ബെംഗളൂരു: പ്രതിദിന കൊവിഡ് കേസുകളില്‍ പെട്ടെന്നുണ്ടായ വര്‍ദ്ധന കണക്കിലെടുത്ത് തിരക്കേറിയ സ്ഥലങ്ങളിലും മറ്റ് ഇന്‍ഡോര്‍ പരിപാടികളിലും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് പ്രതിരോധത്തിനായി നേരത്തേ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രോട്ടോക്കോളുകള്‍ എല്ലാവരും പാലിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ഇതിന് പുറമേ സാമൂഹിക അകലം പാലിക്കലും സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് നാലാം തരംഗത്തിന്റെ വ്യാപനഭീതി കണക്കിലെടുത്ത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൊവിഡ് നാലാം തരംഗത്തിന്റെ ഭീതി കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ പാലിക്കേണ്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ബൊമ്മൈയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. കെ.സുധാകര്‍ പറഞ്ഞു.
കൊവിഡിനെതിരെ പ്രതിരോധശേഷി നേടുന്നതിന് മുന്‍കരുതല്‍ അല്ലെങ്കില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാനും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഡോ. കെ. സുധാകര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. നിലവില്‍ മാസ്ക് ധരിക്കാത്തവരില്‍ നിന്നും പിഴ ഈടാക്കില്ലെങ്കിലും, ജനങ്ങളോട് ജാഗ്രത പാലിക്കാനും സ്വന്തം താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി മുന്‍കരുതല്‍ എടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. റവന്യൂ മന്ത്രി ആര്. അശോക്, കോവിഡ് സാങ്കേതിക ഉപദേശക സമിതി അംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ദല്‍ഹിക്ക് ശേഷം മാസ്ക നിര്‍ബന്ധമാക്കിയ രണ്ടാമത്തെ സംസ്ഥാനമാണ് കര്‍ണാടകം. 60 വയസ്സിന് മുകളിലുള്ളവരും യോഗ്യതയുള്ളവരും ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കണമെന്നും യോഗത്തില്‍ തീരുമാനമായി. കൂടാതെ 12 വയസ്സിന് മുകളിലുള്ളവരും മുന്‍കരുതല്‍ ഡോസുകള്‍ എടുക്കണം. ഇതിനായി ആരോഗ്യ വകുപ്പ് പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ പൊതുസ്ഥലങ്ങളിലും പരിപാടികള്‍ നടക്കുന്ന വീടിനകത്തും മാസ്ക് നിര്‍ബന്ധമാക്കുമെന്നും ഇതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമോയെന്ന കാര്യം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
നിലവില്‍ ബിബിഎംപി പരിധിയില്‍ പ്രതിദിനം 1.9 ശതമാനം കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ദക്ഷിണ കൊറിയ, തായ്ലന്ഡ്, ജപ്പാന് എന്നിവിടങ്ങളില്‍ ദിവസേന കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സ്ഥിതിഗതികള്‍ കണക്കിലെടുത്ത്, ആ രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്നവരുടെ കാര്യത്തില്‍ വിമാനത്താവളങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ട്. മടങ്ങിയെത്തിയവര്ക്കൊപ്പം, അവരുടെ കോണ്ടാക്റ്റുകളും സഹയാത്രികരും ട്രാക്ക് ചെയ്യപ്പെടും. ഉയര്‍ന്ന കൊവിഡ് കേസുകള്‍ ഉള്ള രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്ത് എത്തുന്ന എല്ലാവരെയും ടെലി മോണിറ്റര്‍ ചെയ്യും. എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. അതിര്‍ത്തി സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം, ആവശ്യമെങ്കില്‍, അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന ആളുകളെ സര്‍ക്കാര്‍ സൂക്ഷ്മമായി പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: