ന്യൂദല്‍ഹി : ശ്രീനാരായണ ഗുരു രാജ്യത്തിന്റെ ആദ്ധ്യാത്മിക ചൈതന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തില്‍ അദ്ദേഹം വിലമതിക്കാനാവാത്ത സംഭാവനകളാണ് നല്‍കിയത്. ദല്‍ഹിയിലെ വസതിയില്‍ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതി ആഘോഷവും ബ്രഹ്‌മവിദ്യാലയത്തിന്റെ കനകജൂബിലിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
എല്ലാ പ്രീയപ്പെട്ട മലയാളികള്‍ക്കും എന്റ വിനീതമായ നമസ്‌കാരം എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് തുടക്കമിട്ടത്. ശ്രീനാരണ ഗുരുവിന്റെ ജനനത്താല്‍ ധന്യമാകപ്പെട്ട പുണ്യഭൂമിയാണ് കേരളമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്നെ ശിവഗിരിയിലേക്ക് ക്ഷണിച്ചിരുന്നു. ശ്രീനാരയണ ഗുരുവിന്റെ സന്ദേശങ്ങള്‍ ആത്മനിര്‍ഭര്‍ ഭാരതത്തിന് പ്രേരകമാകുന്നതാണ്.
കേരളത്തിന്റെ പുരോഗതിയില്‍ ശിവഗിരി പലപ്പോഴും നേതൃത്വം നല്‍കിയിട്ടുണ്ട്. ശ്രീനാരായണ ഗുരു ഇന്ത്യന്‍ സംസ്‌കാരത്തേയും മൂല്യങ്ങളേയും ഗുരു സമ്പന്നമാക്കി. മറ്റുള്ളവരുടെ വികാരം മനസിലാക്കി സ്വന്തം ആശയങ്ങള്‍ അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചു. ഉച്ചനീചത്വത്തിനെതിരെ പോരാടുകയും അധുനികതയെ കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കിയെടുക്കാനും അദ്ദേഹം ശ്രമിച്ചു. ശിവഗിരി ഏകഭാരത, ശ്രേഷ്ഠ ഭാരതത്തിന്റെ പ്രതിഷ്ഠാ സ്ഥാനമാണ്. വര്‍ക്കല ദക്ഷിണ കാശിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗുരുക്കന്മാരും സന്ന്യാസിമാരും മതാചാരങ്ങളേയും പരിഷ്‌കരിച്ചു. ശ്രീനാരായണ ഗുരുവിന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദര്‍ശനം ദേശ സ്‌നേഹത്തിന് ആധ്യാത്മികമായ ഉയരം നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തില്‍ ശിവഗിരിയിലെ സന്ന്യാസിമാര്‍ കുടുങ്ങുകയും അവരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനായി ശിവഗിരി മഠം അധികൃതര്‍ താനുമായി ബന്ധപ്പെട്ടിരുന്നന്നെന്നും അദ്ദേഹം ഓര്‍ത്തു.
നവതി ആഘോഷങ്ങളുടെ ലോഗോയും ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍ എന്നിവരും ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സെക്രട്ടറി ഋതംഭരാനന്ദ തുടങ്ങിയവരും ചടങ്ങില്‍ പങ്ക് കൊണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: