക്കുന്നതായുള്ള വ്യാജ സമൂഹമാധ്യമ പോസ്റ്റ് കാണിച്ചാണ് വാസിം പത്താന്‍ പ്രദേശത്തെ 200 ഓളം മുസ്ലിം യുവാക്കളെ കലാപത്തിനായി പഴയ ഹുബ്ലി പൊലീസ് സ്റ്റേഷനിലേക്കെത്തിച്ചത്.
വാസിം പത്താന്‍ മൊബാലിക് ഹുബ്ലി പൊലീസ് സ്റ്റേഷന്‍ മുറ്റത്ത് കിടന്നിരുന്ന പൊലീസ് കമ്മീഷണറുടെ വാഹനത്തിന് മുകളില്‍ കയറിയിരുന്ന് അണികളോട് പ്രകോപനപരമായ പ്രസംഗം നടത്തിയതാണ് ഏറെ അമ്പരപ്പുളവാക്കിയത്. ഇതിന് ദൃക്സാക്ഷികളുമുണ്ട്. കോണ്‍ഗ്രസ് നേതാവ് അല്‍ത്താഫുമായി അടുത്തിരുന്നാണ് മൗലാന വാസിം പത്താന്‍ വെറിപ്രസംഗം നടത്തിയതെന്ന് പറയുന്നു. ഇതിന്റെ ഫോട്ടോകളും പ്രചരിക്കുന്നുണ്ട്. ഇത് കര്‍ണ്ണാടകയില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കുന്നതിലുള്ള കോണ്‍ഗ്രസിന്റെ പങ്കാണ് പുറത്ത് കൊണ്ട് വരുന്നത്. തുടര്‍ന്ന് നിയന്ത്രണം വിട്ട ആള്‍ക്കൂട്ടം നിരവധി പൊലീസ് വാഹനങ്ങള്‍ നശിപ്പിച്ചു. 12 പൊലീസുകാര്‍ക്ക് പരിക്കേറ്റു. പൊലീസ് സ്റ്റേഷന് അടുത്തുള്ള ഒരു ക്ഷേത്രവും ആശുപത്രിയും ഈ അക്രമാസക്തരായ ജനക്കൂട്ടം ആക്രമിച്ചു. കലാപത്തിന് ശേഷം ഇദ്ദേഹം ഒളിവില്‍ പോയി. പിന്നീടാണ് മുംബൈയില്‍ നിന്നും മൗലാനയെ അറസ്റ്റ് ചെയ്തത്. രാജ്യത്ത് മൗലാനമാര്‍ സംസ്ഥാനന്തര ഗൂഢാലോചനകളുടെ ഭാഗമായി ആസൂത്രിതമായി പ്രവര്‍ത്തിക്കുന്നുവെന്നും എന്‍ ഐഎയ്‌ക്കും മറ്റ് കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സികള്‍ക്കും സംശയമുണ്ട്.
ഓള്‍ഡ് ഹുബ്ലി പൊലീസ് സ്റ്റേഷന് പുറത്ത് ഇത്രയ്‌ക്കധികം കല്‍ക്കൂമ്പാരം എത്തിയതെങ്ങിനെ എന്ന ചോദ്യത്തിന് മൗലാന വാസിം പത്താല്‍ മുബാലിക് ഉത്തരം പറഞ്ഞില്ല. പൊലീസുകാരെ അടിച്ചുകൊല്ലാന്‍ അക്രമികള്‍ക്ക് പദ്ധതിയുണ്ടായിരുന്നു. കോപാകുലരായ അക്രമികളില്‍ നിന്നും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടതെന്ന് കോണ്‍സ്റ്റബിള്‍മാരായ അനില്‍ കണ്ടേക്കറും മഞ്ജുനാഥും പറയുന്നു. ഒരു ഘട്ടത്തില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപ്പെടാന്‍ പൊലീസിന് ഓടി രക്ഷപ്പെടേണ്ടി വന്നതായും എസ് ഐ ജഗ്ദീഷ് പറയുന്നു. ഓള്‍ഡ് ഹുബ്ലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആള്‍ക്കുട്ടത്തില്‍ നിന്നും രക്ഷിക്കാന്‍ എത്തിയതായിരുന്നു ജഗദീഷും സംഘവും.
ഈ കലാപത്തിന് പിന്നില്‍ വ്യക്തമായി ചില സംഘടനകളുടെ ആസൂത്രണമുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പൊലീസ് പറയുന്നു. ഇതുവരെ 134 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് നടന്ന ചില സംഘര്‍ഷങ്ങളും ഇതിന് മുന്നോടിയായി നടന്നിരുന്നു. അതുപോലെ ഒരു മുസ്ലിം വൃദ്ധന്റെ തണ്ണിമത്തന്‍ നശിപ്പിക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നില്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസിന്റെ ആസൂത്രിത നീക്കമാണെന്ന് ബിജെപി ആരോപിക്കുന്നു. പക്ഷെ ഈ വീഡിയോ വൈറലായത് സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചിരുന്നു.
1980കളിലും ’90 കളിലും വര്‍ഗ്ഗീയ സംഘര്‍ഷം നടന്ന പ്രദേശമാണ് ഹുബ്ലി. ഹുബ്ലിയിലെ ഇദ്ഗാ മൈതാനം പണ്ട് മുസ്ലിങ്ങള്‍ സ്ഥിരം പ്രാര്‍ത്ഥന നടത്തിയ സ്ഥലമായിരുന്നു. എന്നാല്‍ പിന്നീട് അഞ്ജുമാന്‍-ഇ-ഇസ്ലാം എന്ന സംഘടന ഈ മൈതാനത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ചതോടെ വലിയ സംഘര്‍ഷമുണ്ടായി. വര്‍ഷങ്ങളോളം കേസ് നടന്നു. 1994ല്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഈദ്ഗാഹ് മൈതാനത്ത് ത്രിവര്‍ണ്ണപ്പതാക ഉയര്‍ത്തിയത് വലിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. ഒരു കര്‍ഫ്യൂവിനിടയിലായിരുന്നു ബിജെപി ഇത് സാധിച്ചെടുത്തത്. ആറ് പേര്‍ അന്നത്തെ കലാപത്തില്‍ കൊല്ലപ്പെട്ടു. അതോടെ ബിജെപിയുടെ സ്വാധീനം ഈ മേഖലയില്‍ വര്‍ധിച്ചു. ഇപ്പോള്‍ അതിനെതിരെ ചില മൗലികവാദ സംഘടനകളുടെ നേതൃത്വത്തില്‍ കലാപത്തിന് നീക്കം നടക്കുകയാണ്. എന്തായാലും പൊലീസ് ഇവിടെ അതീവ ജാഗ്രത പുലര്‍ത്തുന്നതിനാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നില്ലെങ്കിലും അസ്വസ്ഥത നിറഞ്ഞ ശാന്തതയാണ് ഇവിടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: