കറാച്ചി: കറാച്ചി സര്‍വകലാശാലയ്‌ക്കു സമീപം കാര്‍ പൊട്ടിത്തെറിച്ച് മൂന്ന് ചൈനീസ് പൗരന്മാരും ഡ്രൈവറുമുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യൂണിവേഴ്‌സിറ്റിയിലെ കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റിയൂട്ടിന് സമീപമുള്ള വാനിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്ന് സര്‍വകലാശാല വക്താവ് മുഹമ്മദ് ഫാറൂഖിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. ചാവേറാകാനാണ് സാധ്യതയെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചതായി കറാച്ചി പോലീസ് മേധാവി ഗുലാം നബി മേമന്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ ബുര്‍ഖ ധരിച്ച ചാവേര്‍ വാനിലേക്ക് നടക്കുന്നതും ഉടന്‍ സ്‌ഫോടനം നടന്നതും വ്യക്തമാണ്.
മരിച്ച മൂന്ന് ചൈനക്കാരില്‍ ചൈനീസ് ഭാഷാ ബിരുദ ക്ലാസുകള്‍ പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറും രണ്ട് അധ്യാപകരുമാണ്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തീവ്രവാദ ഗ്രൂപ്പായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: