തിരുവനന്തപുരം : സിപിഎം സിപിഐ ബന്ധം ഇപ്പോള്‍ വീണ്ടും ഉലയുന്നോ? സിപിഐ ഭരിക്കുന്ന റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ദുരന്ത നിവാരണ അതോറിട്ടി ഏറ്റെടുക്കാനൊരുങ്ങി മുഖ്യമന്ത്രി. ഈ വകുപ്പ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ചര്‍ച്ചകള്‍ നടന്നെങ്കിലും ഇടത് പക്ഷത്തിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലിന്നിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ ഏറ്റടുക്കാനുള്ള നടപടികള്‍ ആരംഭിക്കുകയായിരുന്നു.
റവന്യൂ വകുപ്പിന്റെ കീഴിലുള്ള ദുരന്ത നിവാരണ അതോറിട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ ഏകോപനം വേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഏറ്റെടുക്കാനാന് ഇപ്പോള്‍ ഒരുങ്ങുന്നത്. എന്നാല്‍ പ്രധാന വകുപ്പുകളില്‍ ഒന്നായ റവന്യൂ വകുപ്പ് നഷ്ടമാകുന്നതില്‍ വകുപ്പ് ഭരിക്കുന്ന സിപിഐ എതിര്‍പ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ ചികിത്സയ്ക്ക് പോയിരിക്കുന്ന പിണറായി തിരിച്ചെത്തിയ ശേഷം ചര്‍ച്ച ചെയ്ത് വിഷയത്തില്‍ വകുപ്പിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാമെന്നതാണ് സിപിഐയുടെ നിലപാട്.
മിക്ക സംസ്ഥാനങ്ങളിലും റവന്യൂ വകുപ്പിന്റെ ഭാഗമായാണ് ദുരന്ത നിവാരണ അതോറിട്ടി പ്രവര്‍ത്തിക്കുന്നത്. ദുരന്ത നിവാരണ വകുപ്പിലെ നിയമനത്തിന് 1എ, 2ബി എന്നീ രണ്ട് ഭാഗങ്ങളാണുള്ളത്. ദുരന്ത ലഘൂകരണത്തിനുള്ള ആസൂത്രണം, തയ്യാറെടുപ്പ്, നിര്‍വ്വഹണം, ദുരന്ത നിവാരണ അതോറിറ്റി തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങള്‍ 1എ വിഭാഗത്തിലാണ് വരുന്നത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉള്‍പ്പെടെയുള്ള ചികിത്സാ സഹായ വിതരണം തുടങ്ങിയ കാര്യങ്ങളാണ് 2ബി വിഭാഗത്തില്‍ വരുന്നത്. ഇതില്‍ 1എ ഏറ്റെടുക്കുമെന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്.
മഹാമാരിയുടെ കാലമായതിനാല്‍ ആരോഗ്യവകുപ്പ് അടക്കമുള്ള പ്രധാന വകുപ്പുകളുടെ ഏകേപനം ദുരന്ത നിവാരണ അതോറിട്ടിക്ക് അനിവാര്യമാണ്. വിവിധ വകുപ്പുകളെ ഏകോപിക്കുന്ന ചുമതല ഏതെങ്കിലും ഒരു വകുപ്പിന് ചെയ്യാനാകില്ലെന്നും ഇത് മുഖ്യമന്ത്രിക്ക് മാത്രമേ സാധിക്കുവെന്നും ചൂണ്ടിക്കാട്ടിയാണ് മാറ്റം വേണമെന്ന ആവശ്യം ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: