ന്യൂദല്‍ഹി: ഏറെ പ്രതീക്ഷയോടെ ഇന്ത്യ കാത്തിരുന്ന എല്‍ ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന്)യുടെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) മെയ് നാലിന് ആരംഭിയ്ക്കും.
ഓഹരി വിപണിയിലേക്ക് എല്‍ ഐസി എത്തുന്നതിന്റെ ആദ്യചുവടുവെയ്പാണിത്. മെയ് ഒമ്പത് വരെയാണ് ഓഹരികള്‍ വില്‍ക്കുക. എല്‍ ഐസിയുടെ ആകെ ഓഹരിയുടെ 3.5 ശതമാനം മാത്രമാണ് ഐപിഒയിലൂടെ വില്‍ക്കുക.
ഐപിഒയ്ക്ക് വേണ്ടി പുതുക്കിയ പത്രിക സമര്പ്പിക്കാനൂുള്ള പച്ചക്കൊടി സെബി (സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കാട്ടി. ഏപ്രില്‍ 27ഓടെ ഇത് സമര്‍പ്പിക്കും.
3.5 ശതമാനം ഓഹരി എന്നാല്‍ ഏകദേശം 22 കോടി ഓഹരികളാണ് വിറ്റഴിക്കുക. ഇതുവഴി 21000 കോടി രൂപ സമാഹരിക്കുകയാണ് കേന്ദ്ര ലക്ഷ്യം. ഇപ്പോള്‍ എല്‍ ഐസിയുടെ മൂല്യം 6 ലക്ഷം കോടിയാണ്. ഐപിഒയുടെ വില നിരക്ക് നിശ്ചയിക്കാന്‍ എല്‍ ഐസി ബോര്‍ഡ് ഈയാഴ്ച ചേരും.
രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്പനയായിരിക്കും എല്‍ ഐസിയുടേത്. എല്‍ ഐസി പ്രാഥമിക ഓഹരി വില്ക്കുമ്പോള് അതിന്റെ 10 ശതമാനം പോളിസി ഉടമകള്‍ക്ക് നീക്കിവെയ്ക്കും. ഇത് വാങ്ങാനുള്ള അര്‍ഹത നേടാന്‍ എല്‍ ഐസി പോളിസി പാനുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ പോളിസികള്‍ പാനുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞ മാസം വന്‍ തിരക്കനുഭവപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ 12 ലക്ഷം പേരാണ് പോളിസികള്‍ പാനുമായി ബന്ധിപ്പിച്ചത്. ഡീമാറ്റ് അക്കൗണ്ടുള്ള 92 ലക്ഷം പേര് അവരുടെ പോളിസികള്‍ പാനുമായി ബന്ധിപ്പിച്ചു.
വൈകാതെ എല്‍ ഐസിയില്‍ വിദേശ നിക്ഷേപം എത്താനും സാധ്യതയുണ്ട്. വിദേശ നിക്ഷേപകര്‍ക്കും എല്‍ ഐസി ഓഹരി വാങ്ങാനാകും. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും എല്‍ ഐസി ലിസ്റ്റ് ചെയ്യും.
ലോകത്തില്‍ ഇന്‍ഷ്വറന്‍സ് രംഗത്ത് ബ്രാന്‍ഡ് കരുത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ് ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്റെ (എല്‍ ഐസി) സ്ഥാനം. ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രാന്‍ഡ് ഫിനാന്‍സാണ് ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ഈ പട്ടിക തയ്യറാക്കിയത്. അതേ സമയം ബ്രാന്‍ഡ് മൂല്യം കണക്കാക്കുമ്പോള്‍ എല്‍ ഐസിയുടെ സ്ഥാനം പത്താമതാണ്. 860 കോടി ഡോളറാണ് എല്‍ ഐസിയുടെ ബ്രാന്‍ഡ് മൂല്യമായി കണക്കാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: